rahul

ലക്‌നൗ : എതിർസ്ഥാനാർത്ഥി തടസവാദം ഉന്നയിച്ചതിനാൽ അമേതിയിൽ രാഹുൽഗാന്ധിയുടെ നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്‌മപരിശോധന 22-ാം തിയതിയിലേക്ക് മാറ്റിയതായി റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.

രാഹുൽ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഗുരുതര പിഴവുകളുണ്ടെന്നാണ് സ്വതന്ത്രസ്ഥാനാർത്ഥിയായ ധ്രുവ് ലാലിന്റെ ആരോപണം.

ബ്രിട്ടനിൽ രജിസ്റ്റർ ചെയ്ത കമ്പനിയുടെ വിവരങ്ങളിൽ രാഹുൽ ബ്രിട്ടീഷ് പൗരനാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ധ്രുവ് ലാൽ ആരോപിച്ചു. ഇന്ത്യൻ പൗരനല്ലാത്ത ഒരാൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്നും ഇയാൾ ചൂണ്ടിക്കാട്ടുന്നു.

സത്യവാങ്മൂലത്തിൽ ഈ കമ്പനിയുടെ ആസ്‌തിയും ലാഭവിഹിതവും വിശദമാക്കിയിട്ടില്ലെന്നും ആരോപണമുണ്ട്. രാഹുലിന്റെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളിൽ തെറ്റുകളുണ്ടെന്നും ഒറിജനൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടിട്ടുണ്ട്.

പൗരത്വം വിവാദമാക്കി ബി.ജെ.പി

രാഹുൽ ഗാന്ധിയുടെ പൗരത്വത്തെ പറ്റി പരാതി ഉയർന്നതോടെ വിവാദമാക്കി ബി.ജെ.പി രംഗത്തെത്തി. രാഹുലിന്റെ പൗരത്വത്തെക്കുറിച്ച് വിശദമായി പരിശോധിക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. രാഹുലിന്റെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്നും ബ്രിട്ടീഷ് പൗരത്വം അദ്ദേഹത്തിന് നിഷേധിക്കാനാകില്ലെന്നും സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്തു. രാഹുലിന് നാല് പാസ്‌പോർട്ടുകളുണ്ടെന്ന് സുബ്രഹ്മണ്യൻ സ്വാമി നേരത്തെ ആരോപിച്ചിരുന്നു.

രാഹുലിന്റെ യോഗ്യതകൾ കോൺഗ്രസിന്റെ പ്രകടനപത്രിക പോലെ അഞ്ചുവർഷം കൂടുമ്പോൾ മാറിവരുന്നത് അതിശയകരമാണ്. രാഹുൽ ഗാന്ധിക്ക് വിവിധ രാജ്യങ്ങളിൽ പല പേരുകളുണ്ടോയെന്നും അറിയണം- ബി.ജെ.പി വക്താവ് ജി.വി.എൽ നരസിംഹരാവു പറഞ്ഞു.