tp-sreenivasan

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന് പിന്തുണ നൽകിയതിന്റെ കാരണം വെളിപ്പെടുത്തി മുൻ നയതന്ത്രജ്ഞനായ ടി.പി ശ്രീനിവാസൻ രംഗത്ത്. ഒരു സ്ഥാനാർത്ഥിയെ പിന്തുണച്ചതിന്റെ പേരിൽ ജനാധിപത്യത്തിലും മതേതരത്ത്വത്തിലുമുള്ള തന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന തരത്തിലുള്ള പ്രചാരണം തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്നും ശ്രീനിവാസൻ ഫേസ്ബുക്കിൽ കുറിച്ചു.

'താൻ ഇന്നേവരെ ഒരു പാർട്ടിയിലും അംഗമായിട്ടില്ല,​ അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പിൽ വ്യക്തിപരമായി തനിക്ക് ആരെയും പിന്തുണയ്ക്കാന്‍ സാധിക്കും. കോൺഗ്രസ് സ്ഥാനാർത്ഥികളായ ആന്റോ ആന്റണി, ഹൈബി ഈഡൻ എന്നിവർ മാത്രമാണ് പിന്തുണ ആവശ്യപ്പെട്ടത്. അവരുടെ രാഷ്ട്രീയത്തോട് ഉയർന്ന ബഹുമാനം സൂക്ഷിക്കുന്നതിനാൽ പിന്തുണ നൽകുകയും ചെയ്തു'. ശശി തരൂർ പിന്തുണ ആവശ്യപ്പെട്ടില്ലെന്നും ശ്രീനിവാസൻ കുറിച്ചു.

എന്റെ കോളേജിലെ സഹപാഠിയായ സി ദിവാകരൻ വീട്ടിൽ വന്ന് കാണുകയും പിന്തുണ ആവശ്യപ്പെട്ടുകയും ചെയ്തു. അദ്ദേഹത്തിനറിയാം എന്റെ രാഷ്ട്രീയം വ്യത്യസ്ഥമാണെന്ന്. എങ്കിലും അദ്ദേഹത്തിന് നല്ലതു വരട്ടെയെന്ന് ആശംസിച്ചു. മിസോറം ഗവർണറായിരിക്കെയാണ് കുമ്മനത്തെ കാണുന്നത്. അദ്ദേഹം എന്റെ പിന്തുണ ആവശ്യപ്പെടുകയും, അദ്ദേഹത്തിന്റെ പ്രചാരണം നയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ വ്യക്തിത്വം, പ്രത്യേകിച്ചും ആ ലാളിത്യവും പ്രതിബദ്ധതയും എനിക്കിഷ്ടമായി. അദ്ദേഹത്തെ വ്യക്തിപരമായ നിലയിൽ പിന്തുണയ്ക്കാനും തീരുമാനിക്കുകയായിരുന്നു. ടിപി ശ്രീനിവാസൻ പറഞ്ഞു.

ശശി തരൂർ രാഷ്ട്രീയക്കാരൻ എന്ന നിലയിൽ എന്നെ നിരാശപ്പെടുത്തി. ഇത് സംബന്ധിച്ച് താൻ എഴുതിയപ്പോൾ മുൻകാല ബന്ധം പോലും പരിഗണിക്കാതെ അദ്ദേഹം മോശമായി പ്രതികരിച്ചു. ആ സംഭവത്തിനു ശേഷം ഞങ്ങൾ പരസ്‌പരം സംസാരിച്ചിട്ടില്ല. താൻ കുമ്മനത്തെ പിന്തുണയ്ക്കുന്നതിന് കാരണം തിരുവനന്തപുരത്ത് എം.പി മാറണം എന്നിതിനാലാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.