കാസ്റ്റിങ് കൗച്ചിന്റെ പിന്നിൽ നടക്കുന്ന ലൈംഗിക ചൂഷണത്തെ കുറിച്ച് തുറന്നു പറഞ്ഞതോടെയാണ് ശ്രീ റെഡ്ഢി തെലുങ്ക് സിനിമാ മേഖലയിലെ പ്രമുഖരുടെ കണ്ണിലെ കരടായി മാറിയത്. ഇൻഡസ്ട്രിയിലെ മുൻനിര താരങ്ങളുടെ പേര് സഹിതം വെളിപ്പെടുത്തിയായിരുന്നു ശ്രീ റെഡ്ഢി രംഗത്തെത്തിയത്. ടോളിവുഡിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് വ്യക്തമായ തെളിവുകളുണ്ടായിട്ടും ഫിലിം ചേംബർ മൗനം തുടരുന്നതിൽ പ്രതിഷേധിച്ച് താരം ചേംബറിന്റെ ഓഫീസിന് പുറത്ത് അർദ്ധ നഗ്നയായി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ ഫിലിം ചേംബർ ഓഫ് കൊമേഴ്സിന് പുറത്തായിരുന്നു താരത്തിന്റെ പ്രതിഷേധം. തുടർന്ന് പൊലീസ് എത്തി ശ്രീ റെഡ്ഢിയെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. അഭിനയ മോഹവുമായി ഇൻഡസ്ട്രിയിലെത്തുന്ന തുടക്കക്കാരായ പെൺകുട്ടികൾക്ക് സിനിമയിൽ അവസരങ്ങൾ നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ലൈംഗിക ചൂഷണത്തിന് വിധേയരാക്കുകയാണ് പതിവെന്ന് ശ്രീ റെഡ്ഢി വെളിപ്പെടുത്തിയിരുന്നു. രാഘവ ലോറൻസ്, നാനി എന്നിങ്ങനെ മേഖലയിലെ ചില പ്രമുഖരുടെ പേരുകൾ താരം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ താരത്തിന്റെ പ്രതിഷേധം ഇപ്പോൾ ഫലം കണ്ടിരിക്കുകയാണ്.
താരത്തിന്റെ പരാതിയെ തുടർന്ന് സിനിമാ മേഖലയിലെ ഇത്തരത്തിലുള്ള ലൈംഗിക ചൂഷണങ്ങളെ കുറിച്ച് അന്വേഷിക്കാൻ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ഉത്തരവിട്ടു. 25അംഗ കമ്മിറ്റിയെയാണ് അദ്ദേഹം അന്വേഷണത്തിനായി നിയോഗിച്ചത്. സ്ത്രീകളുടെ ഉന്നമനത്തിനായി ഉചിതമായ തീരുമാനമെടുത്ത മുഖ്യമന്ത്രിയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. എന്നാൽ അദ്ദേഹം ഒരു യഥാർത്ഥ ഹീറോയാണെന്നാണ് ശ്രീ റെഡ്ഢി പറഞ്ഞത്.