election-2019

കൊച്ചി: ചുവരുകളിലും വീഥികളിലും ജനപ്രിയരായ മൂന്ന് മുഖങ്ങൾ. ഹൈബി ഈഡൻ എം.എൽ.എ, മുൻ എം.പി പി.രാജീവ്, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ഇത്തവണ എറണാകുളത്തെ വോട്ടർമാ‌‌‌ർ അൽപം കൺഫ്യൂഷനിലാണ്. മത്സരം ഫിനിഷിംഗ് പോയിന്റിലേക്ക് അടുക്കുമ്പോൾ മുമ്പെങ്ങുമില്ലാത്ത വിധം എറണാകുളത്ത് തീപാറുന്ന പോരാട്ടമാണ്. എറണാകുളത്തിന്റെ ചരിത്രവും കണക്കുകളും യു.ഡി.എഫിന് അനുകൂലമാണെങ്കിലും ഉറച്ചകോട്ടയിൽ വിള്ളൽ വീഴ്ത്തി ചെങ്കൊടി പാറിച്ച ചരിത്രം ഇടതുമുന്നണിക്കുണ്ട്. പി.രാജീവിലൂടെ വീണ്ടുമൊരു അട്ടിമറിയാണ് സി.പി.എം ലക്ഷ്യം. ജനപ്രിയ എം.എൽ.എ ഹൈബി ഈഡനിലൂടെ കോട്ട കാക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. അൽഫോൻസ് കണ്ണന്താനത്തിന്റെ വരവിലൂടെ കേന്ദ്രമന്ത്രി മത്സരിക്കുന്ന സംസ്ഥാനത്തെ ഏക മണ്ഡലമെന്ന പ്രത്യേകതയും എറണാകുളത്തിനുണ്ട്

ആദ്യമേ കളത്തിലിറങ്ങിയ രാജീവ് ഒരു വട്ടം മണ്ഡലം മുഴുവൻ കറങ്ങിക്കഴിഞ്ഞപ്പോഴാണ് ഹൈബി ഈഡന്റെ വരവ്.രാജീവിനൊപ്പമെത്താൻ യു.ഡി.എഫ് നന്നേ പാടുപെട്ടു. എന്നാൽ സിറ്റിംഗ് എം.പി കെ.വി.തോമസിനെ മാറ്റി ഹൈബിക്ക് സീറ്റ് നൽകിയതോടെ കോൺഗ്രസ് പ്രവർത്തകരിലുണ്ടായ ഉണർവ് യു.ഡി.എഫിനെ തുണച്ചു. തോമസ് മാഷിന്റെ പിണക്കം നേതാക്കൾ മാറ്റിയപ്പോൾ സ്വന്തം തട്ടകമായ കുമ്പളങ്ങിയും ഉണർന്നു. പ്രചാരണത്തിന്റെ കടിഞ്ഞാൺ വി.ഡി.സതീശൻ എം.എൽ.എയും ഏറ്റെടുത്തോടെ കാര്യങ്ങൾ ദ്രുതഗതിയിലായി.

എൻ.ഡി.എ സ്ഥാനാർത്ഥിയായി കണ്ണന്താനവും കൂടി എത്തിയതോടെ മത്സരം മുറുകി.രാഷ്‌ട്രീയത്തിനപ്പുറം സമുദായങ്ങളുടേയും ചെറു ഗ്രൂപ്പുകളുടേയും നിലപാടുകളും മണ്ഡലത്തിൽ നിർണായകമാണ്. മെട്രോ ഉൾപ്പെടെയുള്ള വികസനത്തുടിപ്പുകൾ ഒരുവശത്ത് ഉയർന്നു നിൽക്കുമ്പോൾ തീരദേശത്തിന്റെ പരാധീനതകൾ മറുവശത്തുണ്ട്. പ്രളയത്തിൽ മണ്ഡലത്തിന്റെ ഒരു ഭാഗം മുങ്ങിയതിന് ശേഷമുള്ള പ്രശ്‌നങ്ങളും വോട്ടെടുപ്പിൽ പ്രതിഫലിക്കും. ഒരു ലക്ഷത്തിന് മുകളിൽ വോട്ട് നേടി ഹൈബി ജയിക്കുമെന്നാണ് കോൺഗ്രസ് മാനേജ്മെന്റ് വിദഗ്ദ്ധരുടെ വാദം. രാജീവ് ജയിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഭൂരിപക്ഷം പറയാൻ ഇടതുമുന്നണിക്കാർ തയ്യാറല്ല. എറണാകുളം മണ്ഡലത്തിന്റെ ചരിത്രത്തിൽ പാർട്ടി ചിഹ്‌നത്തിൽ ഒരു വട്ടമേ സി.പി.എം വിജയിച്ചിട്ടുള്ളൂ.1967 ൽ വി.വിശ്വനാഥ മേനോൻ 16,606 വോട്ടുകൾക്ക് എ.എം.തോമസിനെ തോൽപ്പിച്ചു. സി.പി.എം എന്നും ഓർക്കുന്ന വിജയം. 71 ൽ വിശ്വനാഥമേനോൻ വീണ്ടും ജനവിധി തേടിയെങ്കിലും ഹെൻട്രി ഓസ്‌റ്റിന് മുന്നിൽ പരാജയപ്പെട്ടു. മണ്ഡല ചരിത്രത്തിൽ രണ്ടു ഉപതിരഞ്ഞെടുപ്പുകൾ ഉൾപ്പെടെ 18 തിരഞ്ഞെടുപ്പുകളിൽ 13 തവണയും കോൺഗ്രസിനായിരുന്നു വിജയം. അഞ്ചു തവണ ഇടതുമുന്നണി വിജയിച്ചപ്പോൾ നാലു തവണയും ഇടതു സ്വതന്ത്രരായിരുന്നു താരങ്ങൾ. ഈ കണക്കുകളാണ് എന്നും എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ സ്വതന്ത്രമാരെ പരീക്ഷിക്കുന്നതിന് സി.പി.എമ്മിനെ സന്നദ്ധമാക്കിയത്. പാർട്ടി സ്ഥാനാർത്ഥികൾ മത്സരിച്ച ചില സമയത്ത് എതിരാളിയെ വിറപ്പിക്കാനായി. 2009 ൽ സിന്ധു ജോയിക്ക് മുമ്പിൽ കെ.വി.തോമസ് 11,790 വോട്ടുകൾക്ക് മാത്രമാണ് വിജയിച്ചത്. 2014 ൽ മുൻ രാഷ്‌ട്രപതി പ്രതിഭാ പാട്ടീലിന്റെ സെക്രട്ടറി ക്രിസ്‌റ്റി ഫെർണാണ്ടസ് ഇടതു സ്വതന്ത്രനായി കടന്നു വന്നപ്പോൾ കെ.വി.തോമസിന്റെ ഭൂരിപക്ഷം 87,047 ലേക്ക് ഉയർന്നു. സി.പി.എമ്മിന്റെ നാലു സ്വതന്ത്രരെ പരാജയപ്പെടുത്തിയതും മാഷായിരുന്നു. ഇത്തവണ സി.പി.എം പരീക്ഷണം മതിയാക്കി മുൻ ജില്ലാ സെക്രട്ടറിയായ രാജീവിനെ കളത്തിലിറക്കി. 2014 ൽ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്‌ണൻ 99,003 വോട്ടുകൾ നേട‌ി. താൻ വിജയിക്കുമെന്ന് കണ്ണന്താനവും ഉറപ്പിച്ച് പറയുന്നു. രാഷ്ട്രീയത്തിനപ്പുറം മൂവരും വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രചാരണത്തിൽ മുന്നേറുന്നത്. അട്ടിമറിയുടെ ചിത്രം അത്രയങ്ങോട്ട് തെളിയുന്നില്ലെങ്കിലും രാജീവിന്റെ ജനപ്രീതിയെ എത്ര വോട്ടിന് ഹൈബിക്ക് മറികടക്കാനാകും എന്നതാണ് ആകാംഷ.

എറണാകുളം ഫാക്ടർ

യു.ഡി.എഫ്

അനുകൂലം: മണ്ഡലത്തിൽ യു.ഡി.എഫിന്റെ ശക്തി. എം.എൽ.എ എന്ന നിലയിൽ ഹൈബിയുടെ പ്രവർത്തന മികവും ചെറുപ്പത്തിന്റെ സ്വീകാര്യതയും. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള പ്രചാരണ തന്ത്രം.

പ്രതികൂലം: സി.പിഎമ്മിന്റെ സംഘടനാ സംവിധാനത്തിനൊപ്പമെത്താൻ കഴിയുന്നില്ല. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയതും സിറ്റിംഗ് എം.പി കെ.വി.തോമസിന്റെ പിണക്കമുണ്ടാക്കിയ ആശയക്കുഴപ്പവും.

എൽ.ഡി.എഫ്

അനുകൂലം: രാജ്യസഭാംഗം എന്ന നിലയിൽ പി.രാജീവിന് ലഭിച്ച സ്വീകാര്യത. പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ നടപ്പാക്കിയ ജൈവ പച്ചക്കറി കൃഷി ഉൾപ്പെടെയുള്ള വേറിട്ട പ്രവർത്തനം.

പ്രതികൂലം: മണ്ഡലത്തിന്റെ രാഷ്‌ട്രീയ സ്വഭാവം. സംസ്ഥാന സർക്കാരിനെതിരെയുള്ള വികാരവും ശബരിമല വിഷയത്തിലുള്ള നിലപാടും പ്രതിഫലിക്കുമോയെന്ന ആശങ്ക.

എൻ.ഡി.എ

അനുകൂലം: നരേന്ദ്രമാേദി മന്ത്രിസഭയിലെ അംഗമെന്ന നിലയിലുള്ള അനുകൂല ഘടകം.പൊതുജീവിതത്തിൽ നേടിയെടുത്ത വിശ്വാസ്യതയും സ്വീകാര്യതയും.

പ്രതികൂലം: മണ്ഡലത്തിൽ ബി.ജെ.പിക്കുള്ള സ്വാധീനക്കുറവ്. സംഘടനാ പ്രവർത്തനങ്ങളിലെ പരാജയം.സ്ഥാനാർത്ഥി നിർണയം വൈകി. വോട്ടർമാർക്ക് പരിചയമില്ലായ്മ.