modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള വെബ് പരമ്പരയ്ക്ക് വിലയ്ക്ക്. ‘മോദി: ജേർണി ഒാഫ് എ കോമൺ മാൻ’എന്ന വെബ് പരമ്പരക്കാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കേർപ്പെടുത്തിയത്. ഈറോസ് നൗ സംപ്രേഷണം ചെയ്തു വന്ന അഞ്ച് എപ്പിസോഡുകളും ഇന്റർനെറ്റിൽ നിന്ന് ഉടൻ നീക്കം ചെയ്യണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടു.


തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് കാണിച്ച് വെബ് പരമ്പരക്കെതിരെ നേരത്തെയും പരാതികൾ ഉയർന്നിരുന്ന സാഹചര്യത്തിലാണ് നടപടി. രാജ്യത്ത് പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ,​ വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ രാഷ്ട്രീയ നേതാക്കളുടേയും പ്രസ്ഥാനങ്ങളുടേയും ജീവിതമോ ചരിത്രമോ ജനങ്ങളെ സ്വാധീനിക്കുന്ന രീതിയിൽ ഇലക്ട്രോണിക് മീഡിയ വഴി പ്രദർശിപ്പിക്കുന്നതിന് വിലക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വെബ് പരമ്പര സംപ്രേക്ഷണം തടയാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടത്.

പുറത്തു വന്ന ട്രെയിലർ പരിശോധിച്ചതിൽ മോദിയുടെ രാഷ്ട്രീയ ജീവിതമാണ് വെബ് പരമ്പരയുടെ പ്രതിപാദ്യ വിഷയമെന്ന് ബോധ്യപ്പെട്ടതായും ഈ സാഹചര്യത്തിൽ ഇതുവരെ സംപ്രേക്ഷണം ചെയ്ത അഞ്ച് എപ്പിസോഡുകളും പിൻവലിക്കണമെന്നും തുടർന്നുള്ള എപ്പിസോഡുകളുടെ സംപ്രക്ഷണം താൽകാലികമായി നിർത്തി വയ്ക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ഇറോസ് നൗ മേധാവികൾക്ക് അയച്ച നോട്ടീസിൽ പറയുന്നു.

കിഷോർ മക്വാന എഴുതിയ ‘മോദി: കോമൺ മാൻസ് പി.എം’ എന്ന പുസ്തകത്തെ ആധാരമാക്കി ഉമേഷ് ശുക്ളയാണ് ‘മോദി: ജേർണി ഒാഫ് എ കോമൺ മാൻ’ എന്ന വെബ് പരമ്പര സംവിധാനം ചെയ്തത്. പരമ്പര നിർമതാക്കളിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തേ വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് പരമ്പരയ്ക്ക് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് വന്നത്.