സമാർട്ട് ഫോണുകളുടെ കാലത്താണ് നമ്മൾ ജീവിക്കുന്നത്. പുതുപുത്തൻ ഫീച്ചറുകളുമായി ദിവസവും നിരവധി ഫോണുകളാണ് വിപണിയിൽ എത്തുന്നത്. വർഷത്തിൽ രണ്ട് ഫോണുകൾവരെ വാങ്ങുന്നവരാണ് ചിലർ. കാരണം ഇത്രേയുള്ളു പുത്തൻ ഫീച്ചറുകൾ. ഒരു ഫോൺ ഉപയോഗിച്ച് തുടങ്ങുമ്പോൾ മാർക്കറ്റിലെത്തുന്ന പുതിയ ഫോണിന്റെ ഫീച്ചറുകൾ ആകർഷിക്കാൻ തുടങ്ങും. അതുകൊണ്ട് ഒരു പുതിയ ഫോൺ വാങ്ങാൻ പോകുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്? അതിലൂടെ എന്തൊക്കെ ഗുണങ്ങളാണ് ഉണ്ടാകുന്നതെന്നും നമുക്ക് നോക്കാം.
പ്രധാനമായും പുതിയ ഫോൺ വാങ്ങാൻ ചിന്തിക്കുമ്പോൾ നോക്കേണ്ടത് നമ്മുടെ ആവശ്യങ്ങൾ എന്തൊക്കെയാണെന്നാണ്. അതായത് നിങ്ങൾക്ക് എന്താണ് ആവശ്യം എന്ന് നോക്കുക. ഉപയോഗം എന്താണ്, എന്തൊക്കെ കാര്യങ്ങളാണ് ഫോണിലൂടെ നിങ്ങൾ ചെയ്യാനുദ്ദേശിക്കുന്നത് എന്നെല്ലാം നോക്കുക. 5000രൂപ മുതൽ 70000രൂപ വരെയുള്ള ഫോണുകൾ വിപണിയിലുണ്ട്. അപ്പോൾ നമ്മുടെ ആവശ്യത്തിനും കയ്യിലുള്ള പണത്തിനും അനുസരിച്ചുള്ളതാവണം തിരഞ്ഞെടുക്കേണ്ടത്. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ കുറഞ്ഞത് രണ്ട് വർഷത്തേക്കെങ്കിലും മറ്രൊരു ഫോണിനെ കുറിച്ച ചിന്തിക്കേണ്ടി വരില്ല എന്ന് തന്നെ പറയാം.
പുത്തൻ ഫോൺ വാങ്ങാൻ പോകുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ ഇവയാണ്...
സ്ക്രീൻ സൈസ്
ഫോൺ ചെയ്യാൻ മാത്രമായിരുന്നു മുൻപ് മൊബൈൽ ഫോൺ ഉപയോഗമെങ്കിൽ ഇന്നു പല ജോലികളും മൊബൈൽ ഫോണുകളിലാണു നടക്കുന്നത്. ഓഫീസ് കാര്യങ്ങളും, സിനിമ കാണുന്നതും, ഗെയിം കളിക്കാനുമുള്ള വഴികൂടിയാണ് ഇപ്പോൾ സ്മാർട്ട് ഫോൺ. ഇത്തരത്തിൽ നിങ്ങളുടെ ആവശ്യമനുസരിച്ചാകണം ഫോണിന്റെ സൈസ് നിശ്ചയിക്കേണ്ടത്. സിനിമകൾ കാണാനും, ഗെയിമുകൾ കാണാനും വലിയ സ്ക്രീൻ സൈസുള്ള ഫോണുകൾ തിരഞ്ഞെടുക്കുന്നതാവും ഉത്തമം. നിലവിൽ എൽ.ഇ.ഡി ഡിസ്‌പ്ലേയുള്ള ഫോണുകൾ വിപണിയിൽ ലഭ്യമാണ് ഇത് കണ്ണുകൾക്കും അധികം പ്രശ്നം ഉണ്ടാക്കുന്നില്ല. കനം കുറഞ്ഞതും അധികം ചാർജ് ആവശ്യമില്ലാത്തതുമായ സ്ക്രീൻ മൊബൈൽ ഫോണുകളും ലഭിക്കും.
റാം
ഫോണിന്റെ പ്രധാനപ്പെട്ട ഘടകമാണ് പ്രോസസർ. പ്രവർത്തനങ്ങളുടെ വേഗം കൂട്ടാൻ മികച്ച പ്രോസസറുകൾ സഹായിക്കും.1 ജിബി മുതലുള്ള പ്രൊസസർ ഉള്ള ഫോണുകളാണ് സാധാരണയായി വിപണിയിലെത്തുന്നത്. എന്നാൽ ഇപ്പോൾ 3 ജിബി റാം,8ജിബി റാം എന്നിവ ഉറപ്പാക്കുന്ന ഫോണുകളുമുണ്ട്. ഫോണിൽ കൂടുതൽ ഉപയോഗങ്ങൾ ആവശ്യമായി വരികയാണെങ്കിൽ അത്തരത്തിലുള്ളവ തിരഞ്ഞെടുത്താൽ മതിയാകും.റാം മെമ്മറിയുടെ വ്യത്യാസത്തിനനുസരിച്ച് വിലയും കൂടും.
ക്യാമറ
സ്മാർട്ഫോണുകളെ ഏറ്റവും പ്രിയപ്പെട്ടതാക്കുന്ന ഘടകങ്ങളിൽ ഒന്നാണ് ക്യാമറ. സെൽഫികൾ തരംഗമായതോടെ മികച്ച ക്യാമറയുള്ള ഫോണുകളായി താരങ്ങൾ. സെൽഫി പ്രേമികൾക്കായി പോലും പ്രത്യേക ക്യാമറ സെറ്റപ്പ് ഫോണുകൾ ഇറങ്ങുന്നുണ്ട്. ക്യാമറയുടെ പിക്സൽ വലിപ്പം ശ്രദ്ധിക്കണം എന്നത് പ്രധാന ഘടകമാണ്. കൂടിയ പിക്സൽ ഉള്ള ഫോണുകൾ സ്വന്തമാക്കുമ്പോൾ അപ്പർച്ചറും ശ്രദ്ധിക്കണം.കുറഞ്ഞ അപ്പർച്ചറുള്ള ഫോണാണു നല്ലത്. ഫോട്ടോഗ്രഫി ചെയ്യുന്നവർക്കായി പ്രൊഫഷനൽ മോഡുകളും ഇപ്പോൾ ഒട്ടുമിക്ക കമ്പനികളും ഫോണുകളിൽ ഉൾപ്പെടുത്തുന്നുണ്ട്.
മെമ്മറി
ഫോട്ടോകളും വീഡിയോകളും എല്ലാം ഫോണിൽ സൂക്ഷിക്കണമെങ്കിൽ മെമ്മറി ശ്രദ്ധിക്കേണ്ട കാര്യമാണല്ലോ. ചിത്രങ്ങൾ ഒരുപരിധിവരെ ഫോണുകളിൽ സൂക്ഷിക്കാമെങ്കിലും പിന്നീട് മെമ്മറി ഒരു പ്രശ്നമായി മാറും. പല ഫോണുകളിലും മെമ്മറി വളരെ കുറവായിരിക്കും. മെമ്മറി കാർഡുകൾ ഇടാൻ സാധിക്കുന്ന ഫോണുകളാണ് മിക്ക കമ്പനികളും അവതരിപ്പിക്കുന്നത്. ഇന്റേണൽ മെമ്മറി ഉള്ള ഫോണുകൾ നോക്കി വാങ്ങുന്നത് ഉത്തമം. കുറഞ്ഞത് 32ജിബി സ്റ്രോറേജ് ഉള്ള ഫോണുകൾ എങ്കിലും വാങ്ങാൻ ശ്രമിക്കണം. ക്ലൗഡ് ഉപയോഗിക്കുന്നവരല്ലെങ്കിൽ ഇത്തരം ഫോണുകൾ വാങ്ങുന്നതാകും ഉചിതം.
ഓപ്പറേറ്റിംഗ് സിസ്റ്റം
ആപ്പിളിന്റെ ഐ.ഒ.എസ്, മൈക്രോസോഫ്റ്റിന്റെ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള ഫോണുകളും ഉണ്ടെങ്കിലും ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലുള്ള ഫോണുകളാണ് ഇപ്പോൾ വിപണിയിൽ വാഴുന്നത്. പുതിയ ഫോൺ വാങ്ങുന്നവർ ഏത് ഫോൺ വാങ്ങിയാലും ശരി പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് മാറാൻ അപ്ഡേറ്റ് ലഭിക്കുന്നതാണോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ചിലപ്പോൾ നിങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന പല ആപ്പുകളും ഫോണിൽ ഉപയോഗിക്കാൻ സാധിച്ചില്ലെന്ന് വരാം.
ബാറ്ററി
സ്മാർട്ട് ഫോണുകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഫോണിന്റെ ബാറ്ററി ചാർജ്ജ്. ഇന്റർനെറ്റ് ഉപയോഗം, ഫേസ്ബുക്ക്, വാട്സാപ്പ്, തുടങ്ങി സോഷ്യൽ മീഡിയകളുടെ ഉപയോഗവും ഫോണിന്റെ ചാർജ്ജ് തീരാൻ കാരണമാകുന്നതാണ്. അതുകൊണ്ട് ഫോൺ വാങ്ങുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ടതും ഇത് തന്നെയാണ്. 2500mAh ൽ തുടങ്ങി 5000mAh വരെ ചാർജ്ജ് സംഭരിക്കാവുന്ന ബാറ്ററികളുള്ള ഫോണുകൾ വിപണിയിൽ ഇറങ്ങുന്നുണ്ട്. അതിവേഗ ചാർജിംഗ് സംവിധാനം ഉള്ള ഫോണുകൾക്കാണ് വിപണിയിൽ പ്രിയം. കഴിവതും ഉയർന്ന സംഭരണ ശേഷിയുള്ള ബാറ്ററികൾ ഉള്ള ഫോണുകൾ വാങ്ങുക.
ബഡ്‌ജറ്റ്
എത്ര ഫീച്ചറുകൾ ശ്രദ്ധിച്ചാലും കൈയ്യിലുള്ള പണത്തിനനുസരിച്ച് ഫോൺ വാങ്ങുക എന്നതു വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചു നിങ്ങളുടെ പോക്കറ്റിലൊതുങ്ങുന്ന പല മോഡലുകളും ഇന്നു വിപണിയിലുണ്ട്. കുറഞ്ഞ വിലയിൽ തന്നെ കൂടിയ ഫീച്ചറുകളുമായി വിപണി വാഴുന്ന ഫോണുകളാണ് ഇന്നുള്ളത്. അതുകൊണ്ടു തന്നെ ഫോണിന്റെ വിലയനുസരിച്ചു ബഡ്‌ജറ്റ് ഉയർത്തേണ്ട ആവശ്യവുമില്ല.
കഴിയുമെങ്കിൽ ബ്രാൻഡഡ് കമ്പനികളുടെ ഫോണുകൾ തന്നെ വാങ്ങാൻ ശ്രമിക്കുക. ഓരോ ഫോണിനെയും തിരിച്ചറിയാൻ കഴിയുന്ന കൃത്യമായ ഐ.എം.ഇ.ഐ നമ്പർ ഉണ്ടോയെന്നു പരിശോധിക്കുകയും വേണം. ഈ നമ്പർ തന്നെയാണോ ഫോണിന്റെ ബോക്‌സിലും ബില്ലിലും രേഖപ്പെടുത്തിയതെന്നും ശ്രദ്ധിക്കണം. ഇയർഫോൺ, ബാറ്ററി, ചാർജർ തുടങ്ങിയ ഫോണിന്റെ ആക്‌സസറികളും പരിശോധിക്കാൻ മറക്കരുത്. ഫോണിന്റെ ബാറ്ററിയുടെയും ചാർജറിന്റെയും വോൾട്ടേജ് മൂല്യം ഒന്നുതന്നെയെന്ന് ഉറപ്പാക്കുക. അമിതമായി ചാർജ് കയറുന്നതു ചിലപ്പോൾ പൊട്ടിത്തെറിക്കുന്നതിന് കാരണമായേക്കും.
വില കുറഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ ഫോണുകൾ കഴിവതും ഒഴിവാക്കുക. അവയിൽ ഉപയോഗിക്കുന്ന ഹാർഡ്‌വെയറിനും മറ്റു വസ്‌തുക്കൾക്കും ഗുണനിലവാരം തീരെ കുറവായിരിക്കും.മൊബൈൽ ഫോൺ ചാർജ് ചെയ്യുമ്പോൾ ഉപയോഗിക്കുന്നതാണ് പൊട്ടിത്തെറിക്കുന്നതിനു പ്രധാന കാരണം. ചാർജ് ചെയ്യുമ്പോൾ ഫോണിന്റെ മദർബോർഡിൽ സമ്മർദമുണ്ടാകുകയും ആ സമയത്ത് ഫോൺ ഉപയോഗിക്കുന്നത് ഈ സമ്മർദം വർധിപ്പിച്ച് പൊട്ടിത്തെറിക്കാൻ കാരണമാകും.