പുൽപ്പള്ളി: അധികാരം ജനങ്ങൾ നൽകിയതാണെന്ന കാര്യം മറന്ന് സാധാരണക്കാരെയും കർഷകരെയും പരിഗണിക്കാത്ത സർക്കാരാണ് അഞ്ച് വർഷം കേന്ദ്രം ഭരിച്ചതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. പുൽപ്പള്ളിയിൽ നടന്ന യു.ഡി.എഫ് കർഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഉത്തർപ്രദേശിലൂടെ യാത്ര ചെയ്യുമ്പോൾ തങ്ങളുടെ ദുരിതങ്ങൾ അവിടത്തെ കർഷക സഹോദരങ്ങൾ പറഞ്ഞിട്ടുണ്ട്. അവർ കടക്കെണിയും അവഗണനയും മൂലം ഏറെ പ്രയാസപ്പെടുകയാണ്. ഇത് കേൾക്കാനോ പരിഹരിക്കാനോ തയ്യാറാകാതെ സർക്കാർ അവരുടെ ശബ്‌ദത്തെ തടയുകയാണ്.
കർഷകർക്ക് കൊടുത്ത വാഗ്‌ദാനങ്ങളെല്ലാം ബി.ജെ.പി സർക്കാർ ലംഘിച്ചു. വയനാട്ടിലെ നെൽ, കുരുമുളക്, കാപ്പി കർഷകർക്കും തൊഴിലാളികൾക്കും ഇതേ അവസ്ഥയാണ്. സ്ത്രീയെന്ന നിലയിൽ കർഷകരുടെ പ്രതിസന്ധികളെയും വേദനകളെയും കുറിച്ച് മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. പ്രതിസന്ധി കാരണം നൂറ് കണക്കിന് കർഷകരാണ് രാജ്യത്ത് ആത്മഹത്യ ചെയ്യുന്നത്. പ്രളയത്തിൽ ഇവിടെയുണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ഇത് ലജ്ജാകരമാണ്. കാർഷിക കടം എഴുതിത്തള്ളാത്ത കേന്ദ്രസർക്കാർ കുത്തക മുതലാളിമാരുടെ കോടികൾ എഴുതിത്തള്ളുകയാണ്.
തിരഞ്ഞെടുപ്പ് സമയത്ത് പലരും വാഗ്‌ദാനവുമായെത്തും. എന്നാൽ പ്രതിസന്ധിഘട്ടത്തിൽ കൂടെ നിൽക്കുന്നവരെയാണ് വേണ്ടത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ കാർഷികമേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കും. മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് രാജസ്ഥാൻ സംസ്ഥാനത്തിൽ അധികാരത്തിലെത്തി പത്ത് ദിവസത്തിനകം കാർഷികകടങ്ങൾ എഴുതിത്തള്ളാൻ കോൺഗ്രസിന് കഴിഞ്ഞു. കോൺഗ്രസിന്റെ പ്രകടനപത്രികയിലെ ന്യായ് പദ്ധതിലുൾപ്പെടെയുള്ള മുഴുവൻ പദ്ധതികളും നടപ്പാക്കും.
ചെയ്തതോ ചെയ്യാൻ പോകുന്നതോ ആയ വികസനങ്ങളെ കുറിച്ച് ബി.ജെ.പി ഒന്നും പറയുന്നില്ല. ആയിരക്കണക്കിന് കർഷകർ ഡൽഹിയിലെത്തിയിട്ടും കാണാൻ തയ്യാറാകാതെ പ്രധാനമന്ത്രി അവരെ അവഹേളിച്ചു. ദേശീയതയെ കുറിച്ച് മാത്രമാണിപ്പോൾ അവർ പറയുന്നത്. ജനങ്ങളുടെ ആശയങ്ങളെ അടിച്ചമർത്തുന്നതും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി പാകിസ്ഥാനെ കുറിച്ച് പറയുന്നതുമാണ് അവരുടെ ദേശീയത. ഇതുപോലൊരു സർക്കാരിനെയും ദുർബലനായ പ്രധാനമന്ത്രിയെയും ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ല. ജനങ്ങളുടെ ഭാവിയിലും, വിശ്വാസത്തിലും ആശയത്തിലുമാണ് കോൺഗ്രസ് പിന്തുണയ്ക്കുന്നതെന്നും അവർ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പോണ്ടിച്ചേരി മന്ത്രി എം. കന്തസ്വാമി, ലാൽവർഗീസ് കൽപ്പകവാടി, ഐ.സി. ബാലകൃഷ്ണൻ, കെ.സി. റോസക്കുട്ടി, കെ.കെ. അബ്രഹാം, എം.എസ്. വിശ്വനാഥൻ, കെ.എൽ. പൗലോസ്, ഇ.എം. അഗസ്തി തുടങ്ങിയവർ സംസരിച്ചു.