priyanka-gandhi
എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വയനാട് മാനന്തവാടി വള്ളിയൂർകാവ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഫോട്ടോ: മനു മംഗലശ്ശേരി

മാനന്തവാടി:ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്ത്. കഴിഞ്ഞ അഞ്ച് വർഷമായി രാജ്യം ഭരിക്കുന്ന ബി.ജെ.പി വിഭജിക്കൽ മാത്രമാണെന്ന് ചെയ്തതെന്ന് പ്രിയങ്ക ഗാന്ധി പറ‍ഞ്ഞു. ഇന്ത്യ എന്തിനുവേണ്ടി നിലകൊള്ളുന്നുവോ അതില്ലാതാക്കാനാണ് ബി.ജെ.പി ശ്രമിച്ചതെന്നും സാധാരണ ജനങ്ങളുടെ കാര്യത്തിൽ ഒരു താൽപര്യവുമില്ലെന്ന് ബി.ജെ.പി തെളിയിച്ചിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. വയനാട്ടിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

priyanka-gandhi
എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വയനാട് മാനന്തവാടി വള്ളിയൂർകാവ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ പരിഭാഷക ജ്യോതി വിജയകുമാറുമായി സംസാരിക്കുന്നു. ഫോട്ടോ മനു മംഗലശ്ശേരി

കർഷകർക്കും ആദിവാസികൾക്കും നൽകിയ വാഗ്ദാനം കോൺഗ്രസ് നിറവേറ്റും. കർഷകരെ മോദി സർക്കാർ വഞ്ചിച്ചു. മോദി സർക്കാർ നിലകൊള്ളുന്നത് രാജ്യത്തെ ചില വ്യക്തികൾക്കുവേണ്ടിയാണെന്നും പ്രിയങ്ക പറഞ്ഞു. ഇന്ന് രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയ അവർ മാനന്തവാടിയിലേക്ക് ഹെലികോപ്‌റ്റർ മാർഗമാണെത്തിയത്.എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി വേണുഗോപാൽ, ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ പ്രിയങ്കയെ സ്വീകരിക്കാനായി കണ്ണൂർ വിമാനത്താവളത്തിലെത്തി. മാനന്തവാടി വള്ളിയൂർകാവ് ക്ഷേത്രമൈതാനിയിലാണ് പ്രിയങ്ക പങ്കെടുത്ത പൊതുയോഗം. എസ്.പി.ജി വളരെ വലിയ സുരക്ഷ തന്നെയാണ് വയനാട്ടിൽ ഒരുക്കിയിരിക്കുന്നത്. മാവോയിസ്റ്റ് സാന്നിധ്യം കണക്കിലെടുത്ത് പഴുതടച്ച സുരക്ഷയൊരുക്കാൻ കേരള പൊലീസിന്റെ സഹായവുമുണ്ട്. പരിശോധനയ്ക്ക് ശേഷമാണ് പ്രവർത്തകരെ പൊതുയോഗത്തിലേക്ക് പ്രവേശിപ്പിച്ചത്. ശബ്ദപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് പ്രവർത്തകരെ ആവേശത്തിലാക്കാൻ പ്രിയങ്ക എത്തിയത്.

priya
എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വയനാട് മാനന്തവാടി വള്ളിയൂർകാവ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുന്നു. ഫോട്ടോ മനു മംഗലശ്ശേരി

ഇടതുപക്ഷം കർഷക പാർലമെന്റ് ഉൾപ്പെടെ സംഘടിപ്പിച്ച പുൽപള്ളിയിൽ കർഷക സംഗമത്തിൽ പ്രിയങ്ക പങ്കെടുക്കുന്നുണ്ട്. മാനന്തവാടിയിലെ പരിപാടിക്ക് ശേഷമാണ് കർഷകരെ കാണാൻ പ്രിയങ്കയെത്തുക. തുടർന്ന് പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികൻ വസന്തകുമാരിന്റെ കുടുംബത്തെ അവർ സന്ദർശിക്കും. ഉച്ചയ്ക്ക് ശേഷം 2.30ന് നിലമ്പൂരിലും 3.30ന് അരീക്കോട്ടും പൊതുയോഗങ്ങളിൽ പ്രിയങ്കഗാന്ധി പങ്കെടുക്കും.