ശ്രീനഗർ: അതിർത്തി കടന്നെത്തിയ പാക് യുദ്ധ വിമാനത്തെ വെടിവച്ചിട്ട വിംഗ് കമാൻഡർ അഭിനന്ദന് വീരചക്ര പുരസ്കാരത്തിന് വ്യോമംസേനമ ശുപാർശ ചെയ്തു. ബാലക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാക് സൈന്യം ഇന്ത്യയ്ക്ക് നേരെ ആക്രമണത്തിനൊരുങ്ങിയപ്പോൾ പ്രതിരോധിച്ചതും പാകിസ്ഥാന്റെ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതും മുൻനിറുത്തിയാണ് വീരചക്ര പുരസ്‌കാരത്തിനായി ശുപാർശ ചെയ്തത്. സൈനികർക്ക് നൽകുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ പുരസ്കാരമാണ് വീരചക്ര. അഭിനന്ദനൊപ്പം ബാലക്കോട്ട് വ്യോമാക്രമണത്തിന് നേതൃത്വം നല്‍കിയ 12 മിറാഷ് 2000 വിമാനങ്ങളിലെ പൈലറ്റുമാരെ വായുസേന മെഡലിനും ശുപാർശ ചെയ്തിട്ടുണ്ട്.
അതേസമയം സുരക്ഷാപ്രശ്നങ്ങ8 മുൻനിറുത്തി അബിനന്ദനെ ശ്രീനനഗറിന് പുറത്തേക്ക് സ്ഥലംമാറ്റി. പടിഞ്ഞാറൻ അതിർത്തി മേഖലയിലെ എയർബേസിലേക്കാണ് അഭിനന്ദനെ സ്ഥലംമാറ്റിയതായി വ്യോമസേനാ വൃത്തങ്ങൾ അറിയിച്ചത്. കാശ്മീരിലെ സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്ഥലംമാറ്റമെന്നാണ് വെളിപ്പെടുത്തൽ. സുരക്ഷകാരണങ്ങളാൽ പുതിയ സ്ഥലത്തെക്കുറിച്ചും വെളിപ്പെടുത്തിയിട്ടില്ല. നിലവിൽ ശ്രീനഗറിലുള്ള എയർഫോഴ്സ് നമ്പർ 51 സ്‌ക്വാഡ്രനിലാണ് അഭിനന്ദനുള്ളത്.
അഭിനന്ദൻ വർദ്ധമാൻ അധികം വൈകാതെ യുദ്ധ വിമാനങ്ങൾ പറത്തിയേക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ബംഗളൂരു ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എയറോ സ്പേസ് (ഐ.എ.എം) അഭിനന്ദനെ പരിശോധിച്ച് റിപ്പോർട്ട് നൽകി.
കഴിഞ്ഞ ഫെബ്രുവരി 27 നാണ് പാകിസ്ഥാൻ യുദ്ധ വിമാനങ്ങളെ തുരത്തുന്നതിനിടെ മിഗ് 21 വിമാനം തകർന്ന് അഭിനന്ദൻ പാകിസ്ഥാൻ സൈന്യത്തിന്റെ പിടിയിലാവുന്നത്. പിടിയിലാവുന്നതിന് മുൻപെ പാകിസ്ഥാന്റെ എഫ്16 വിമാനം അഭിനന്ദൻ വെടിവെച്ച് വീഴ്ത്തിയിരുന്നു. തുടർന്ന് ആ രാജ്യത്തെ സൈന്യത്തിന്റെ പിടിയിലായ അഭിനന്ദനെ പിന്നീട് പാകിസ്ഥാൻ ഇന്ത്യക്ക് കൈമാറുകയായിരുന്നു. ലഹോറിൽ പാകിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതിക്ക് നേരിട്ടാണ് പാക് സൈന്യം അഭിനന്ദനെ കൈമാറിയത്. വ്യോമസേനയുടെ വലിയ ഒരു സംഘം തന്നെ വിംഗ് കമാൻഡർ സ്വീകരിക്കാൻ വാഗാ അതിർത്തിയിലെത്തിയിരുന്നു. അഭിനന്ദന്റെ കുടുംബാംഗങ്ങളും സ്വീകരണ ചടങ്ങിന് എത്തിയിരുന്നു.