priyanka-gandhi-

നിലമ്പൂർ: തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പൊതുയോഗം വിളിച്ച് പാകിസ്ഥാനെക്കുറിച്ച് പറയുന്ന നരേന്ദ്രമോദി ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പാക്കിസ്ഥാനിൽ പോയി ബിരിയാണി കഴിച്ചിട്ടാണ് മോദി രാജ്യസ്നേഹം പഠിപ്പിക്കുന്നതെന്നും പ്രിയങ്ക നിലമ്പൂരിൽ പറഞ്ഞു.

ദേശീയവാദിയും ശക്തനുമായ നേതാവാണു മോദി എന്നാണു ബി.ജെ.പി വിശേഷിപ്പിക്കുന്നത്‌. എന്നാൽ ജനങ്ങളുടെ ആവശ്യങ്ങൾ കേൾക്കുന്നതിലും പരിഗണിക്കുന്നതിലും പരാജയപ്പെട്ട മോദി ദുർബലനായ പ്രധാനമന്ത്രിയാണ്. ജനങ്ങൾക്ക് എന്താണ് പറയാനുള്ളതെന്ന് മോദി കേൾക്കുന്നില്ലെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

നാട്ടിലെങ്ങും ഒരു വ്യക്തിയുടെ മാത്രം തല വച്ചുള്ള പരസ്യങ്ങളാണ്. കോടിക്കണക്കിനു രൂപയാണു പരസ്യത്തിനു വേണ്ടി ചെലവിടുന്നത്‌.

അഞ്ച് വർഷം രാജ്യത്തെ വിഭജിക്കുക മാത്രമാണ് ബി.ജെ.പി സർക്കാർ ചെയ്തതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. കോൺഗ്രസ് അധികാരത്തിലെത്തിയാൽ കർഷകരുടെയും ആദിവാസികളുടെയും പ്രശ്നങ്ങൾക്ക് പൂർണ പരിഹാരം കാണുമെന്നും പ്രിയങ്ക പറഞ്ഞു.

മലയോര കർഷകരുടെ പൂർണ സംരക്ഷണം ഉറപ്പു നൽകുമെന്ന് പുൽപ്പള്ളിയിൽ സംഘടിപ്പിച്ച കർഷക സംഗമത്തിൽ പ്രിയങ്ക വ്യക്തമാക്കി. കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നതിനൊപ്പം ക്ഷേമ പദ്ധതികൾ വേഗത്തിൽ നടപ്പാക്കുമെന്നും അവർ പറഞ്ഞു.