ആലപ്പുഴ: മനുഷ്യവകാശ ലംഘനങ്ങളുടെ പ്രേതഭൂമിയായി കേരളം മാറിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. വിശ്വാസികളെ സി.പി.എം മുന്നിൽ നിന്നും കോൺഗ്രസ് പിന്നിൽ നിന്നും കുത്തുകയാണ്. ഇതിന് തിരഞ്ഞെടുപ്പിലൂടെ ജനം മറുപടി നൽകുമെന്ന് പ്രസ് ക്ളബിന്റെ ജനസമക്ഷം പരിപാടിയിൽ ശ്രീധരൻപിള്ള പറഞ്ഞു.
ബി.ജെ.പി ചരിത്രത്തിലെ ഏറ്റവും വലിയ ജനമുന്നേറ്റമാണ് നടത്തുന്നത്. കേന്ദ്രത്തിൽ എൻ.ഡി.എ വീണ്ടും വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.മോദി പ്രധാനമന്ത്രിയാകും. ആ സർക്കാരിൽ കേരളത്തിൽ നിന്ന് എൻ.ഡി.എയുടെ പ്രതിനിധികളുണ്ടാകുമെന്നും കോൺഗ്രസിന് മൂന്നക്കം തികയ്ക്കാനാവില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു.
മൃതശരീരം വസ്ത്രം മാറ്റി പരിശോധന നടത്തുന്നത് നിയമത്തിലുള്ളതാണ്. അത് പ്രസംഗിച്ചതിനാണ് തനിക്കെതിരെ കേസെടുത്തിരിക്കുന്നത്. സർക്കാർ ഇത്രയും തരം താഴാമാേ. പറഞ്ഞത് തെറ്റാണെന്ന് തെളിഞ്ഞാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും. മറിച്ചാണെങ്കിൽ മാപ്പ് പറയാൻ കോടിയേരിയും ശിവൻകുട്ടിയും തയ്യാറാകുമോ. ശബരിമലയെ തകർക്കാൻ സി.പി.എം എന്നും ശ്രമിക്കുകയാണെന്നും കൊല്ലത്ത് പ്രേമചന്ദ്രനുവേണ്ടി ബി.ജെ.പി വോട്ട് മറിക്കുമെന്ന പ്രചാരണം അസത്യമാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.