aa

മാനന്തവാടി: എന്റെ രാഹുലിനെ ഞാൻ നിങ്ങളെ ‌ഏൽപ്പിക്കുന്നു. പ്രിയങ്ക വയനാടിനോട് പറഞ്ഞു. പൊരിവെയിലിലും ജനം കേട്ടുനിന്നു. മുത്തശിയുടെയും അച്ഛന്റെയും രക്തസാക്ഷിത്വത്തിന് ശേഷമുള്ള ജീവിതം പറയുകയായിരുന്നു പ്രിയങ്കഗാന്ധി. മാനന്തവാടിയിലെ ചരിത്രപ്രസിദ്ധമായ ശ്രീവള്ളിയൂർക്കാവ് ക്ഷേത്ര മൈതാനിയിൽ കൂടിനിന്നവരിൽ ഏറെപ്പേരും ആ വാക്കുകളേറ്റ് വേദനിച്ചു. ചിലർ കണ്ണുതുടച്ചു.

കിഴക്കോട്ടൊഴുകുന്ന കബനി നദിക്കരികെയുളള പ്രസംഗവേദയിൽ നിന്ന് രാഹുലുമൊത്തുള്ള ബാല്യകാലം ഓർത്തെടുത്തു പ്രിയദർശിനിയുടെ ചെറുമകൾ. പാെരിവെയിലിലാണ് നിൽക്കുന്നതെന്ന് തോന്നലേതുമില്ലാതെ ജനം കേട്ടുനിന്നു.

" എന്റെ രാഹുലിനെ ഞാൻ നിങ്ങളെ ‌ഏൽപ്പിക്കുന്നു. എന്റെ സുഖത്തിലും ദു:ഖത്തിലും രാഹുലുണ്ടായിരുന്നു. അദ്ദേഹം നിങ്ങളെ എക്കാലവും കരുതും. ഞാനുറപ്പു തരുന്നു." പ്രിയങ്കയുടെ വാക്കുകൾ കൂടിനിന്നവരുടെ ഹൃദയത്തിലാണ് ചെന്നു തറച്ചത്.

"കഴിഞ്ഞ പത്തുവർഷമായി എന്റെ സഹോദരനെ വ്യക്തിപരമായി ആക്രമിക്കുന്നു. അദ്ദേഹം എന്താണെന്ന് ആരും പറയുന്നില്ല. അദ്ദേഹം എന്തല്ല എന്നാണ് അവർ പ്രചരിപ്പിക്കുന്നത്. രാഹുൽ എന്നെക്കാൾ രണ്ട് വയസ് മുതിർന്നതാണ്. ഞങ്ങളുടെ ബാല്യം സുന്ദരമായിരുന്നു. മുത്തശ്ശി സ്വന്തം വീട്ടിൽ വച്ച് കൊല്ലപ്പെടുമ്പോൾ രാഹുലിന് പതിനാല് വയസ്. എനിക്ക് പന്ത്രണ്ട്. നാലുപേരടങ്ങുന്ന ചെറിയ കുടുംബമായിരുന്നു ഞങ്ങളുടേത്. മുത്തശ്ശി കൊല്ലപ്പെട്ടപ്പോൾ രാഹുൽ പറഞ്ഞു. എനിക്ക് ആരോടും പകയോ വിദ്വേഷമോ ഇല്ലെന്ന്. അതേപോലെ പിതാവും കൊല്ലപ്പെട്ടപ്പോഴും രാഹുലിന്റെ മനസ് അങ്ങനെ തന്നെയായിരുന്നു.

രാഹുൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. 2004ൽ അമേതിയിൽ മത്സരിച്ചു. ജനാധിപത്യവും സ്വാതന്ത്ര്യവും പുലരണമെന്നായിരുന്നു രാഹുലിന്റെ സ്വപ്നം. സമത്വ സുന്ദരമായ ഒരു രാജ്യം. അതാണ് അവന്റെ ഉളളിന്റെയുളളിൽ. പാർട്ടിയിൽ ജനാധിപത്യം കൊണ്ടുവരാൻ അവൻ ശ്രമിച്ചു. അതുകൊണ്ട് പലരും പാർട്ടിയുടെ പല തലങ്ങളിലുമെത്തി. യുവാക്കളും യുവതികളും ഇതിൽ ഏറെ അഭിമാനിച്ചു. അമേതിയിൽ നൂറുപേർക്ക് മാത്രമായി സ്ത്രീകളുടെ ഒരു സ്വയംസഹായ സഹകരണ സംഘം രൂപീകരിച്ചു. അയ്യായിരം പേർക്കായി തുടങ്ങിയ ഒരു പ്രസ്ഥാനം പിന്നീട് വടക്കേ ഇന്ത്യയിൽ ദശലക്ഷങ്ങളുടെ ആശാകേന്ദ്രമായി മാറി.

കരുണയും സ്നേഹവും മാത്രമെ രാഹുലിന്റെ മനസിലുള്ളൂ. എല്ലാ മതങ്ങളെയും ആഴത്തിൽ പഠിക്കുന്നവനാണ് രാഹുൽ. വേദങ്ങളും ഉപനിഷത്തുകളും അവനറിയാം. ഹിന്ദൂയിസം കൂടുതൽ ആഴത്തിൽ പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്. ലളിതമായ ജീവിതമാണ് അവന്റേത്. അവൻ നല്ല ഡൈവറാണ്. അവന് അറിയാത്തതായി ഒന്നുമില്ല. നന്നായി ഡ്രൈവ് ചെയ്യും. ആത്മപ്രശംസയും സ്തുതിപാടലും ഇഷ്ടമല്ല. ന്യായം, സത്യം അതാണവനിഷ്ടം.

ജനാധിപത്യത്തിൽ അവന് വിശ്വാസമുണ്ട്. ഭാഷയെയും സംസ്ക്കാരത്തെയും സ്നേഹിക്കുന്നു. എന്തെങ്കിലും പ്രശ്നം വരുമ്പോൾ ഉപദേശത്തിനായി ഞാനവനെ സമീപിക്കും. സത്യസന്ധമായ ഉപദേശം തരും. കർണാടകയിലെ തിരഞ്ഞെടുപ്പ് വേളയിൽ വിമാനം താഴ്ചയിലേക്ക് പോയി. വിവരമറിഞ്ഞപ്പോൾ എനിക്കാകെ ഭയമായി. രാഹുലിന്റെ സെക്രട്ടറിയെ വിളിച്ചു. കിട്ടിയ മറുപടി രാഹുൽ കോക് പിറ്റിലിരുന്ന് പൈലറ്റിന് ധൈര്യം നൽകുകയാണെന്നായിരുന്നു. രാഹുൽ ഇങ്ങനെയൊക്കെയാണ്. ഞാൻ അവനെ നിങ്ങളെ ഏൽപ്പിക്കുന്നു. കൈവെടിയരുത്. " പ്രിയങ്ക പറഞ്ഞു നിറുത്തി.