കൽപ്പറ്റ: വയനാടിന്റെ സമഗ്ര വികസനത്തിന് എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെളളാപ്പള്ളി വിജയിക്കണമെന്ന് തുഷാറിന്റെ അമ്മ പ്രീതി നടേശൻ പറഞ്ഞു. വയനാട് ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നടന്ന കുടുംബ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അവർ. വയനാട്ടിൽ തുഷാറിന്റെ വിജയത്തിന് വേണ്ടി സർവമേഖലകളിലെയും ജനങ്ങൾ ഒറ്റെക്കെട്ടായി രംഗത്തിറങ്ങുന്ന കാഴ്ചയാണ് കാണുന്നത്. വയനാട്ടിലെ വികസന മുരടിപ്പിൽ ഒരു മാറ്റം ആഗ്രഹിച്ച് കൊണ്ടാണ് മണ്ഡലത്തിലെ വോട്ടർമാർ തുഷാറിനെ നെഞ്ചിലേറ്റുന്നത്. ഇത് ഒരു വലിയ മാറ്റമാണ്. തുഷാർ വിജയിച്ചാൽ മണ്ഡലത്തിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുമെന്നും പ്രീതി നടേശൻ പറഞ്ഞു.പുളിയാർമലയിലെ വാടോത്ത് , നെടുംനിലം, മേപ്പാടി പഞ്ചായത്തിലെ നെടുങ്കരണ,വടുവഞ്ചാൽ പഞ്ചായത്തിലെ തോമാട്ടുചാൽ,തൃക്കൈപ്പറ്റയിലെ മുക്കംകുന്ന് എന്നിവിടങ്ങളിലെ കുടുംബ യോഗങ്ങളിലാണ് പ്രീതി നടേശൻ സംസാരിച്ചത്. ഒാരോ യോഗങ്ങളിലും സ്ത്രീകളുടെയും കുട്ടികളുടെയും വൻ മുന്നേറ്റമാണ് കാണാൻ കഴിഞ്ഞത്. ബി.ഡി.ജെ. എസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസു, എക്സിക്യൂട്ടീവ് മെമ്പർ ഡോ. എ.വി. ആനന്ദരാജ്, കെ. ആർ. കൃഷ്ണൻ, എം.മോഹനൻ, ഡോ.ഷേർളി പി. ആനന്ദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.