2005 ൽ ആദ്യം കടമെടുത്ത 'വൈൽഡ് കാർഡു"മായി ഓസ്ട്രലിയൻ ഓപ്പണിൽ പങ്കെടുത്ത സാനിയ മിർസ ഒൻപതു മാസം കൊണ്ട് കോടികളുടെ സമ്പാദ്യത്തിനൊപ്പം കോടിക്കണക്കിന് ആരാധകരെയും സ്വന്തമാക്കി. പ്രതിഭയുടെ മിന്നലാട്ടത്തിനപ്പുറം സൗന്ദര്യത്തിന്റെ മാസ്മരികതയും ഈ നേട്ടത്തിനു പിന്നിൽ ഉണ്ടായിരുന്നു. ആ വർഷം , അവസാന ഗ്രാൻസ്ലാമിൽ, ഫ്ളഷിംഗ് മെഡോയിലെ ആർതർ ആഷ് സ്റ്റേഡിയത്തിലെ വർണപ്രതലത്തിൽ സാനിയ നാലാം റൗണ്ടിൽ കടന്നപ്പോൾ വ്യക്തമായത് ശരീരസൗന്ദര്യത്തിനപ്പുറം ടെന്നീസ് കളിയുടെ സൗന്ദര്യമായിരുന്നു. വലതുകൈ കൊണ്ടുള്ള ഫിനിഷുകൾ; ഇരുകരങ്ങളും ഉപയോഗിച്ചുള്ള മനോഹരമായ ബാക്ക് ഹാൻഡ് റിട്ടേണുകൾ. നിരുപമ മങ്കാദും നിരുപമ വൈദ്യനാഥനും കൈവരിക്കാൻ സാധിക്കാത്ത തലങ്ങളിലേക്ക് ഇന്ത്യൻ വനിതാ ടെന്നിസ് എത്തി.
സാനിയ മിർസ ഒരു പരസ്യത്തിൽ പ്രത്യക്ഷപ്പെടാൻ ഒരു വർഷം ഒന്നര കോടി വാങ്ങിത്തുടങ്ങി. അന്നത്തെ കണക്കിൽ രാഹുൽ ദ്രാവിഡിന് ഒപ്പം; സച്ചിൻ തെൻഡുൽക്കർക്ക് അല്പം പിന്നിൽ. ഗ്രാൻസ്ലാമിൽ സീഡ് ചെയ്യപ്പെടാത്ത താരമായിരുന്നു സാനിയ. യു.എസ്. ഓപ്പൺ തുടങ്ങിയപ്പോൾ 42 ആയിരുന്നു സാനിയയുടെ ലോക റാങ്ക്. ഇന്ത്യയിൽ ടെന്നിസ് തത്സമയം സംപ്രേഷണം ചെയ്യുമ്പോൾ പരസ്യ നിരക്ക് 15 ശതമാനമാണ് സാനിയ മാനിയ മൂലം വർദ്ധിച്ചത്. യു. എസ്. ഓപ്പണിൽ സാനിയ മരിയ ഷറപ്പോവ നാലാം റൗണ്ട് മത്സര വേളയിൽ ടെൻ സ്പോർട്സിനോട് അധിക എയർടൈം അവസാന നിമിഷം ചോദിച്ചു വാങ്ങിയ കമ്പനികൾ എത്രയോ. പക്ഷേ, അതിൽ റഷ്യൻ സുന്ദരി മരിയാ ഷാറപ്പോവയ്ക്കും അവകാശവാദമുന്നയിക്കാം.
കൗമാരത്തിന്റെ തുടിപ്പ്, മുഖശ്രീയുടെ തിളക്കം, മൂക്കുത്തിയും ഇളകിയാടുന്ന കമ്മലുകളും. സാനിയ ഗാലറികളിലും ടി.വി പ്രേക്ഷകരിലും ഹരമായി മാറുകയായിരുന്നു. അന്നത്തെ പതിനെട്ടുകാരി ടെന്നിസ് ലോകം കീഴടക്കിയില്ല. പക്ഷേ, ഇന്ത്യയുടെ കൗമാര, യുവത്വങ്ങളുടെ സ്വപ്നങ്ങൾക്ക് നിറച്ചാർത്തുനൽകി. ഇപ്പോൾ സാനിയ മിർസ എന്ന മുപ്പത്തിരണ്ടുകാരി ഇൻസാൻ മിർസ മാലിക്ക് എന്ന കുട്ടിയുടെ അമ്മയായി ടെന്നിസ് കോർട്ടിൽ മടങ്ങിവരുന്നു. ഈ വർഷം അവസാനത്തോടെ വീണ്ടും മത്സര രംഗത്തെത്താനാണു തീരുമാനം. പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷോയിബ് മാലിക്കുമായി സാനിയയുടെ വിവാഹം 2010ൽ ആയിരുന്നു. ഇവർക്കു കുഞ്ഞ് പിറന്നത് 2018 ഒക്ടോബറിലും. പരിക്കും പിന്നെ, പ്രസവവുമായി രണ്ടു വർഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷമാണ് സാനിയയുടെ മടങ്ങിവരവ്.
സെറീന വില്യംസ് അമ്മയായ ശേഷം, ഈ വർഷം മടങ്ങി വന്നതല്ല സാനിയയ്ക്ക് പ്രേരണയായത് സ്റ്റെഫി ഗ്രാഫ് അമ്മയായി മടങ്ങി വന്ന് കൈവരിച്ച നേട്ടങ്ങളാണ് സാനിയയ്ക്ക് പിൻബലം. സ്റ്റെഫിയെ മുന്നിൽ കണ്ടാകും ഇനിയുള്ള പ്രയാണമെന്നു സാനിയ പറഞ്ഞു കഴിഞ്ഞു. സിംഗിൾസിൽ ലോക റാങ്കിംഗിൽ 2007 ഓഗസ്റ്റിൽ ഇരുപത്തിയേഴാമത് എത്തിയ സാനിയ ഗ്രാൻസ്ലാം ഡബിൾസിലും മിക്സ്ഡ് ഡബിൾസിലും മൂന്നു വീതം കിരീടങ്ങൾ നേടിയിട്ടുണ്ട്. മടങ്ങി വന്നാൽ ഗ്രാൻസ്ലാമിന് ഉപരിയായി ടോക്കിയോ ഒളിംപിക്സിൽ മിക്സ്ഡ് ഡബിൾസിൽ ഒരു മെഡൽ സാനിയയക്ക് ലക്ഷ്യമിടാം. റിയോ ഒളിംപിക്സിൽ സാനിയ രോഹൻ ബോപ്പന്ന ടീം നാലാം സ്ഥാനം നേടിയിരുന്നു. അതിലുപരി സാനിയയുടെ സാന്നിദ്ധ്യം ഏതാനും വർഷത്തേക്കെങ്കിലും ഇന്ത്യൻ ടെന്നിസിന് ഉണർവേകും.
2003 ഫെബ്രുവരിയിൽ പ്രൊഫഷണൽ ടെന്നീസിൽ എത്തിയ സാനിയ ഏറെ വിമർശനങ്ങൾ അതിജീവിച്ചാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വനിതാ ടെന്നിസ് താരമായി വളർന്നത്. സാനിയയുടെ വേഷം ഇസ്ലാമിനു ചേർന്നതല്ലെന്ന ആരോപണത്തിനൊപ്പം ഭീഷണിയും ഉയർന്നു. പിന്നീട് ഷോയിബിന്റെ ഭാര്യയായതോടെ ഇന്ത്യാ വിരുദ്ധ ലേബൽ ചാർത്താൻ ശ്രമമുണ്ടായി. പക്ഷേ, മുംബയിൽ ജനിച്ച്, ഹൈദരാബാദിൽ വസിക്കുന്ന സാനിയ ഇന്ത്യയുടെ അഭിമാനമായി. 2017 ഒക്ടോബറിൽ ചൈനാ ഓപ്പണിലാണ് സാനിയ അവസാനം മത്സരിച്ചത്. അന്നു കാൽ മുട്ടിനു പരുക്കേറ്റതോടെ വിശ്രമത്തിലായി. പിന്നെ, പ്രസവം. 22 ഗ്രാൻസ്ലാം കിരീടങ്ങൾ നേടിയ സ്റ്റെഫി ഗ്രാഫിനെ റോൾ മോഡൽ ആക്കുമ്പോഴും തന്റെ ഇഷ്ടതാരം ടെന്നിസിലെ വികൃതിയായി അറിയപ്പെടുന്ന ജോൺ മക്കെൻറോ ആണെന്ന് സാനിയ പറയുന്നു. താൻ റാക്കറ്റ് അടിച്ച് തകർക്കാറില്ലെങ്കിലും മറ്റുള്ളവർ ഇത്തരം വികൃതികൾ കാണിക്കുന്നത് ആസ്വദിച്ചിട്ടുണ്ടെന്ന് സാനിയ.
ആറാം വയസിൽ ടെന്നിസ് പരിശീലനം തുടങ്ങിയ സാനിയ പതിനാറാം വയസിൽ വിംബിൾഡൺ ജൂനിയർ വിജയം നേടിയപ്പോൾ ഒരു രാത്രി കൊണ്ടു പിറന്ന താരമായി തന്നെ വിശേഷിച്ചവർ ആ വിജയത്തിനു പിന്നിലെ പത്തുവർഷത്തെ അദ്ധ്വാനം കണ്ടില്ലെന്ന് പറഞ്ഞിട്ടുള്ള സാനിയ അത്തരക്കാരെ രണ്ടാം വരവിലും പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ മറ്റൊരു വനിതാ ടെന്നിസ് താരത്തിനും 100ൽ എത്താൻ കഴിഞ്ഞിട്ടില്ല. നിരുപമ വൈദ്യനാഥൻ 150ൽ എത്തി പിൻവാങ്ങി. അങ്കിത ബാംബ്രിയും സാനാ ബാംബ്രിയും മനീഷാ മൽഹോത്രയും റുഷ്മി ചക്രവർത്തിയും അത്രയുമെത്തിയില്ല. അമേരിക്കയിൽ വളർന്ന ഷിക്കാ യു ബറോയി 150 കടന്നു. ഇനി പ്രതീക്ഷ അങ്കിത റെയ്നയിൽ ആണ്. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ അങ്കിത 164 വരെയെത്തി. ശൈലിയിൽ സാനിയയെ പിന്തുടരുന്ന അങ്കിതയ്ക്ക് വർഷങ്ങൾ ഏറെ ബാക്കിയുണ്ട്. പക്ഷേ, അങ്കിതയുടെ തലമുറ ചുവടുറപ്പിക്കുന്നതു വരെ സാനിയയുടെ സാന്നിദ്ധ്യം പ്രയോജനപ്പെടും. കോർട്ടിലെ താരത്തിളക്കം അനിവാര്യമാണ്. സാനിയയെന്ന കൗമാരക്കാരിയിൽ നിന്ന് സാനിയയെന്ന യുവതിയിലേക്ക് ഇന്ത്യൻ വനിതാ ടെന്നിസിന്റെ പ്രതീക്ഷകൾ മാറിയ കാലം കണ്ടു. ഇനി, സാനിയയെന്ന അമ്മയുടെ ഏതാനും വർഷങ്ങൾ കാണാം. സാനിയ ഒരു അന്ന കുർനിക്കോവയല്ല. ഗബ്രിയേലാ സബത്തീനിക്കും മരിയ ഷറപ്പോവയ്ക്കും ഒപ്പം എത്തുകയുമില്ല. ഡബിൾസ് വിജയങ്ങളിൽ മർട്ടീന ഹിൻ ജിസിന്റെ സംഭാവന കുറച്ചു കാണുകയും വേണ്ട. അതു കൊണ്ടു പറയാം സൗന്ദര്യവും പ്രതിഭയും ചെറുതല്ലാതെ സമന്വയിച്ചൊരു താരം. ഇന്ത്യയുടെ സൂപ്പർ താരം.