കണ്ടാൽ കോരിച്ചുണ്ടൻ എരണ്ട പോലെയുള്ള മറ്റൊരു താറാവ് വർഗമാണ് മല്ലർഡുകൾ. നമ്മുടെ വീട്ടിൽ വളർത്തുന്ന താറാവുകളുടെ മുൻഗാമികളായാണ് ഇവരെ കരുതപ്പെടുന്നത്. നമ്മുടെ വീട്ടിൽ വളർത്തുന്ന താറാവുകളും ഒരുകാലത്ത് പറക്കുമായിരുന്നു. എന്ന് വീട്ടിൽ വളർത്താൻ തുടങ്ങിയോ അതോടെ പറക്കലും നിന്നു.
മല്ലാർഡ് താറാവുകൾ മനുഷ്യന്റെ കയ്യിൽ കിട്ടാത്തത് കൊണ്ടാവും ഇപ്പോഴും പറക്കുന്നുണ്ട്. യൂറേഷ്യ , അമേരിക്ക ,ആഫ്രിക്ക എന്നിവിടങ്ങളിലെ ഉഷ്ണ -സമശീതോഷ്ണ മേഖലകളിൽ പ്രജനനം നടത്തുന്ന ഇവർ വളരെയധികം ദേശാടനം നടത്തുന്നവരാണ്. ജീവിക്കാൻ ആവശ്യമായ ചൂടും ,തണുപ്പും , ഭക്ഷണവും അന്വേഷിച്ചു പറക്കുന്ന ഇവരെ മിക്ക തണുപ്പ് കൂടിയ സ്ഥലങ്ങളിലും കാണാം.ശുദ്ധ ജലതടാകങ്ങളിലും, ലവണ രസമുള്ള തണ്ണീർത്തടങ്ങളിലും ,പാർക്കുകളിലെ ജലാശയങ്ങളിലും ഒക്കെ ഇവ കൂട്ടത്തോടെ വസിക്കുന്നു. കൂടുതലും ജലസസ്യങ്ങൾ നിറഞ്ഞ തടാകങ്ങളാണ് ഇവർക്ക് പ്രിയം. ജലാശയ സസ്യങ്ങളെയും മീനുകളെയും ഒക്കെ അകത്താക്കുന്നു. നീന്തി മടുക്കുമ്പോൾ കരയിൽ കയറി തൂവലുകൾ ചീകി മിനുക്കുന്നു. ചിറകുകളിൽക്കിടയിൽ തലപൂഴ്ത്തി വെച്ച് ഉറങ്ങുന്നു. നീന്തുന്നതിനിടയിൽ എന്തെങ്കിലും അപായ സൂചന കിട്ടിയാൽ കൂട്ടത്തോടെ പറന്നു പൊങ്ങാറുമുണ്ട്. കുറച്ചകലെയായി പോയി ലാൻഡ് ചെയ്യും. ആൺപക്ഷിയ്ക്കു തിളങ്ങുന്ന കടും പച്ച നിറത്തിലുള്ള തല, കടും ബ്രൗൺ നിറത്തിൽ കഴുത്തും
നെഞ്ചും, ചാര നിറത്തിൽ അടിഭാഗവും ചിറകുകളും. കഴുത്തിൽ ഒരു വെള്ള വളയമുണ്ട്. ബ്രൗൺ പുള്ളിക്കുത്തുകളോട് കൂടിയ ദേഹമാണ് പെൺപക്ഷിക്ക്. രണ്ടുപേർക്കും ചിറകുകളിൽ വെള്ള ബോർഡറോട് കൂടിയ നല്ല തിളങ്ങുന്ന ഒരു ലെയർ നീലത്തൂവലുകളുണ്ട്. വീട്ടിൽ വളർത്തുന്ന താറാവുകളുടെ അത്ര തന്നെ വലിപ്പമേ ഇവർക്കുള്ളൂ. ഇവ നീന്തുന്ന തടാകത്തിൽ വളരെയധികം ഒച്ചയും
അനക്കവും ഒക്കെ ഉണ്ടാവാറുണ്ട്. എപ്പോഴും ഇണകളായി തന്നെ ഇവയെ കാണാം. കൂടാതെ ആൺപക്ഷികൾ കൂട്ടത്തോടെ നീന്താറുമുണ്ട്. ആയുഷ്ക്കാലം ഒരു ഇണ മാത്രമേ ഇവർക്ക് ഉണ്ടാവാറുള്ളൂ. പെൺപക്ഷി ഓരോ ദിവസത്തെ ഇടവേളകളിൽ മുട്ടയിടാറുണ്ട്. 8 മുതൽ 13 മുട്ടകൾ വരെ ഒരു പ്രാവശ്യം അടയിരിക്കുമ്പോൾ ഉണ്ടാവാറുണ്ട്.
ക്രീം നിറത്തിൽ സ്വല്പം പച്ച കലർന്ന മുട്ടകൾ. മുട്ടയിടുന്ന സമയത്തും അടയിരിക്കുന്ന സമയത്തും ആൺ-പെൺ പക്ഷികൾ വളരെ അക്രമോത്സുകരാണ്. കൂടിന്റെ അടുത്തോ പെൺപക്ഷിയുടെ അടുത്തോ ആരും അടുക്കാൻ സമ്മതിക്കാറില്ല. ഒരു മാസത്തോളം എടുത്തു മുട്ടകൾ വിരിയുന്നു. കുഞ്ഞുങ്ങൾ 50 -60 ദിവസം എത്തുന്നതോടെ വളർച്ച പൂർത്തിയാവുന്നു. കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ തന്നെ നടക്കാനും നീന്താനും ഒക്കെ കഴിവുള്ളവരാണ്. കൊടും തണുപ്പിൽ ജീവിക്കുന്ന മല്ലർഡുകളും സമശീതോഷ്ണ മേഖലയിൽ ജീവിക്കുന്ന മല്ലാർഡുകളും വലിപ്പത്തിൽ കുറച്ചു വ്യത്യാസമൊക്കെ കാണിക്കാറുണ്ട്. ആഫ്രിക്കൻ യൂറേഷ്യൻ കരാർ പ്രകാരം സംരക്ഷിക്കപ്പെടുന്ന ദേശാടനപ്പക്ഷികളുടെ കൂട്ടത്തിലാണ് ഇവയും. നിലവിൽ വംശനാശ ഭീഷണികൾ ഇല്ലെങ്കിലും ജലത്തിൽ ജീവിക്കുന്ന വലിയ പക്ഷികളും മീനുകളുമൊക്കെ പാമ്പുകളുമൊക്കെ ഇവയെ അക്രമിക്കാറുണ്ട്.