smith

ജയ്‌പൂർ: തല മാറി കളത്തിലിറങ്ങിയ രാജസ്ഥാന് വിജയ മധുരം. തുടർച്ചയായ മോശം പ്രകടനങ്ങളെ തുടർന്ന് അജിങ്ക്യ രഹാനെയെ ക്യാപ്ടൻ സ്ഥാനത്തു നിന്ന് മാറ്റി സ്റ്റീവ് സ്മിമിത്തിന്റെ നേതൃത്വത്തിലിറങ്ങിയ രാജസ്ഥാൻ ഇന്നലെ നടന്ന ഐ.പി.എല്ലിലെ ആദ്യ മത്സരത്തിൽ മുംബയ് ഇന്ത്യൻസിനെ 5 വിക്കറ്റിന് കീഴടക്കി. ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബയ് നിശ്ചിത ഇരുപതോവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 161 റൺസാണ് നേടിയത്. മറുപടിക്കിറങ്ങിയ രാജസ്ഥാൻ അവസാന ഓവറിലെ ആദ്യ പന്തിൽ വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു (162/5).

അർദ്ധ സെഞ്ച്വറിയുമായി പുറത്താകാതെ ടീമിനെ വിജയ തീരത്തെത്തിച്ച സ്‌മിത്താണ് (48 പന്തിൽ 59) കളിയിലെ താരം. 5 ഫോറും 1 സിക്സും ഉൾപ്പെട്ടതാണ് സ്മിത്തിന്റെ ഇന്നിംഗ്സ്. സ്‌മിത്തിന്റെ ഈ സീസണിലെ രണ്ടാമത്തെ അർദ്ധ സെഞ്ച്വറിയാണിത്. മലയാളി താരം സഞ്ജു സാംസൺ 19 പന്തിൽ നിന്ന് വേഗത്തിൽ 35 റൺസടിച്ച് രാജസ്ഥാന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. 6 ഫോറും 1 സിക്സും ഉൾപ്പെട്ടതാണ് സഞ്ജുവിന്റെ ഇന്നിംഗ്സ്. റിയാൻ പരാഗ് 29 പന്തിൽ 44 റൺസ് നേടി. 5 ഫോറും 1 സിക്സും ഉൾപ്പെട്ടതാണ് പരാഗിന്റെ ഇന്നിംഗ്സ്.

രഹാനെയെ (12) ഒരു വശത്ത് നിറുത്തി സഞ്ജു തകർപ്പൻ തുടക്കമാണ് രാജസ്ഥാന് നൽകിയത്. 12 റൺസെടുത്ത രഹാനെ രാഹുൽ ചഹാറിന്റെ പന്തിൽ സൂര്യ കുമാർ യാദവിന് ക്യാച്ച് നൽകി മടങ്ങി. ചഹാറിന്റെ തന്നെ പന്തിൽ പൊള്ളാഡിന് ക്യാച്ച് നൽകി സഞ്ജു മടങ്ങി. പകരമെത്തിയ സ്റ്റോക്സിനെ ആ ഓവറിലെ അവസാന പന്തിൽ ക്ലീൻ ബൗൾഡാക്കി ചഹാർ മുംബയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും പിന്നീടെത്തിയ പരാഗ് സ്മിത്തിനൊപ്പം പിടിച്ചു നിന്നതോടെ രാജസ്ഥാൻ പ്രതിസന്ധിയിൽ നിന്ന് കരകയറുകയായിരുന്നു. 77/3 എന്ന നിലയിൽ ക്രീസിൽ ഒന്നിച്ച ഇരുവരും അഞ്ചാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 70 റൺസാണ് രാജസ്ഥാന്റെ വിജയത്തിൽ നിർണായകമായത്. ചഹാർ മുംബയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തേ അർദ്ധ സെഞ്ച്വറി നേടിയ ക്വിന്റൺ ഡി കോക്കിന്റെ (47 പന്തിൽ 65) ബാറ്രിംഗാണ് മുംബയ്‌യെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. രണ്ടാം പകുതിയിലെ സ്മിത്തിന്റെ തന്ത്രപരമായ ബൗളിംഗ് ചേയ്ഞ്ചുകളും അർച്ചറുടെയും ഗോപാലിന്റെയും ബിന്നിയുടെയുമെല്ലാം മികച്ച ബൗളിംഗുമാണ് മുംബയുടെ സ്കോർ നിയന്ത്രിച്ച് നിറുത്തിയത്. ഉനദ്കഡിന്റെ ബൗളിംഗിൽ മൂന്ന് തവണ ആർച്ചർ വിട്ടുകളഞ്ഞെങ്കിലും ഹാർദ്ദിക് പാണ്ഡ്യയ്ക്ക് (15 പന്തിൽ 23) അത് വേണ്ട രീതിയിൽ മുതലാക്കാനായില്ല. സൂര്യ കുമാർ യാദവ് 34 റൺസ് നേടി. ഗോപാൽ 2 വിക്കറ്റ് വീഴ്ത്തി.