നീ എൻ സർഗ സൗന്ദര്യമേ
നീ എൻ സത്യ സംഗീതമേ
നിന്റെ സങ്കീർത്തനം, സങ്കീർത്തനം
ഓരോ ഈണങ്ങളിൽ പാടുവാൻ
നീ തീർത്ത മൺവീണ ഞാൻ...
ജീവിതം കൊണ്ടു വേർപെട്ടു പോയൊരാൾ ജീവനേകി നിർമ്മിച്ചെടുത്ത ഈണങ്ങൾ മാത്രമാണ് പാട്ടുകളുടെ വീട്ടിൽ റാണിക്ക് ഇപ്പോൾ കൂട്ടിനുള്ളത്. ഓർമകളുടെ പിന്നണിയിലെവിടെയോ ഒരു ഗിറ്റാർ വിലാപ ശ്രുതി മീട്ടിയിരിപ്പുണ്ട്. ഏറ്റവും പ്രിയപ്പെട്ടൊരു പാട്ട് പാടിത്തീരുന്നതിലും വേഗത്തിലായിരുന്നു റാണിയുടെ ജീവിതത്തിൽ നിന്നും ജോൺസൻ മാഷ് എന്ന പ്രതിഭ വേർപെട്ടു പോയത്. അതിലേറെ വേദന നൽകിയായിരുന്നു മക്കൾ ഷാനും റെന്നും ഈ അമ്മയുടെ കൈയിൽ നിന്നൂർന്ന് അപ്രതീക്ഷിതമായി ജീവിതത്തിൽ നിന്നും കടന്നു പോയത്.
ഓർമകളിൽ നിന്നും ഉയിർപ്പ്
കുരിശുമരണത്തിൽ നിന്ന് മൂന്നാംനാൾ കർത്താവ് ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മയിലാണ് ഇന്ന് ലോകം. സ്വർഗസുന്ദര ജീവിതത്തിൽ നിന്ന് തീരാനഷ്ടങ്ങളുടെ ഇരുട്ടിലേക്ക് വീഴ്ചയിൽ നിന്നാണ് റാണിയും ഉയിർത്തെഴുന്നേൽക്കുന്നത്. പ്രണയത്തിന്റെ, സന്തോഷത്തിന്റെ, സങ്കടത്തിന്റെ ഭാവങ്ങൾ ഗാനങ്ങളിലേക്ക് ആവാഹിച്ച പ്രിയ സംഗീത സംവിധായകൻ ജോൺസൺ മാഷിന്റെ ഭാര്യ റാണി ജോൺസൺ ഇപ്പോൾ പൂക്കാട്ടുപടി ക്ളബ് റോഡിലെ ടിറ്റൂസ് നെസ്റ്റ് എന്ന് പേരിട്ട പുതിയ വില്ലയിലെ സ്വീകരണമുറിയിൽ ഓർമകളുടെയും നൊമ്പരങ്ങളുടെയും നടുവിൽ പുഞ്ചിരിച്ചു മിണ്ടാനിരിക്കുകയാണ്. ജോൺസൺ മാസ്റ്ററിന്റെയും മക്കൾ ഷാൻ ജോൺസണിന്റെയും റെൻ ജോൺസണിന്റെയും ചിത്രങ്ങൾക്കും മാസ്റ്ററിന്റെ പ്രിയഗിറ്റാറിന്റെയും നേടിയ സംസ്ഥാനപുരസ്കാരങ്ങളുടെയും മകൾ പാട്ടിനും മകൻ ബൈക്ക് റെയ്സിംഗിനും സ്വന്തമാക്കിയ പുരസ്കാരങ്ങളുടെയും നടുവിലിരുന്ന് ആ അമ്മ സംസാരിച്ചു തുടങ്ങി. സന്തോഷം നിറഞ്ഞ കാൽ നൂറ്റാണ്ടിനെ കുറിച്ച് ,ഒന്നിന് പിന്നാലെ മറ്റൊന്നായി എത്തിയ ദുരന്തങ്ങളെ കുറിച്ച്, അതിജീവനത്തിന്റെ രാപകലുകളെക്കുറിച്ച്...
പാട്ടിന്റെ കൈപിടിച്ചൊരു ജീവിതം
ജോൺസണെയും റാണിയെയും ഒന്നിപ്പിച്ചത് മറ്റൊരു സംഗീത സംവിധായകനായ അർജുനൻ മാസ്റ്ററായിരുന്നു. ജോൺസണ് വേണ്ടി വിവാഹം ആലോചിക്കാൻ തുടങ്ങിയ കാലം. അർജുനൻ മാസ്റ്ററുടെ മകളുടെ കൂട്ടുകാരിയായ റാണി ജോൺസണ് ചേരുന്ന പെണ്ണാണ് എന്ന് ആദ്യം പറയുന്നത് അദ്ദേഹത്തിന്റെ മകൻ അശോകനാണ്. ജോൺസണ് വേണ്ടി പെണ്ണന്വേഷിച്ച് ഇടക്കൊച്ചിയിലെ റാണിയുടെ വീട്ടിലേക്ക് ചെല്ലുന്നതും അശോകൻ തന്നെ. പരസ്പരം കണ്ട് ഇഷ്ടപ്പെട്ടതോടെ 1982ൽ ജോൺസൺ മാസ്റ്ററിനൊപ്പം സംഗീതസാന്ദ്രമായ ജീവിതത്തിന് റാണി തുടക്കം കുറിച്ചു. വിവാഹശേഷമാണ് ആദ്യ സംസ്ഥാന പുരസ്കാരം ജോൺസണെ തേടിയെത്തുന്നത്. അങ്ങനെ ജന്മസിദ്ധമായ സംഗീതത്തിനൊപ്പം ഭാഗ്യമായി റാണിയും എത്തിയെന്ന് ജോൺസന്റെ കൂട്ടുകാർ കളിയായും കാര്യമായും പറയാൻ തുടങ്ങി. പക്ഷേ, അതു തന്നെയായിരുന്നു സത്യം. വർഷം പത്തോളം ചിത്രങ്ങളിൽ അമ്പതോളം ഗാനങ്ങൾ. സിനിമാസംഗീത ലോകത്ത് ജോൺസൺ മാസ്റ്ററിന്റെ മൂല്യം കുതിച്ചുയർന്നു. കംപോസിംഗ് വീടിന് പുറത്തുവച്ച് നടത്താനായിരുന്നു മാസ്റ്ററിന് പ്രിയം. വീട്ടിൽ വന്നാൽ തികച്ചും വീട്ടുകാരനായി മാറുകയായിരുന്നു പതിവ്. വിവാഹം കഴിഞ്ഞ് നാല് വർഷത്തെ കാത്തിരിപ്പിന് ശേഷം ആദ്യത്തെ കുഞ്ഞ്, ഷാൻ ജോൺസൺ എന്ന് പേരിട്ട പൊന്നോമനയെ വീട്ടിൽ ടിറ്റു എന്ന് ജോൺസണും റാണിയും വിളിച്ചു. ചെന്നൈയിൽ അന്ന് തങ്ങൾ താമസിച്ച സ്ട്രീറ്റിന് ടിറ്റൂസ് സ്ട്രീറ്റെന്ന് ജോൺസൺ പേരുചൊല്ലി. ഇന്നും ആ തെരുവിന് അകാലത്തിൽ പൊലിഞ്ഞു പോയ പൊന്നോമനയുടെ പേരാണെന്ന് അമ്മ ഉറപ്പിക്കുന്നു. മകൾ ജനിച്ച് അഞ്ചുവർഷം പിന്നിട്ടപ്പോഴാണ് അവൾക്ക് കുഞ്ഞനുജനായി അച്ചുവെന്ന റെൻ ജോൺസൺ ജനിക്കുന്നത്. സ്വർഗമായിരുന്നു റാണിയ്ക്ക് അവർക്കൊപ്പമുള്ള ജീവിതം. ചെന്നൈ വിട്ട് എവിടെ പോകുമ്പോഴും ജോൺസൺ മാസ്റ്ററിന് റാണിയുടെ കൂട്ട് വേണമായിരുന്നു. മക്കളെയോർത്ത് ഒറ്റയ്ക്ക് യാത്ര തിരിച്ചാലും തൊട്ടടുത്ത ദിവസം റാണിയ്ക്ക് യാത്രാടിക്കറ്റ് എത്തും.
അപ്രതീക്ഷിതം ആ കടന്നുപോക്ക്
വീട്ടിലിരുന്ന് പാട്ടു കംപോസ് ചെയ്യുന്ന ശീലമില്ല ജോൺസൺ മാസ്റ്ററിന്. റെക്കാർഡിംഗ് തീരുംവരെ ടെൻഷനിലാവും. ആ സമയം അടുത്തേക്ക് പോകാതിരിക്കുന്നതാണ് നല്ലതെന്ന് റാണിക്ക് അറിയാം. എന്നാൽ, മോളുടെ പപ്പാ വിളിയിൽ ദേഷ്യം അലിഞ്ഞില്ലാതാവുന്നത് പലവട്ടം നേരിട്ടു കണ്ടു. പാട്ടിന്റെ റെക്കാർഡിംഗ് തീർന്നാൽ ആദ്യം കേൾക്കുന്നതിലൊരാൾ റാണിയാണ്. കാറിലിരുന്ന് പാട്ട് മനഃപാഠമാകും വിധം വീണ്ടും വീണ്ടും കേൾക്കുകയാണ് മാസ്റ്ററിന്റെ ശീലം, പതിയെ റാണിയുടെയും. ടിറ്റു അച്ഛൻകുട്ടിയും അച്ചു അമ്മക്കുട്ടിയുമാണ്. അച്ഛന്റെ ധൈര്യം കിട്ടിയത് ഷാനിനാണ്. അമ്മയ്ക്ക് ചുറ്റുമാണ് അച്ചുവിന്റെ ലോകം. എന്നാൽ, അച്ഛനെ പോലെ പാട്ട് ഇരുവർക്കും ജീവനുതുല്യം.രക്തത്തിലെ പ്ളേറ്റ്ലറ്റുകളുടെ എണ്ണം കുറയുന്ന രോഗമുണ്ട് റാണിക്ക്. അതിന്റെ ഭാഗമെന്നോണം വീഴ്ച പതിവാണ്. ഭർത്താവിന്റെയോ മക്കളുടെയോ കൈ പിടിച്ചേ പുറത്തേക്കിറങ്ങൂ. ജീവിതം അങ്ങനെ മൂന്നുപേരിലേക്ക് ചുരുക്കുകയായിരുന്നു റാണി. 2011 ആഗസ്റ്റ് 18. അന്നാണ് റാണിയുടെ ജീവിതം കീഴ്മേൽ മറിയാൻ തുടങ്ങിയത്. പിറ്റേദിവസം നാട്ടിലേക്ക് റെക്കാർഡിംഗ് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ജോൺസൺ. മകനെ ബസ് സ്റ്റോപ്പിൽ കൊണ്ടുവിടാനായി തയ്യാറായി ഇറങ്ങി. ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കാൻ അച്ചു പറഞ്ഞെങ്കിലും മകന് ജോലി കിട്ടിയിട്ട് ആദ്യമായി പറഞ്ഞതാണല്ലോ എന്ന് കരുതി റാണി മകനെ നിർബന്ധിച്ച് വിട്ടു. തലവേദനിക്കുന്നുവെന്ന് പറഞ്ഞായിരുന്നു മാസ്റ്റർ തിരികെ വീട്ടിലേക്ക് വന്നത്. മുറിയിൽ കിടക്കവേ അടുക്കളയിൽ പോയി ചൂടുവെള്ളം എടുക്കാനൊരുങ്ങിയ റാണിയെ തടഞ്ഞു. അടുത്തിരുന്നാൽ മതിയെന്ന് പറഞ്ഞു. അച്ഛന് വയ്യെന്ന് അറിഞ്ഞ് മകൾ ആംബുലൻസ് അയച്ചു. ആശുപത്രിയിലെത്തും മുമ്പേ ജോൺസൺ മാസ്റ്റർ തന്റെ ഗാനങ്ങൾ ബാക്കിയാക്കി ലോകത്തോട് യാത്ര പറഞ്ഞു.
വേർപാടുകളുടെ വിലാപഗീതം
വീട്ടിലെ ഗാനങ്ങളോരോന്നായി നിലച്ചുതുടങ്ങുന്നതിന്റെ തുടക്കമാണതെന്ന് റാണി തിരിച്ചറിഞ്ഞിരുന്നില്ല. മാസ്റ്റർ വേർപിരിഞ്ഞിട്ട് ആറാംമാസം. നാട്ടിൽ ഡോക്ടറെ കാണിച്ച് അമ്മ മേരി ജേക്കബിനൊപ്പം ചെന്നൈയിലേക്ക് തിരിച്ചു പോയ റാണിയെ അച്ചു എയർപോർട്ടിൽ പോയി വിളിച്ചു. വീട്ടിലേക്കുള്ള വഴിയെ തനിക്ക് ഒരു ടോയ് കാർ വേണമെന്ന അച്ചുവിന്റെ ആഗ്രഹത്തെ കളിയാക്കിയെങ്കിലും മകന് വേണ്ടി പച്ചനിറത്തിലുള്ള കാർ വാങ്ങിക്കുക തന്നെ ചെയ്തു ആ അമ്മ. രാത്രി മകൻ അമ്മയ്ക്കൊപ്പം കളിച്ചു. പിറ്റേദിവസം ഫെബ്രുവരി 25ന് പതിവു തെറ്റിച്ച് താക്കോൽ എടുക്കാതെ, പത്തുമണിയാവുമ്പോൾ തിരിച്ചെത്താമെന്ന് വാക്കുപറഞ്ഞ് മകൻ ജോലിക്കായി ഇറങ്ങി. മകനെ കാത്തിരിക്കെ പത്തുമണിക്ക് വന്നത് ഒരു ഫോൺകാൾ ആയിരുന്നു. മറുപുറത്ത് വിറച്ച ശബ്ദം 'റെൻ ജോൺസണിന് അപകടം പറ്റി. ആശുപത്രിയിലാണ് ". മകൻ കൂടി പോയതോടെ റാണിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനാവില്ലെന്ന് ബന്ധുക്കൾ പോലും കരുതി. പക്ഷേ അമ്മയ്ക്ക് കരുതലായി ഷാൻ ഉറച്ചുനിന്നു. ചെന്നൈയിൽ നിന്ന് എറണാകുളത്തേക്ക് താമസം മാറ്റുകയായിരുന്നു ആദ്യം ചെയ്തത്. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ചെന്നൈയിൽ നിന്ന് ഷാൻ വിവരമന്വേഷിച്ച് വിളിക്കും. ശബ്ദമൊന്ന് പതറിയാൽ അവൾ തിരിച്ചറിയും. പപ്പയും അച്ചുവും തന്ന സ്നേഹം ഒറ്റയ്ക്ക് നൽകുമെന്ന് അവൾ വാക്ക് നൽകി. അച്ഛൻ പാതിയാക്കി പോയ ഗാനങ്ങളുടെ സംഗീതസംവിധാനം അവൾ പൂർത്തിയാക്കി. അച്ചുവിനായി അച്ഛന്റെ തന്നെ ഗാനം റീമിക്സ് ചെയ്ത് അവൾ പാടിയ മനസിൻ മടിയിലെ മാൻതളിരേ... അത് കേരളക്കരയാകെ ഏറ്റെടുത്തു. ജോലി കഴിഞ്ഞെത്തിയാൽ സംഗീതത്തിന്റെ ലോകത്തേക്ക് കടന്നു അവളും. അച്ചുവിന്റെ ഓർമ്മയ്ക്കായി ഗാനങ്ങളൊരുക്കുകയായിരുന്നു പ്രധാനമായും ചെയ്തിരുന്നത്. ഉറക്കമൊഴിഞ്ഞ് അവൾ അതിനായി ഇരിക്കുന്നത് കാണുമ്പോൾ അമ്മ വിലക്കി. 'സമയമെടുത്ത് ചെയ്തൂടെ? എന്തിനാ ഇത്ര തിരക്ക്" 'ഓരോന്നും അതിന്റെ സമയത്ത് ചെയ്തുതീർക്കണം അമ്മാ..." അതായിരുന്നു അവളുടെ മറുപടി.
ഒരു ദു:ഖരാഗം പോലെ ഷാൻ
തമിഴ്, മലയാളം സിനിമകളിൽ പിന്നണി ഗായിക കൂടിയായിരുന്നു അക്കാലം കൊണ്ട് ഷാൻ. 2016 ആഗസ്റ്റിലേക്ക് വിവാഹം ഉറപ്പിച്ചു. വിവാഹശേഷം നാട്ടിൽ വന്ന് അമ്മയ്ക്കൊപ്പം നിൽക്കാനായിരുന്നു ഷാനിന്റെ പ്ളാൻ. അച്ചു മരിച്ചിട്ട് നാലാണ്ട് പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ബാക്കി. തിരുവനന്തപുരത്ത് ഒരു പാട്ട് റെക്കാർഡിംഗിനായി വരേണ്ടതുണ്ട് ഷാനിന്. നാട്ടിൽ നിന്ന് റാണി ചെന്നൈയിലെത്തിയിരുന്നു. തലേദിവസം അമ്മയെ ചെറിയമ്മയുടെ ചെന്നൈയിലെ ഫ്ളാറ്റിലെത്തിച്ചു ഷാൻ. കളിചിരികൾക്കൊടുവിൽ രാവിലെ എയർപോർട്ടിലേക്ക് പോകാനുള്ളതാണെന്നും വിളിച്ചുണർത്തണമെന്നും ചട്ടംകെട്ടിയാണ് ഇറങ്ങിയത്. ഫെബ്രുവരി 5ന് വെളുപ്പിനെ പള്ളിയിൽ പോയി വന്നിട്ട് മകളെ വിളിച്ചു റാണി. ഏറെ വിളിച്ചിട്ടും ഫോണെടുക്കാതായപ്പോൾ ഉറങ്ങിപ്പോയോ എന്ന ആശങ്കയ്ക്കിടയിലേക്കാണ് മകളുടെ പ്രതിശ്രുത വരൻ വിളിക്കുന്നത്. രാവിലെ ഏറെ ശ്രമിച്ചിട്ടും ഷാൻ ഫോണെടുത്തില്ല എന്നതായിരുന്നു അയാൾക്കും പറയാനുണ്ടായിരുന്നത്. എന്താണ് കാര്യമെന്ന് അറിയാനായി ചെന്നപ്പോൾ ഫ്ലാറ്റിലെ കിടപ്പുമുറിയിൽ ജീവനറ്റ് കിടക്കുകയായിരുന്നു അവൾ.
അഭയതീരങ്ങളിൽ ഏകാകിയായി
പിന്നീട് 41 ദിവസം അടച്ചിട്ട മുറിയിലായിരുന്നു റാണി. പള്ളിയിലേക്ക് അല്ലാതെ എവിടെയും ഇറങ്ങിയില്ല, ആരെയും കണ്ടില്ല, ആരോടും മിണ്ടിയില്ല. ഇനിയെന്ത് എന്ന ചോദ്യം മാത്രമായിരുന്നു ഉള്ളിൽ. ലോകത്തെ മുഴുവൻ വെറുത്ത ദിനരാത്രങ്ങൾ. ബൈബിളിലെ ഒരു സങ്കീർത്തനമാണ് ജീവിതത്തിലേക്ക് മടങ്ങാൻ റാണിയെ പ്രേരിപ്പിച്ചത്. 'മനുഷ്യനിൽ ആശ്രയം വയ്ക്കുന്നതിനേക്കാൾ ദൈവത്തിൽ അഭയം തേടുന്നതാണ് നല്ലത്." പിന്നീടുള്ള ദിവസങ്ങൾ പ്രാർത്ഥനയാണ് റാണിയെ നയിച്ചത്, ഇപ്പോൾ നയിക്കുന്നതും. വീഴാതിരിക്കാൻ കൈപിടിച്ചിരുന്ന ഭർത്താവും മക്കളും വിട്ടുപിരിഞ്ഞതിന് ശേഷം ഒരിക്കൽ പോലും കാലൊന്ന് ഇടറിയതു പോലുമില്ലെന്ന് പറയുമ്പോൾ റാണിയുടെ വാക്കിൽ ശ്വാസം പോലെ ദൈവത്തിലുള്ള വിശ്വാസം ഉറച്ചിരുന്നു. ജോൺസൺ മാസ്റ്ററിനായി പ്രിയപ്പെട്ടവർ ഒരുക്കുന്ന കൂടിച്ചേരലുകളിൽ പങ്കെടുക്കാൻ റാണി ഓടിച്ചെല്ലുന്നതും ആ വിശ്വാസത്തെ മുറുകെ പിടിച്ചാണ്. എന്താണ് ജീവിതത്തിൽ അടുത്തത് എന്ന ചോദ്യത്തിന് ഒരു പ്രസക്തിയുമില്ലാഞ്ഞിട്ടും മനസ്സിൽ തെളിഞ്ഞ ഓർമ്മകളിൽ പുഞ്ചിരിച്ച് അവർ പറഞ്ഞവസാനിപ്പിച്ചു...ജീവിക്കുന്ന കാലത്തോളം നന്നായി ജീവിക്കുക, ശേഷം പ്രിയപ്പെട്ടവരോടൊപ്പം ചേരുക...