jawan

ശ്രീനഗർ : ജമ്മുകാശ്മീരിൽ തിരഞ്ഞെടുപ്പിനിടെ പ്രിസൈഡിംഗ് ഓഫീസർക്ക് ഹൃദയാഘാതമുണ്ടായി. വൈദ്യസഹായമെത്തിക്കാൻ മാർഗമില്ലാതായതോടെ കണ്ടുനിന്ന സി.ആർ.പി.എഫ് ജവാൻ 'ഡോക്ടറായി'. ഉദ്യോഗസ്ഥന്റെ ജീവൻ തിരിച്ചുകിട്ടി.

ജമ്മുകാശ്മീരിലെ ബുച്‌പോറയിലെ 13-ാം നമ്പർ ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസറായിരുന്ന അഭാൻ ഉൾ ഹഖ് ആണ് വോട്ടെടുപ്പ് നടക്കുന്നതിനിടെ കുഴഞ്ഞുവീണത്. ബൂത്തിൽ സുരക്ഷാ ചുമതലയ്ക്കായി നിയോഗിക്കപ്പെട്ടിരുന്ന സി.ആർ.പി.എഫ് ജവാൻ സുരീന്ദർ കുമാർ, തന്റെ യൂണിറ്റിലെ ഡോക്ടർ സുനീമിനെ സഹായത്തിനായി വിളിച്ചു. ഡോക്ടർ ഫോണിൽ കൂടി പറഞ്ഞു കൊടുത്ത നിർദ്ദേശങ്ങൾ അനുസരിച്ച് ഹൃദയാഘാതമുണ്ടായ വ്യക്തിക്ക് നൽകേണ്ട പ്രാഥമിക ചികിത്സ നൽകിയാണ് ജീവൻ രക്ഷിച്ചത്.

അഭാന്റെ നെഞ്ചിൽ ഹൃദയത്തിന്റെ ഭാഗത്ത് ഇരുകൈകൾ കൊണ്ട് സമ്മർദ്ദം നൽകുകയും കൃത്രിമ ശ്വാസം നൽകുകയും ചെയ്യുന്ന കാർഡിയോ പൾമണറി റെസസിറ്റേഷനാണ് ജവാൻ ഉപയോഗിച്ചത്. ഓഫീസറെ ആശുപത്രിയിൽ എത്തിക്കാനായി ആംബുലൻസ് എത്തുന്നതുവരെ ഏതാണ്ട് 50 മിനിറ്റോളം ജവാൻ സുരീന്ദർകുമാർ ഡോക്ടറിന്റെ ഉപദേശങ്ങൾ കൃത്യമായി നടപ്പിലാക്കി. തന്മൂലം അഭാൻ ഉൾ ഹഖിന്റെ ജീവൻ നിലനിറുത്താനായി.