modi

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പ്രമേയമാക്കിയ ഓൺലൈൻ പരമ്പരയുടെ പ്രദർശനം അടിയന്തരമായി നിറുത്തി വയ്ക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. മോദിയുടെ ജീവിതത്തിലെ വിവിധ തലങ്ങൾ സ്പർശിക്കുന്ന 'മോദി: ജേണി ഓഫ് കോമൺമാൻ' എന്ന പരമ്പരയ്ക്കാണ് വിലക്ക്. മോദിയുടെ ബാല്യം കാലം മുതൽ ദേശീയ നേതാവായുള്ള വളർച്ച വരെ ഇതിൽ പ്രതിപാദിക്കുന്നു. ഈ മാസം മൂന്നിന് ഇന്റർനെറ്റിലെത്തിയ വെബ് പരമ്പരയിലെ അഞ്ച് ഭാഗങ്ങൾ ഇപ്പോൾ ലഭ്യമാണ്. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇതു നീക്കം ചെയ്യാനാണ് കമ്മിഷൻ ഉത്തരവ്. മോദിയെക്കുറിച്ചുള്ള സിനിമ 'പി.എം നരേന്ദ്ര മോദി'യുടെ റിലീസ് നേരത്തെ തിരഞ്ഞെടുപ്പു കമ്മിഷൻ വിലക്കിയിരുന്നു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങളും തിരഞ്ഞെടുപ്പു റാലികളും സംപ്രേഷണം ചെയ്യാനായി ആരംഭിച്ച ‘നമോ ടിവി’ക്ക് കമ്മിഷൻ ഇളവുകൾ പ്രഖ്യാപിച്ചു. വോട്ടെടുപ്പിനു മുൻപുള്ള 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണ ഘട്ടത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്യുന്നതിൽ തടസമില്ല. എന്നാൽ സ്ഥാനാർത്ഥികളെയോ മണ്ഡലങ്ങളെയോ പരമർശിക്കരുത്. നിശബ്ദപ്രചാരണ സമയത്ത് നമോ ടിവിയിൽ തിരഞ്ഞെടുപ്പു വിവരങ്ങൾ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

നരേന്ദ്ര മോദിയുടെ ചുരുക്കപ്പേരിട്ട ചാനൽ ‘നമോ ടിവി’ പ്രമുഖ ‍ഡി.ടി.എച്ച് ശൃംഖലകൾ വഴി കഴിഞ്ഞ മാസം 31നാണ് സംപ്രേഷണം ആരംഭിച്ചത്. ട്വിറ്ററിലൂടെ പ്രധാനമന്ത്രി ചാനൽ നാടിന് സമർപ്പിച്ചു. എന്നാൽ, ലൈസൻസ് അപേക്ഷ പോലും നൽകാതെയാണ് ചാനൽ തുടങ്ങിയതെന്ന് ആരോപണം ഉയർന്നു. ഉടമകൾ ആരെന്നോ പ്രവർത്തനം എവിടെയാണെന്നോ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തെ അറിയിച്ചിരുന്നില്ല. മന്ത്രാലയം അനുവദിച്ച ചാനലുകളുടെ പട്ടികയിലും നമോ ടിവി ഉൾപ്പെട്ടിരുന്നില്ല.