cash

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ചെലവിലേക്കായി അക്കൗണ്ടുകളിൽ നിന്ന് വൻതോതിൽ പണം പിൻവലിക്കപ്പെടുന്നത് ബാങ്കുകൾക്ക് പ്രതിസന്ധിയാകുന്നു. തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ കേന്ദ്രസർക്കാരിന്റെ ചെലവുകൾ നിലച്ചതും തിരിച്ചടിയാവുകയാണ്. ഈമാസം മൂന്നിന് ബാങ്കുകളിലേക്കുള്ള പണം വരവും തിരിച്ചൊഴുക്കും തമ്മിലെ അന്തരം (ലിക്വിഡിറ്രി ഡെഫിസിറ്ര്) 31,396 കോടി രൂപയായിരുന്നു. ഏപ്രിൽ 16ന് അന്തരം (കമ്മി) 70,266 കോടി രൂപയായി ഉയർന്നു.

ചെലവുകൾ നിലച്ചതോടെ, കേന്ദ്രസർക്കാരിന്റെ പ്രവർത്തന ബാലൻസ് റിസർവ് ബാങ്കിൽ കുന്നുകൂടുകയാണ്. ഈ പണം വിപണിയിലേക്കും അതുവഴി ബാങ്കുകളിലേക്കും എത്തിയാലേ ലിക്വിഡിറ്റി ഡെഫിസിറ്ര് കുറയൂ. എന്നാൽ, തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ പണം വാരിക്കോരി ചെലവാക്കാൻ സർക്കാരിനാവില്ല. മാത്രമല്ല, ജി.എസ്.ടി കളക്ഷൻ കൂടി എത്തുന്നതോടെ, പ്രവർത്തന ബാലൻസ് ഇനിയും കൂടുകയും ചെയ്യും. നിലവിൽ 47,333 കോടി രൂപയാണ് സർക്കാരിന്റെ സർപ്ളസ് കാഷ് ബാലൻസ്. കഴിഞ്ഞവർഷം ഏപ്രിലിൽ ഇത് വെറും പൂജ്യമായിരുന്നു.

നിലവിലെ ട്രെൻഡ് തുടർന്നാൽ, വൈകാതെ ബാങ്കുകളുടെ ലിക്വിഡിറ്രി ഡെഫിസിറ്ര് ഒരുലക്ഷം കോടി രൂപ കവിയുമെന്നാണ് വിലയിരുത്തൽ. 2018-19ൽ ബാങ്കിംഗ് മേഖലയിലേക്ക് റിസർവ് ബാങ്ക്, കടപ്പത്ര ലേലത്തിലൂടെ 2.98 ലക്ഷം കോടി രൂപയുടെ പണലഭ്യത ഉറപ്പാക്കിയിരുന്നു. ഈവർഷം മാർച്ചിൽ ഡോളർ - രൂപ കൈമാറ്റത്തിലൂടെ (സ്വാപ്പ് ഓക്‌ഷൻ) 34,500 കോടി രൂപയും ലഭ്യമാക്കി. ലിക്വിഡിറ്രി ഡെഫിസിറ്ര് കുറയ്‌ക്കാൻ റിസർവ് ബാങ്ക് വീണ്ടും സമാന നടപടികൾ എടുത്തേക്കുമെന്ന് സൂചനയുണ്ട്.

അതേസമയം, തിരഞ്ഞെടുപ്പ് നടപടികൾ അവസാനിക്കുമ്പോഴേക്കും പ്രതിസന്ധി ഒഴിയുമെന്നാണ് ബാങ്കുകളുടെ പ്രതീക്ഷ. കേന്ദ്രത്തിൽ ഭരണത്തിലേറുന്ന പുതിയ സർക്കാർ വിവിധ പദ്ധതികളിലേക്കായി കൂടുതൽ പണമൊഴുക്കാൻ സാദ്ധ്യതയുള്ളതും നേട്ടമാകും.

ബാങ്കുകളിലെ

ലിക്വിഡിറ്രി ഡെഫിസിറ്ര്

(കോടി രൂപയിൽ)

ഏപ്രിൽ 3 - ₹31,396

ഏപ്രിൽ 8 - ₹48,624

ഏപ്രിൽ 13 - ₹53,422

ഏപ്രിൽ 16 - ₹70,266

എച്ച്.ഡി.എഫ്.സി ബാങ്കിന്

ലാഭം 5,885 കോടി

കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാന ത്രൈമാസമായ ജനുവരി-മാർച്ചിൽ എച്ച്.ഡി.എഫ്.സി ബാങ്ക് 23 ശതമാനം വർദ്ധനയോടെ 5,885.12 കോടി രൂപ ലാഭം രേഖപ്പെടുത്തി. 2017-18ലെ സമാനപാദത്തിൽ ലാഭം 4,799.28 കോടി രൂപയായിരുന്നു. മൊത്തം വരുമാനം 25,549.7 കോടി രൂപയിൽ നിന്ന് 22.1 ശതമാനം ഉയർന്ന് 31,204.5 കോടി രൂപയായി. അറ്റ പലിശ വരുമാനം 22.8 ശതമാനം ഉയർന്നതാണ് കഴിഞ്ഞപാദത്തിൽ ബാങ്കിന് നേട്ടമായത്. അതേസമയം, അതേസമയം, മൊത്തം നിഷ്‌ക്രിയ ആസ്‌തി 1.30 ശതമാനത്തിൽ നിന്ന് 1.36 ശതമാനമായി ഉയർന്നു. എന്നാൽ, അറ്റ നിഷ്‌ക്രിയ ആസ്‌തി 0.40 ശതമാനത്തിൽ നിന്ന് 0.30 ശതമാനമായി കുറഞ്ഞു.

മികച്ച പ്രവർത്തനഫലത്തിന്റെ പിൻബലച്ചിൽ ഓഹരി ഒന്നിന് 15 രൂപ വീതം ലാഭവിഹിതം നൽകാൻ ഡയറക്‌ടർ ബോർഡ് ശുപാർശ ചെയ്‌തിട്ടുണ്ട്. പൊതു വിപണിയിൽ നിന്ന് ഒരുവർഷത്തിനകം 50,000 കോടി രൂപ സമാഹരിക്കാനും ബോർഡ് അനുമതി നൽകി.