goa-bjp

കൊല്ലം: തിരഞ്ഞെടുപ്പ് കഴിയുംവരെ സംസ്ഥാനത്ത് ശരണമന്ത്രങ്ങളും നാമജപവും നിരോധിക്കണമെന്ന് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നതായി ബി.ജെ.പി ദേശീയ സമിതിയംഗം പി.കെ.കൃഷ്‌ണദാസ് പറഞ്ഞു. കൊല്ലം പ്രസ് ക്ലബ്ബിന്റെ തിരഞ്ഞെടുപ്പ് സംവാദ പരിപാടിയായ 'ജനവിധി 2019"ൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

കാട്ടാക്കടയിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ നാമജപം കേട്ടതിന്റെ പേരിൽ ക്ഷേത്രത്തിന്റെ ഫ്യൂസ് ഊരി മാറ്റി. അബ്ദുൽ നാസർ മഅ്ദനിയ്‌ക്കായി നിയമസഭയിൽ സംയുക്ത പ്രമേയം പാസാക്കിയ ഇടത് വലത് കക്ഷികൾ ശബരിമല വിഷയത്തിൽ കേന്ദ്ര ഓർഡിനൻസ് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയില്ല. അയ്യപ്പനെക്കാൾ ഇവർക്ക് പ്രിയങ്കരൻ മഅ്ദനിയാണ്. എൻ.ഡി.എയ്ക്ക് സ്വതന്ത്രമായി തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്താൻ കഴിയാത്ത വയനാട്ടിൽ കേന്ദ്രസേനയെ വിന്യസിക്കണം. വയനാട്ടിലെ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയെ ആദ്യം കോൺഗ്രസും മുസ്ലിം ലീഗും ചേർന്നാണ് ആക്രമിച്ചത്. പിന്നീട് സി.പി.എമ്മും എസ്.ഡി.പി.ഐയും ചേർന്ന് ആക്രമിച്ചു. 14 പേർക്കാണ് പരിക്കേറ്റത്.

കോട്ടയത്തും കൊല്ലത്തും കോൺഗ്രസ് വോട്ടുകൾ സി.പി.എമ്മിനും തിരുവനന്തപുരത്ത് സി.പി.എം വോട്ടുകൾ കോൺഗ്രസിനും നൽകാൻ ഇരുപാർട്ടികളും തമ്മിൽ ധാരണയായെന്ന് കൃഷ്ണദാസ് ആരോപിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാലക്കാട്ട് എം.പി.വീരേന്ദ്രകുമാറിനെ കോൺഗ്രസ് കാലുവാരി തോൽപ്പിച്ചത് തിരുവനന്തപുരത്ത് ശശി തരൂരിന് സി.പി.എം വോട്ടുകൾ ഉറപ്പിക്കാനാണ്. കൊല്ലത്ത് ആർ.എസ്.പിയെയും കോട്ടയത്ത് കേരളകോൺഗ്രസ് എമ്മിനെയും കോൺഗ്രസ് കാലുവാരുമ്പോൾ സി.പി.എം തിരുവനന്തപുരത്ത് സി.പി.ഐയെ കാലുവാരി പരാജയപ്പെടുത്താനാണ് നീക്കം.