അടിവയറ്റിൽ വേദന, കൂടുതൽ തവണ മൂത്രം പോവുക, രാത്രിയിൽ കൂടുതൽ തവണ മൂത്രം പോവുക, പെട്ടെന്ന് മൂത്രം പോവുക, മൂത്രമൊഴിക്കുമ്പോൾ വേദന മുതലായവയാണ് ഇന്റർ സ്റ്റീഷ്യൻ സിസ്റ്റൈറ്റിസ് എന്ന അസുഖത്തിന്റെ ലക്ഷണങ്ങൾ.
മൂത്രരോഗാണുബാധ, റേഡിയേഷൻ സിസ്റ്റൈറ്റിസ്, കീമോതെറാപ്പി സിസ്റ്റൈറ്റിസ്, മൂത്രാശയ കാൻസർ മുതലായ അസുഖങ്ങൾക്കും ഇത്തരം ലക്ഷണങ്ങൾ പ്രകടമാക്കും. സ്ത്രീകളിലാണ്സാധാരണയായി ഇന്റർ സ്റ്റീഷ്യൽ സിസ്റ്റൈറ്റിസ് കാണുന്നത്.
മൂത്രപരിശോധന, മൂത്രത്തിന്റെ കൾചർ, സൈറ്റോളജി, സിസ്റ്റോസ്കോപി മുതലായവ വഴി മൂത്രരോഗാണുബാധ, മേൽപറഞ്ഞ മറ്റ് അസുഖങ്ങൾ മുതലായവ ഇല്ല എന്ന് ഉറപ്പാക്കണം. മൂത്രം പെട്ടെന്ന് ഒഴിക്കണമെന്നുള്ള തോന്നൽ, അടിവയറ്റിൽ വേദന, സിസ്റ്റോസ്കോപി പരിശോധനയിൽ മൂത്രസഞ്ചിയിൽ രക്തം പൊടിഞ്ഞുവരിക മുതലായവ കാണുകയാണെങ്കിൽ ഇന്റർ സ്റ്റീഷ്യൽ സിസ്റ്റൈറ്റിസ് രോഗനിർണയം നടത്താം.
ഒരുലക്ഷം ആൾക്കാരിൽ 18 പേർക്ക് ഈ അസുഖം ഉള്ളതായി കാണാം. 50 ശതമാനം പേർക്ക് ചികിത്സയൊന്നും കൂടാതെ അസുഖം കുറയുന്നതായുംകാണാം.
മൂത്രസഞ്ചിയുടെ അകത്തെ ആവരണത്തിൽ ഉണ്ടാകുന്ന അപചയമാണ് ഒരു കാരണമായി പറയുന്നത്. മൂത്രത്തിലെ തന്മാത്രാ തലത്തിലുള്ള കണങ്ങൾ ഈ വിടവിൽ കൂടി മൂത്രസഞ്ചിയുടെ ഭിത്തിയിലേക്ക് കടക്കുന്നതിനാണ് അസുഖം ഉണ്ടാകുന്നത് എന്നാണ് ഒരു സിദ്ധാന്തം.
മൂത്രസഞ്ചിക്കകത്ത് മാസ്റ്റ് സെല്ലുകൾ ഇത്തരം രോഗികളിൽ കൂടുതലായി കാണുന്നു. മാസ്റ്റ് സെല്ലുകൾക്കകത്തുള്ള വസ്തുക്കൾ മൂത്രസഞ്ചിയുടെ ഭിത്തിയിലേക്ക് വിസർജിക്കപ്പെടുമ്പോൾ മൂത്രസഞ്ചിയുടെ ആവരണത്തിന് കേട് ഉണ്ടാവുകയും രോഗലക്ഷണങ്ങൾ പ്രകടമാവുകയും ചെയ്യും.വിദഗദ്ധചികിത്സയിലൂടെ രോഗം ഭേദമാക്കാം.