hardik-rahul

ന്യൂഡൽഹി : ചാനൽ ഷോയ്ക്കിടെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ ഹാർദ്ദിക് പാണ്ഡ്യയ്ക്കും കെ.എൽ.രാഹുലിനും 20 ലക്ഷം രൂപ വീതം ബി.സി.സി.ഐ പിഴചുമത്തി. ബി.സി.സി.ഐ ഓംബുഡ്സ്മാൻ ഡി.കെ.ജെയ്നാണ് ശിക്ഷ വിധിച്ചത്. ബി.സി.സി.ഐ ഔദ്യോഗിക വെബ്സൈറ്രിലൂടെയാണ് ഹാർദ്ദിക്കിനും രാഹുലിനും പിഴശിക്ഷ വിധിച്ച കാര്യം അറിയിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ ഇനി ഇരുവർക്കുമെതിരെ മറ്ര് ശിക്ഷാനടപടികൾ ഒന്നും സ്വീകരിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. പിഴത്തുക എങ്ങനെ ചെലവഴിക്കണമെന്ന നിർദ്ദേശം ശ്രദ്ധേയമായി.

പഴിയായി വിധിച്ച പണത്തിൽ പത്ത് ലക്ഷം രൂപ വീതം ഇരുവരും ബ്ലൈൻഡ് ക്രിക്കറ്ര് അസോസിയേഷന് നൽകണം. ബാക്കി തുക ഓരോ ലക്ഷം വീതം ജോലിയിലിരിക്കെ വീരമൃത്യുവരിച്ച സുരക്ഷാസേനയിലെ പത്ത് കോൺസ്റ്രബിൾമാരുടെ കുടുംബത്തിന് ഭാരത് കി വീർ ആപ് വഴി നൽകണമെന്നാണ് നിർദ്ദേശം. പിഴയടയ്ക്കാൻ 4 ആഴ്ചത്തെ സമയം ഇരുവർക്കും അനുവദിച്ചിട്ടുണ്ട്.

സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന് ഇന്ത്യൻ ടീമിനൊപ്പം ആസ്ട്രേലിയൻ പര്യടനത്തിലായിരുന്ന ഇരുവരെയും നാട്ടിലേക്ക് ബി.സി.സി.ഐ തിരിച്ചുവിളിക്കുകയും താത്കാലികമായി വിലക്കുകയും ചെയ്തിരുന്നു.

വിലക്ക് മാറിയ ശേഷം ഇരുവരും ഇപ്പോൾ ഐ.പി.എല്ലിൽകളിക്കുന്നുണ്ട്. ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമിലും ഇരുവരും അംഗങ്ങളാണ്.