ലക്‌നൗ: തിരഞ്ഞടുപ്പ് ഫലം പുറത്തുവരുമ്പോൾ ഉത്തർപ്രദേശിൽ മായാവതിയും അഖിലേഷ് യാദവും തമ്മിലുള്ള സൗഹൃദം അവസാനിക്കുമെന്ന് നരേന്ദ്രമോദി. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ബി.എസ്.പി അദ്ധ്യക്ഷ മായാവതിയും തമ്മിൽ ഉത്തപ്രദേശിൽ തിരഞ്ഞെടുപ്പ് സഖ്യത്തിൽ ഏർപ്പെട്ടതിനെ പരിഹസിക്കുകയായിരുന്നു മോദി. ഇവരുടെ കപടസൗഹൃദം മേയ് 23-ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ അവസാനിക്കുമെന്നും ഇരുവരും തമ്മിലുള്ള ശത്രുത വീണ്ടും തുടങ്ങുമെന്നുമായിരുന്നു മോദി പറഞ്ഞത്. ഉത്തർപ്രദേശിലെ ഇത്താഹിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തർപ്രദേശിലെ നിയമസഭ തിരഞ്ഞെടുപ്പിലും ഇതുപോലെ ഒരു സൗഹൃദമുണ്ടായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ആ സൗഹൃദം അവസാനിക്കുകയും അവർ ശത്രുക്കളാവുകയും ചെയ്തു. ഇപ്പോൾ വീണ്ടും ഒരു കപടസൗഹൃദം ഉണ്ടാക്കിയിരിക്കുന്നു. പക്ഷേ, ഇതെല്ലാം മേയ് 23-ന് അവസാനിക്കും- മോദി പറഞ്ഞു.
കഴിഞ്ഞദിവസം സമാജ് വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവും ബി.എസ്.പി. നേതാവ് മായാവതിയും മെയിൻപുരിയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഉത്തർപ്രദേശിലെത്തിയത്.