മാനന്തവാടി: വയനാട്ടിൽ കബനി നദിയിൽ രണ്ടിടത്തായി കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങിമരിച്ചു.
വയനാട് സ്വദേശി പനമരം നീർവാരം നെല്ലിക്കുന്ന് കോളനിയിലെ കൃഷ്ണനും(55) തൃശ്ശൂർ തളിക്കുളം പുതിയവീട്ടിൽ സലീമിന്റെ മകൻ പവാസും (23) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 3.45ന് നീർവാരം പമ്പ് ഹൗസിന് സമീപത്തായി കുളിക്കുന്നതിനിടെയാണ് കൃഷ്ണൻ മുങ്ങിപ്പോയത്. നാട്ടുകാർ കൃഷ്ണനെ പുഴയിൽ നിന്നെടുത്തെങ്കിലും മരിച്ചു.
കർണാടക, ബേഗൂർ, ഗുണ്ടറ മഖാം ഉറൂസിന് പോകുകയായിരുന്ന പവാസും മൂന്ന് സുഹൃത്തുക്കളും കൂടി കബനി നദിയിൽ കുളിക്കുന്നതിനിടെ പവാസ് മുങ്ങിപ്പോകുകയായിരുന്നു. രാവിലെ 10 നാണ് സംഭവം. പിന്നീട് വാളാട് റെസ്‌ക്യൂ ടീം നടത്തിയ തിരച്ചിലിനൊടുവിൽ രണ്ട് മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പവാസ് ഒരു വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരനാണ്. കൃഷ്ണന്റെ ഭാര്യ: തങ്ക. മക്കൾ: ഷാജു, ഷാജി, ഷിജു. രണ്ട് മൃതദേഹങ്ങളും മാനന്തവാടി ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഇൻക്വസ്റ്റിനും പോസ്റ്റ്‌മോർട്ടത്തിനും ശേഷം മൃതദേഹങ്ങൾ ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.