മുംബയ്: കടക്കെണിയിൽപ്പെട്ട് നട്ടം തിരിയുന്ന അനുജൻ അനിൽ അംബാനിയെ നെഞ്ചോട് ചേർത്ത് വീണ്ടും ജ്യേഷ്‌ഠൻ മുകേഷ് അംബാനി. അനിൽ അംബാനിയുടെ ടെലികോം കമ്പനിയായ റിലയൻസ് കമ്മ്യൂണിക്കേഷൻസുമായുള്ള (ആർകോം) സ്‌പെക്‌ട്രം പങ്കുവയ്‌ക്കൽ നടപടി ഉപേക്ഷിക്കില്ലെന്ന് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്‌ട്രീസിന് കീഴിലുള്ള ടെലികോം കമ്പനിയായ ജിയോ വ്യക്തമാക്കി. 46,000 കോടി രൂപയുടെ കടബാദ്ധ്യതയുള്ള കമ്പനിയാണ് ആർകോം.
ടെലികോം ലൈസൻസുള്ള ഓപ്പറേറ്റാണ് ഇപ്പോഴും ആർകോമെന്നും അതിനാൽ സ്‌പെക്‌ട്രം പങ്കുവയ്‌ക്കലിന് തടസമില്ലെന്നും ജിയോ വ്യക്തമാക്കി. ആർകോമിന് എതിരായി സുപ്രീം കോടതിയിലും നാഷണൽ കമ്പനി ലോ അപ്പലേറ്ര് ട്രൈബ്യൂണലിലും (എൻ.സി.എൽ.എ.ടി) കേസുകൾ നിലവിലുണ്ട്. സ്‌പെക്‌ട്രം ലൈസൻസ് ഫീസിനത്തിൽ 21 കോടി രൂപയുടെ കുടിശിക വരുത്തിയതിന് ടെലികോം മന്ത്രാലയം ആർകോമിന് നോട്ടീസ് അയയ്‌ച്ചിരുന്നു. 281 കോടി രൂപയുടെ കുടിശിക കേസ് വേറെയുമുണ്ട്. കേസുകൾ തിരിച്ചടിയാകാത്ത ഇടത്തോളം കാലം സ്‌പെക്‌ട്രം പങ്കുവയ്‌ക്കൽ തുടരുക തന്നെ ചെയ്യുമെന്ന് ജിയോ വ്യക്തമാക്കി.
850 മെഗാഹെട്‌സ് ബാൻഡിൽ മുംബയ് ഉൾപ്പെടെ രാജ്യത്തെ 21 സർക്കിളുകളിൽ ആർകോമിന്റെ സ്‌പെക്‌ട്രം ജിയോ ഉപയോഗിക്കുന്നുണ്ട്. കോടതി നടപടികളിലൂടെ സ്‌പെക്‌ട്രം പങ്കുവയ്‌ക്കലിൽ നിന്ന് പിന്മാറേണ്ടി വന്നാലും ഉപഭോക്തൃ സേവനം തടസപ്പെടില്ലെന്നും പകരം ഉപയോഗിക്കാനുള്ള 850, 1800, 2300 മെഗാഹെട്‌സ് സ്‌പെക്‌ട്രം ബാൻഡുകൾ ജിയോയ്ക്ക് ഉണ്ടെന്നും റിലയൻസ് ജിയോ സ്‌ട്രാറ്റജി ഹെഡ് അൻഷുമൻ താക്കൂർ പറഞ്ഞു. കൂടുതൽ സ്‌പെക്‌ട്രം വാങ്ങേണ്ടി വന്നാൽ അതിനുള്ള ശേഷി ജിയോയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇരുവരും തമ്മിലെ തർക്കം മറന്ന് ഇത് രണ്ടാംതവണയാണ് അനുജന്റെ രക്ഷയ്‌ക്കായി മുകേഷ് അംബാനി രംഗത്തെത്തുന്നത്. എറിക്‌സൺ കേസിൽ കോടതിയിൽ കെട്ടിവയ്‌ക്കാനുള്ള 462 കോടി രൂപ കഴിഞ്ഞമാസം അനിലിന് നൽകിയത് മുകേഷാണ്. പണം അടച്ചില്ലെങ്കിൽ അനിൽ അംബാനി ജയിൽ ശിക്ഷ അനുഭവിക്കണം എന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. അതേസമയം, ആസ്‌തി വിറ്ര് കടബാദ്ധ്യത കുറയ്‌ക്കാനുള്ള നടപടികളുടെ ഭാഗമായി ജിയോയ്ക്ക് 124.4 മെഗാഹെട്‌സ് സ്‌പെക്‌ട്രം വില്‌ക്കാനുള്ള ആർകോമിന്റെ നീക്കം ടെലികോം മന്ത്രാലയം അനുവദിക്കാത്തതിനാൽ മുടങ്ങിയിരുന്നു. 7,300 കോടി രൂപയുടെ ഇടപാടാണ് തടസപ്പെട്ടത്.