തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണ സമയങ്ങളിൾ സോഷ്യൽ മീഡിയിലൂടെ നിരവധി വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ഒരാളുടെ ഫോട്ടോ തന്നെ രണ്ട് പാർട്ടിക്കാരും ഉപയോഗിച്ചാലോ. അങ്ങിനെയുള്ള ഒരു വൃദ്ധയോടൊപ്പമുള്ള ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
രാഹുൽ ഗാന്ധിക്കും ശശി തരൂരിനും കെ സുരേന്ദ്രനും ഒപ്പം നിൽക്കുന്ന വൃദ്ധയുടെ ചിത്രം പങ്കുവെച്ചാണ് ഈ പ്രചരണം. രാഹുൽ ഗാന്ധിയെ കെട്ടിപ്പിടിച്ച് നിൽക്കുന്ന വൃദ്ധയും പത്തനംതിട്ട സ്ഥാനാർത്ഥി കെ. സുരേന്ദ്രനെ കെട്ടിപ്പിടിച്ച് നിൽക്കുന്ന വൃദ്ധയും ഒരേ ആളാണെന്നും ചിലർ വാദിക്കുന്നു. കോജെപി സഖ്യത്തിന്റെ ചില ഫോട്ടോ അപാരതകൾ എന്ന പേരിൽ ഈ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇവന്റ് മാനേജ്മെന്റ് കമ്പനി സ്ഥാനാർത്ഥിയെ കെട്ടിപിടിക്കാനും കരയാനുമായി എത്തിച്ച സംഘത്തിലെ ആളാണെന്ന രീതിയിലും പ്രചരണം നടന്നു.
ഉത്തരേന്ത്യയിലും ഈ ഫോട്ടോ വച്ച് വ്യാജ പ്രചരണങ്ങൾ നടന്നിരുന്നു. സുരേന്ദ്രൻ ബി.ജെ.പി നേതാവാണെന്ന് അറിയാത്തവരാണ് വ്യാജ പ്രചാരണത്തിന് പിന്നിൽ. എന്നാൽ ദേശീയ മാദ്ധ്യമമായ ആൾട്ട് ന്യൂസാണ് വ്യാജപ്രചരണങ്ങളിലെ സത്യാവസ്ഥ പുറത്ത് വിട്ടത്. രാഹുൽ ഗാന്ധിക്കൊപ്പം നിൽക്കുന്ന വൃദ്ധയുടെ ചിത്രം തമിഴ്നാട്ടിൽ നിന്നുള്ളതാണ്. തമിഴ്നാട്ടിൽ പ്രളയം ഉണ്ടായപ്പോൾ എടുത്ത ചിത്രമാണത്. ശശി തരൂർ തന്റെ പ്രചാരണത്തിനിടെ വൃദ്ധയെ കെട്ടിപിടിച്ച് നിൽക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.2019 ഏപ്രിൽ 12നാണ് അദ്ദേഹം ആ ഫോട്ടോ ട്വീറ്റ് ചെയ്ത ഫോട്ടോയാണ് ചിലർ വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചത്.