മാനന്തവാടി: ബി.ജെ.പിയുടേത് വിഭജന രാഷ്ട്രീയമാണെന്നും ഇന്ത്യ നേടിയ പ്രശസ്തിയും നേട്ടങ്ങളുമെല്ലാം അവർ ഇല്ലാതാക്കിയെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്തെ സാധാരണക്കാരുടെ കാര്യത്തിൽ ബി.ജെ.പിക്ക് താത്പര്യമില്ലെന്നും രാഹുൽഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം വയനാട്ടിലെത്തിയ പ്രിയങ്ക മാനന്തവാടി വള്ളിയൂർക്കാവ് ക്ഷേത്ര മൈതാനത്ത് നടന്ന യോഗത്തിൽ പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണത്തിൽ ജനങ്ങൾ ഒരുപാട് ദുരന്തങ്ങൾ അനുഭവിച്ചു. മോദി സർക്കാർ നിലകൊള്ളുന്നത് രാജ്യത്തെ പതിനഞ്ചോളം വ്യവസായികൾക്കും ചില വ്യക്തികൾക്കും വേണ്ടിയാണെന്നും പ്രിയങ്ക ആരോപിച്ചു.
കർഷകരെ മോദിസർക്കാർ വഞ്ചിച്ചു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ കർഷകർക്കും ആദിവാസികൾക്കും നൽകിയ വാഗ്ദാനം നിറവേറ്റും.
വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബി. ജെ. പി സർക്കാർ ഭരണം തുടങ്ങിയതോടെ ജനങ്ങൾ അവരിൽ അർപ്പിച്ച വിശ്വാസം തകരാൻ തുടങ്ങി. തിരഞ്ഞെടുപ്പിനു മുൻപ് എല്ലാവരുടെയും അക്കൗണ്ടുകളിൽ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്നു പറഞ്ഞ അവർ അത് വെറും തിരഞ്ഞെടുപ്പു വാഗാദാനം മാത്രമെന്നു തുറന്നു പറയേണ്ടിവന്ന അവസ്ഥയും ഉണ്ടായെന്നും പ്രയിങ്ക പറഞ്ഞു.
ശനിയാഴ്ച രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്ടർ മാർഗ്ഗം 12.18നാണ് പ്രിയങ്ക മാനന്തവാടിയിൽ എത്തിയത്. പതിനായിരങ്ങളാണ് പൊരി വെയിലിലും പ്രിയങ്കയെ കാണാനും പ്രസംഗം കേൾക്കാനും എത്തിയത്. പുൽപ്പള്ളിയിലെ കർഷക സംഗമത്തിലും പ്രിയങ്ക പങ്കെടുത്തു.