vava-suresh

തിരുവനന്തപുരം: ചിറയിൻകീഴിനടുത്തുള്ള ഗ്രാമ പ്രദേശം. ഇവിടെ ഒരു വീട്ടിലെ കിണറിൽ മൂർഖൻ പാമ്പ്. രണ്ട് ദിവസം മുൻപ് ഇതിന്റെ അടുത്ത വീട്ടുമുറ്റത്തും ഒരു മൂർഖൻ പാമ്പിനെ കണ്ടിരുന്നു. 10 അടി ആഴമുള്ള ചെറിയ കിണർ, നല്ല തെളിഞ്ഞ വെള്ളം, അതിന് മുകളിൽ മൂർഖൻ പൊങ്ങിക്കിടക്കുകയാണ്. ഈ വർഷം ഏറ്റവും കൂടുതൽ പാമ്പുകളെ വാവ പിടിക്കുടിയത് കിണറുകളിൽ നിന്നാണ്. നല്ല വേനലായതിനാൽ ജലാംശം ഉള്ള സ്ഥലത്തേക്ക് വരുമ്പോൾ കിണറുകളിൽ അകപ്പെട്ടു പോകുന്നതാണ് ഇവറ്റകൾ.

4വയസ്സിനോട് അടുത്ത് പ്രായമുള്ള പെൺ മൂർഖൻ പാമ്പ്, ഈ വർഷം മുട്ടയിട്ട പാമ്പാണ്. ചെറിയ കിണറായതിനാൽ തോട്ട ഉപയോഗിച്ച് എടുക്കാനുള്ള ശ്രമം ആരംഭിച്ചു. വാവയുടെ ആദ്യശ്രമവും, രണ്ടാമത്തെ ശ്രമവും പരാജയപ്പെട്ടു. തോട്ടയില്‍ നിന്ന് വഴുതി വെള്ളത്തിലേക്ക്. കുറെ നേരം പിടികൊടുത്തില്ല.മുന്നാമത്തെ ശ്രമത്തിൽ മൂർഖൻ പാമ്പ് വാവയുടെ കൈകളിൽ ഭദ്രം. വീട്ടുകാരുടെ ഭീതിക്കു വിരാമം.

രാത്രിയോടെ തിരുവനന്തപുരം കല്ലറയ്ക്കടുത്ത് വീട്ടമ്മ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലെ കിണറ്റില്‍ ഒരു പാമ്പിനെ കണ്ടു എന്ന് പറഞ്ഞ്, പരിസരത്തെ ഒരു സഹോദരിയാണ് വാവയെ വിളിച്ചത്. കുടിക്കാന്‍ വെള്ളം കോരുന്നതിനിടയില്‍ തൊട്ടിയില്‍ പാമ്പ്,തൊട്ടി കിണറ്റിലേക്കിട്ട് പേടിച്ചിരിക്കുകയാണ് വീട്ടമ്മ. ഉടന്‍ വാവ ഒന്ന് വരണം, സ്ഥലത്ത് എത്തിയ വാവ കാണുന്നത്, ഇടിഞ്ഞ് വീഴാറായ കിണർ, വളരെ ആഴമുള്ള കിണറാണ്. ഇറങ്ങുന്നത് ഏറെ അപകടകരവും. എന്നിരുന്നാലും വീട്ടമ്മയുടെ സഹായത്തിന് ആരും ഇല്ല എന്നറിഞ്ഞതിനാൽ വാവ ഇറങ്ങാൻ തന്നെ തീരുമാനിച്ചു. നാട്ടുകാരും ടെൻഷനിലാണ്,അത്രയ്ക്ക് ആഴമുള്ള ഇടിഞ്ഞ് വീഴാറായ കിണറാണ്.