spicejet

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനം അവസാനിപ്പിച്ച ജെറ്ര് എയർവേസിന്റെ ജീവനക്കാർ ശമ്പള കുടിശിക ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയയ്ച്ചു. കഴിഞ്ഞ 17നാണ് ജെറ്ര് എയർവേസ് പ്രവർത്തനം തത്കാലം നിറുത്തിവയ്‌ക്കുന്നതായി അറിയിച്ചത്. 23,000 ജീവനക്കാരാണ് കമ്പനിയ്ക്കുള്ളത്. ഇവരിൽ മിക്കവർക്കും കഴിഞ്ഞ ഏഴ് മാസത്തോളമായി ശമ്പളം കിട്ടിയിട്ടില്ല.

ജീവനക്കാരുടെ സംഘടനകളായ സൊസൈറ്രി ഫോർ വെൽഫെയർ ഒഫ് ഇന്ത്യൻ പൈലറ്ര്‌സ്, ജെറ്ര് എയർക്രാഫ്‌റ്ര് മെയിന്റനൻസ് എൻജിനിയേഴ്‌സ് വെൽഫെയർ അസോസിയേഷൻ എന്നിവയാണ് കത്തയയ്ച്ചത്. ജെറ്ര് എയർവേസിനെ സംബന്ധിച്ച് ഇനിയുള്ള ഓരോ നിമിഷവും നിർണായകമാണെന്നും ജീവനക്കാരുടെ ശമ്പള കുടിശിക വീട്ടാനും കമ്പനിയെ പുനഃരുജ്ജീവിപ്പിക്കാനും വേണ്ട പണം കണ്ടെത്താൻ ഇടപെടണമെന്നുമാണ് കത്തിലെ പ്രധാന ആവശ്യം. ജെറ്രിന്റെ പ്രവർത്തനം നിലച്ചതിനെ തുടർന്ന്, മറ്ര് വിമാനക്കമ്പനികൾ ടിക്കറ്ര് നിരക്ക് കുത്തനെ കൂട്ടിയതും സംഘടനകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതേസമയം, ജെറ്ര് എയർവേസിന്റെ നിയന്ത്രണം ഏറ്റെടുത്ത എസ്.ബി.ഐ

യുടെ നേതൃത്വത്തിലുള്ള ബാങ്കിംഗ് കൺസോർഷ്യം, കമ്പനിയുടെ 75 ഓഹരികൾ വിറ്റഴിക്കാനുള്ള നടപടികളെടുത്തിട്ടുണ്ട്. യോഗ്യരായ നിക്ഷേപകരെ മേയ് 10ന് പ്രഖ്യാപിക്കും. ഓഹരി വില്‌പന വിജയിക്കുമെന്നാണ് ബാങ്കുകളുടെ പ്രതീക്ഷ. 8,500 കോടി രൂപയാണ് ബാങ്കുകൾക്ക് ജെറ്ര് എയർവേസ് വായ്‌പാ ഇനത്തിൽ തിരിച്ചടയ്‌ക്കാനുള്ളത്.

ജെറ്ര് ജീവനക്കാരെ ഏറ്റെടുത്ത് സ്‌പൈസ് ജെറ്ര്

ജെറ്ര് എയർവേസിന്റെ 100 പൈലറ്റുമാർ ഉൾപ്പെടെ 500 ജീവനക്കാർക്ക് അഭയം നൽകി സ്‌പൈസ് ജെറ്ര്. ജെറ്രിൽ നിന്നുള്ള കൂടുതൽ പേരെ ഇനിയും നിയമിക്കുമെന്ന് സ്‌പൈസ് ജെറ്ര് അറിയിച്ചിട്ടുണ്ട്. 27 പുതിയ വിമാനങ്ങൾ കൂടി സർവീസിൽ കൂട്ടിച്ചേർക്കുമെന്ന് സ്‌പൈസ് ജെറ്ര് വ്യക്തമാക്കിയിരുന്നു. ഇവയിലേക്കാണ് പ്രധാനമായും ജെറ്രിൽ നിന്നുള്ളവരെ നിയോഗിക്കുക. മുംബയ്, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് എട്ടോളം വിദേശ നഗരങ്ങളിലേക്കാണ് പുതുതായി സർവീസ് ആരംഭിക്കുന്നത്.