കോഴിക്കോട്: കോഴിക്കോട് നഗരമദ്ധ്യത്തിൽ 65കാരനായ തമിഴ്നാട് സ്വദേശിയെ കുത്തിക്കൊന്നു. തുടർന്ന് കോഴിക്കോട് വളയം സ്വദേശി പൊലീസിന്റെ പിടിയിലായി. നടന്ന് പോകുകായിരുന്ന തമിഴ്നാട് സ്വദേശിയെ യാതൊരു പ്രകോപനവും കൂടാതെ പ്രതി കുത്തിക്കൊല്ലുകയായിരുന്നു. കുത്തേറ്റ അയാൾ സമീപത്തെ കമ്മിഷണർ ഒാഫീസിലേക്ക് ഒാടിക്കയറി.
ഉടനെ തന്നെ പൊലീസ് അയാളെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി കുറ്റം സമ്മതിച്ച് പൊലീസിൽ കീഴടങ്ങി. പ്രതിയുടെ കുറ്റസമ്മതമാണ് പൊലീസിനെ ഞെട്ടിച്ചിരിക്കുന്നത്. ജയിലിൽ പോകാനാണ് താൻ കൊലപാതകം ചെയ്തതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. വൈകിട്ടോടെയാണ് കൊലപാതകം നടന്നത്.
കൊലപാതകത്തിനായി നാടോടിയായ വൃദ്ധനെ തെരഞ്ഞെടുക്കുകയായിരുന്നു. തനിക്ക് ജോലിയൊന്നും ഇല്ലെന്നും അതുകൊണ്ട് തന്നെ ജയിലിൽ പോകണമെന്ന ആഗ്രഹമുണ്ടായിരുന്നു. പീഡനവും മറ്റും നടത്തി ജയിലിൽ പോകാൻ താൽപര്യമില്ലാത്തതിനാലാണ് കൊല ചെയ്യാൻ തീരുമാനിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. നാടോടി തൊഴിലാളികളെ തെരഞ്ഞെടുത്തതിന് കാരണം അവരെ തേടി ബന്ധുക്കൾ ആരും വരില്ലെന്ന നിഗമനത്തോടെയാണെന്നും പ്രതി പറഞ്ഞു.
എന്നാൽ കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തുകയാണ്. പ്രതിക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.