തിരുവനന്തപുരം : കോരുത്തോടിനെ കേരളത്തിന്റെ കായിക ചരിത്രത്തിൽ അടയാളപ്പെടുത്തിയ കായികാദ്ധ്യാപകൻ തോമസ് മാഷിനെകാണാൻ ഇന്നലെ അപ്രതീക്ഷിതമായി ഒരു പഴയശിഷ്യയെത്തി. കാൽനൂറ്റാണ്ടുമുമ്പ് തന്റെ കോരുത്തോട്ടെ വീട് ഹോസ്റ്റലാക്കി തുടങ്ങിയ കായിക കളരിയിലെ ആദ്യ ബാച്ചിൽ അഞ്ജു ബോബി ജോർജിനൊപ്പമുണ്ടായിരുന്നവൾ. വാഹനാപകടത്തെത്തുടർന്ന് കൈവിട്ടുപോയ കായിക ജീവിതം മാരത്തോൺ വേദികളിലൂടെ വീണ്ടും കരുപ്പിടിപ്പിച്ച സോജ സിയ എന്ന 40 കാരി.
തോമസ് മാഷിന്റെ വീട്ടിൽ താമസിച്ച് പരിശീലനം നടത്തിയിരുന്ന സോജയെക്കുറിച്ച് കഴിഞ്ഞ ഫെബ്രുവരി നാലിന് കേരള കൗമുദി വാർത്ത നൽകിയിരുന്നു. ഇത് കണ്ട് അഞ്ജു ഉൾപ്പടെയുള്ളവർ ചേർന്ന് പഴയകൂട്ടുകാരിയെ തപ്പിപ്പിടിക്കുകയായിരുന്നു. ഇന്നലെ ഭർത്താവിനും പിതാവിനുമൊപ്പമാണ് സോജ പഴയ ഗുരുനാഥനെ കാണാനെത്തിയത്. സോജയെ വീണ്ടും കാണനായതിൽ ഏറ്റവും സന്തോഷം തോമസ് മാഷിനായിരുന്നു. കഴിഞ്ഞ വർഷം പാലായിൽ വച്ച് തോമസ് മാഷിനെ അദ്ദേഹത്തിന്റെ ആയിരത്തോളം ശിഷ്യർ ചേർന്ന് ആദരിച്ചിരുന്നു. അന്ന് കാണാതെപോയ തന്റെ പ്രിയപ്പെട്ട കുഞ്ഞാടിനെ തിരിച്ചുകിട്ടി എന്നാണ് മാഷ് സോജയെ ചേർത്തുനിറുത്തി പറഞ്ഞത്. ഇപ്പോഴും കായികരംഗത്ത് തുടരുന്നതിനെ അഭിന്ദിക്കുകയും ചെയ്തു. സോജയ്ക്കും കുടുംബത്തിനും ഗംഭീരമായ ഉൗണും നൽകിയാണ് ഗുരു മടക്കി അയച്ചത്.
സോജയുടെ കഥ
കോട്ടയം കറുകച്ചാലിൽ ജനിച്ചുവളർന്ന സോജയും സഹോദരിയും സ്പോർട്സിനോടുള്ള താത്പര്യം കാരണമാണ് കോരുത്തോടെത്തിയത്. സി. കേശവൻ മെമ്മോറിയൽ സ്കൂളിൽ പഠനം, തോമസ് മാഷിന്റെ വീട്ടിൽ താമസം. സ്കൂൾ കായിക മേളകളിൽ 3000, 10000 മീറ്ററുകളിൽ മാറ്റുരച്ച സോജ കോളേജിലേക്കെത്തിയപ്പോൾ സൈക്ളിംഗിലേക്ക് ട്രാക്ക് മാറി. പക്ഷേ ഒരു ലോറിയുമായികൂട്ടിയിടിച്ചുണ്ടായ പരിക്ക് കായിക ജീവിതത്തിന് താത്കാലിക വിരാമമിട്ടു. അത് 18 വർഷത്തേക്ക് നീളുമെന്ന് സോജ കരുതിയതുമില്ല. ഇതിനിടയിൽ വിവാഹിതയായി. മകൻ പിറന്നു, കെ.എസ്.എഫ്.ഇയിൽ ജോലിയായി. തിരുവനന്തപുരത്തേക്ക് ജീവിതവും പറിച്ചുനടപ്പെട്ടു.
തന്റെ കായിക ആവേശം മകനിലേക്ക് പകരാൻ രണ്ടാംക്ളാസുമുതൽ അവനെ സ്കേറ്റിംഗിന് വിട്ടു. അവൻ പതിയെ സൈക്ളിംഗിലേക്ക് തിരിഞ്ഞു. മകൻ ദേശീയ ചാമ്പ്യൻഷിപ്പുകളിൽ മത്സരിച്ചു തുടങ്ങിയപ്പോൾ അമ്മയ്ക്കും മോഹം, പഴയ സ്വപ്നങ്ങൾ ഒന്നു തേച്ചുമിനുക്കാൻ. 2017 ൽ കൊച്ചിയിൽ ജോലി നോക്കവേ നേവി മാരത്തോണിൽ മത്സരിച്ചുനോക്കി. മനസിനൊപ്പം ശരീരവും തയ്യാറാണെന്ന് കണ്ടതോടെ പരിശീലനം കാര്യമായിത്തന്നെ തുടങ്ങി.
ഏഴിമല നാവിക അക്കാദമിയുടെ 10 കി.മീ മാരത്തോണിൽ ഒന്നാംസ്ഥാനം നേടി തുടക്കം. ചെന്നൈ ഹാഫ് മാരത്തോണിൽ മൂന്നാംസ്ഥാനം. തിരുവനന്തപുരത്ത് നടന്ന എസ്.ബി.ഐ ഗ്രീൻ മാരത്തോണിൽ ഒന്നാംസ്ഥാനവും മിഡ്നൈറ്റ് മാരത്തോണിലെ മൂന്നാംസ്ഥാനവും സോജയെത്തേടിയെത്തി. പിന്നെ അൾട്രാ റണ്ണിലും മാസ്റ്റേഴ്സ് മീറ്റുകളിലും മെഡൽ നേട്ടം.
25 കൊല്ലങ്ങൾക്ക് ശേഷം ഇങ്ങനെയൊരു ശിഷ്യ എന്നെത്തേടിയെത്തിയതിൽ സന്തോഷവും അത്ഭുതവുമുണ്ട്.കഴിഞ്ഞ കൊല്ലം ശിഷ്യർ ചേർന്ന് ഗുരുവന്ദനം നടത്തിയപ്പോൾ സോജയെ മാത്രമാണ് മിസ് ചെയ്തത്. കളഞ്ഞുപോയ കുഞ്ഞാടിനെ തിരികയെത്തിച്ചത് കേരള കൗമുദിയിലെ വാർത്തയാണ്. ഏറ്റവും കൗതുകം അന്നത്തെ കുട്ടികളിൽ ഇപ്പോഴും ഒാട്ടക്കാരിയായി മെഡൽ നേടുന്നത് സോജ മാത്രമാണെന്നതാണ്. - തോമസ് മാഷ്
മാഷിനെ കാണണമെന്നും ഞാനിപ്പോഴും കായിക രംഗത്തുണ്ടെന്ന് അറിയിക്കണമെന്നും അതിയായി ആഗ്രഹിച്ചിരുന്നു. ആ കൈകളാൽ ചേർത്ത് പിടിക്കപ്പെട്ടപ്പോൾ പഴയ കൊച്ചുപെൺകുട്ടിയായി മാറിയതുപോലെ.ഇൗ സ്വപ്നസാഫല്യത്തിന് വഴിയൊരുക്കിയതിന് കേരള കൗമുദിയിൽ വന്ന വാർത്തയോട് ഏറെ കടപ്പെട്ടിരിക്കുന്നു. - സോജ സിയ