nithya-menen-

നടൻ ഫഹദ് ഫാസിലും നസ്രിയയും വിവാഹം കഴിക്കാൻ കാരണക്കാരി താനാണെന്ന വെളിപ്പെടുത്തലുമായി നിത്യ മേനൻ രംഗത്ത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നിത്യ ഇക്കാര്യം വെളിപ്പെടുത്തിയത്. തന്നോട് എപ്പോഴും കടപ്പാടുണ്ടാവണമെന്ന് താൻ അവരോട് എപ്പോഴും പറയാറുണ്ടെന്ന് നിത്യ മേനൻ പറഞ്ഞു.

നിത്യയുടെ വാക്കുകൾ ഇങ്ങനെ

'ബാംഗ്ലൂർ ഡെയ്സിലെ നസ്രിയയുടെ നായികാ വേഷം ചെയ്യാമോയെന്ന് ആദ്യം അഞ്ജലി മേനോൻ എന്നോടാണ് ചോദിച്ചത്. പക്ഷേ എനിക്ക് മറ്റൊരു സിനിമയിൽ അഭിനയിക്കേണ്ടിയിരുന്നതിനാൽ അത് സാധിച്ചില്ല. അതിനു ശേഷമാണ് ആ ചിത്രത്തിലെ താരമ്യേന ചെറിയ വേഷം ചെയ്യാമോയെന്ന് അഞ്ജലി ചോദിക്കുന്നത്. ആകെ 4 ദിവസത്തെ ഷൂട്ട് മാത്രമേയുള്ളുവെന്നും ബാംഗ്ലൂരിലാണ് ചിത്രീകരണമെന്നും കേട്ടപ്പോൾ ഞാൻ ഒക്കെ പറഞ്ഞു.' നിത്യ പറഞ്ഞു.

'ആ സിനിമയുടെ ചിത്രീകരണ സമയത്താണ് ഫഹദും നസ്രിയയും കാണുന്നതും വിവാഹിതരാകാൻ തീരുമാനിക്കുന്നതും. ഇപ്പോഴും അവരെ കാണുമ്പോൾ നിങ്ങൾ എന്നോട് കടപ്പെട്ടിരിക്കുന്നു എന്ന് ഞാൻ പറയാറുണ്ട്. ഇതൊക്കെ ഒരു തരത്തിൽ വിധിയാണ്. നടക്കേണ്ട കാര്യങ്ങളാണ്. നമ്മുടെ കയ്യിലുള്ള കാര്യമല്ല ഇതൊന്നും. നടക്കേണ്ടവ താനെ നടന്നു കൊള്ളും.' നിത്യ കൂട്ടിച്ചേർത്തു.

ബാംഗ്ലൂർ ഡെയ്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഫഹദും നസ്രിയയും തമ്മിലുള്ള വിവാഹം ഉറപ്പിക്കുന്നത്. മലയാളി ആരാധകരെ സംബന്ധിച്ച് ഞെട്ടിക്കുന്ന വലിയൊരു വാർത്തയായിരുന്നു അത്.