സംസ്ഥാനത്തെ സൈനികക്ഷേമ പ്രവർത്തനങ്ങളുമായി ഇഴുകിച്ചേർന്നു കിടക്കുന്ന വ്യക്തിത്വമാണ് റിട്ടയേർഡ് കേണൽ എം. കെ. ശ്രീഹർഷൻ. ഇരുപത്തെട്ടു വർഷത്തെസുദീർഘവും സ്തുത്യർഹവുമായ സൈനിക സേവനത്തിനുശേഷം കേണൽ പദവിയിൽ വിരമിച്ച അദ്ദേഹം ഉടനെതന്നെ സംസ്ഥാനത്തെ വിമുക്ത ഭടന്മാർക്കും അവരുടെ ആശ്രിതർക്കും സേവനത്തിലിരിക്കുന്ന സൈനികരുടെ ആശ്രിതർക്കും ക്ഷേമപുനരധിവാസ പ്രവർത്തനങ്ങൾ നടത്തുന്ന വകുപ്പായ രാജ്യ സൈനിക ബോർഡിന്റെ അമരക്കാരൻ എന്ന നിലയിൽ അതിന്റെ സെക്രട്ടറിയായി 1984 ജൂലായ് മുതൽ നിയമിതനായത്. അങ്ങനെ സംസ്ഥാനത്തെ ആദ്യത്തെ സൈനിക ക്ഷേമ ഡയറക്ടർ എന്ന സ്ഥാനം അലങ്കരിച്ചത് കേണൽ ശ്രീഹർഷനാണ്. ഈ ചെറിയ വകുപ്പിനെ പുറംലോകം അറിഞ്ഞു തുടങ്ങിയത് ശ്രീഹർഷന്റെ വരവോടു കൂടിയാണ്.
മുഖ്യമന്ത്രിയുടെ പൊതു ഭരണവകുപ്പിനു കീഴിൽ ആവശ്യത്തിനു ജീവനക്കാരില്ലാതെ തീരെ ശുഷ്കമായി പ്രവർത്തിച്ചിരുന്ന സൈനിക ക്ഷേമവകുപ്പിന്റെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തിയതും ഇന്ത്യയിലെ സൈനിക ക്ഷേമ ബോർഡുകളുടെ പ്രവർത്തനം ക്രിയാത്മകമായി പുനഃസംഘടിപ്പിക്കുവാനുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതി കേരളത്തിൽ നടപ്പിലാക്കിയതും 1983-ൽ കേണൽ ശ്രീഹർഷന്റെ ശ്രമം കൊണ്ടായിരുന്നു. സൈനികക്ഷേമവകുപ്പിന്റെ ഡയറക്ടറേറ്റിൽ ഡയറക്ടറെ സഹായിക്കാൻ ഗസറ്റഡ് കേഡറിൽ അസി. ഡയറക്ടർ തസ്തിക സൃഷ്ടിച്ചതും ജില്ലാ സൈനികക്ഷേമ ആഫീസർമാരെ സഹായിക്കാൻ അസി. ജില്ലാ സൈനിക ക്ഷേമ ആഫീസർ തസ്തിക സൃഷ്ടിച്ചതും അദ്ദേഹത്തിന്റെ ഭരണനേട്ടമാണ്. കൂടാതെ വിമുക്ത ഭടന്മാരും ആശ്രിതരും വിവിധ ആവശ്യങ്ങൾക്കുവേണ്ടി നൽകുന്ന പരാതികളിൽ അന്വേഷണം നടത്തി കാലവിളംബം കൂടാതെ റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിനുവേണ്ടി സൈന്യത്തിൽ നിന്നും പിരിഞ്ഞു വരുന്ന ജൂനിയർ കമ്മിഷൻഡ് ആഫീസർന്മാർക്കായി ജില്ലകൾ തോറും വെൽഫെയർ ആഫീസർ തസ്തിക സൃഷ്ടിക്കപ്പെട്ടതിനു പിന്നിലും അദ്ദേഹത്തിന്റെ അക്ഷീണപ്രയത്നമുണ്ടായിരുന്നു.
1965-ലെ ഇന്തോപാക് യുദ്ധത്തിൽ സജീവമായി പങ്കെടുത്ത സേനാനിയായിരുന്നു ശ്രീഹർഷൻ. മേജർ റാങ്കിലായിരുന്ന അദ്ദേഹത്തിന്റെ മൂത്തമകന് അന്നു പ്രായം വെറും മൂന്നുമാസമായിരുന്നു. ഭാര്യയേയും കുഞ്ഞിനേയും സൈനിക ക്വാർട്ടേഴ്സിലാക്കി അദ്ദേഹം യുദ്ധമുന്നണിയിലെത്തി. അമൃത്സർ, ജലന്ധർ മേഖലകളിൽ മാറിമാറിയായിരുന്നു അദ്ദേഹത്തിന്റെ യുദ്ധസേവനം. മിലിട്ടറി ഇന്റലിജൻസ് വിഭാഗത്തിലായിരുന്നു, അദ്ദേഹത്തിന്റെ സേവനം. ഇന്റലിജൻസ് വിഭാഗക്കാർ പ്രായേണ യുദ്ധമുന്നണിയിൽ തന്നെ സേവനമനുഷ്ഠിക്കേണ്ടതായുണ്ട്. പഞ്ചാബിലെ ബിയാസ് നദിയിലെ പാലം നശിപ്പിക്കാനുള്ള പാക് സൈനികരുടെ നീക്കത്തെ ചെറുത്തു തോൽപ്പിക്കാനായിരുന്നു നമ്മുടെ സൈനികരുടെ ശ്രമം. അതിൽ അവർ വിജയിക്കുകയും ചെയ്തു.
അമൃത്സറിൽ ട്രഞ്ചിൽ ഒളിച്ചിരുന്നു യുദ്ധം നയിക്കവെ തന്റെ ഇരുവശങ്ങളിലായി ട്രഞ്ചുകളിൽ കഴിഞ്ഞിരുന്ന ആഫീസർമാർ ശത്രുസൈന്യത്തിന്റെ ഷെൽവർഷത്തിൽപ്പെട്ടു കൊല്ലപ്പെട്ടതായി ഇദ്ദേഹം പറഞ്ഞിട്ടുണ്ട്. 1971-ൽ നടന്ന ഇന്തോ പാകിസ്ഥാൻ ഘോരയുദ്ധത്തിൽ രാജ്പട്ട് ഡിപ്പോ കമാൻഡറുടെ ചുമതല വഹിച്ച ഇദ്ദേഹത്തിന്റെ സേവനം ഡൽഹി കന്റോൺമെന്റിലായിരുന്നു. ഇന്റലിജൻസ് വിഭാഗത്തിൽ ഫുൾ കേണൽ പദവിയിൽ പ്രമോഷൻ ലഭിച്ച ഇദ്ദേഹം 28 വർത്തെ സർവീസിനുശേഷം 1980-ൽ സൈനിക സേവനത്തിൽ നിന്നു വിരമിച്ചു. റിട്ടയർമെന്റിനു തൊട്ടു മുമ്പ് കുറേക്കാലം കേരളത്തിൽ എൻ.സി.സി.യുടെ ഡെപ്യൂട്ടി ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.ശരിക്കും സംസ്ഥാനത്തെ സൈനിക ക്ഷേമ വകുപ്പിന്റെ പുഷ്ക്കലകാലമായിരുന്നു കേണൽ ശ്രീഹർഷൻ സേവനമനുഷ്ഠിച്ചിരുന്ന 5 വർഷക്കാലയളവ്. വിമുക്ത ഭടന്മാർക്കും വിധവകൾക്കും ആശ്രിതർക്കും സൈനികരുടെ ആശ്രിതർക്കും ക്ഷേമ പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുന്ന മൂന്നു സമിതികളാണുള്ളത്. സംസ്ഥാന ഗവർണർ ചെയർമാനായുള്ള അമാൽഗമേറ്റഡ് ഫണ്ട് കമ്മിറ്റിയാണ് ആദ്യത്തേത്.
1945-ൽ രണ്ടാം ലോക മഹായുദ്ധത്തിനുശേഷം സൈന്യത്തിൽ നിന്നും പിരിച്ചയയ്ക്കപ്പെട്ടവരുടെ പുനരധിവാസ ക്ഷേമപ്രവർത്തനങ്ങൾക്കായി സ്പെഷ്യൽ ഫണ്ടണ്ട് ഫോർ റീ കൺസ്ട്രക്ഷൻ & റിഹാബിലിറ്റേഷൻ ഫോർ എക്സർവീസ്മെൻ എന്ന ഫണ്ടും ഡിഫൻസ് സർവീസസ് ഫണ്ടും എന്ന പേരുകളിൽ ബ്രട്ടീഷ് സർക്കാർ നിയന്ത്രിച്ചിരുന്ന രണ്ടു ഫണ്ടുകളും 1947-ൽ ഒന്നാക്കി അമാൽഗമേറ്റഡ് ഫണ്ട് എന്നു പുനർ നാമകരണം ചെയ്ത് അഞ്ചു കോടി രൂപ മൂലധനമായി കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കും അനുവദിച്ചു. കൂടാതെ വർഷം തോറും 30 ലക്ഷം രൂപ പ്രവർത്തനമൂലധനമായി കേന്ദ്രസർക്കാരും അതിനു തുല്യം തുക മാച്ചിംഗ് ഗ്രാന്റായി സംസ്ഥാന സർക്കാരും അനുവദിക്കുന്നുണ്ടണ്ട്. ഇപ്പോൾ 14 കോടിയിലധികം രൂപ അടിസ്ഥാന മൂലധനമായുള്ള നിക്ഷേപത്തിൽ നിന്നും വർഷാവർഷം പലിശയെടുത്താണ് ക്ഷേമ പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുന്നത്. ഈ സമിതിയുടെ ഒന്നും രണ്ടും മൂന്നും വൈസ് ചെയർമാൻ യഥാക്രമം ജനറൽ ആഫീസർ കമാൻഡിംഗ് ഇൻ ചീഫും, ഫ്ളാഗ് ഓഫീസർ കമാൻഡിംഗ് ഇൻചീഫും, എയർ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫുമാണ്. സൈനിക ക്ഷേമ വകുപ്പുഡയറക്ടർ മെമ്പർ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. കേണൽ എം.കെ. ശ്രീഹർഷൻ അമാഗമേറ്റഡ് ഫണ്ട് സമിതിയുടെ സെക്രട്ടറിയായി പ്രവർത്തിച്ച സമയത്താണ് ഈ ഫണ്ടിൽ നിന്നും പരമാവധി സഹായം ഗുണഭോക്താക്കൾക്ക് നൽകാൻ പുതിയ പദ്ധതികൾ ആവിഷ്ക്കരിച്ചതും നടപ്പാക്കിയതും. ഒരു പട്ടാളക്കാരൻ സേവനമദ്ധ്യേ കൊല്ലപ്പെടുകയോ അപകടങ്ങളിൽ ഗുരുതരമായി പരിക്കേറ്റ് തുടർ സേവനത്തിനു അനുയോജ്യമല്ലാത്തതിനാൽ പിരിച്ചയയ്ക്കപ്പെടുകയോ ചെയ്താൽ അവരുടെ ഒരാശ്രിതന് സംസ്ഥാന സർവീസിൽ നേരിട്ട് ജോലി നൽകുന്ന മഹത്തായ പദ്ധതിയുടെ ഉപജ്ഞാതാവാണ് കേണൽ ഹർഷൻ.
ഇപ്പോൾ തിരുവനന്തപുരം കുമാരപുരത്ത് പൊതുജനം റോഡിനുചേർന്ന് 'എഫ്. 10 ഹർഷം" എന്ന വസതിയിൽ ഭാര്യാസമേതനായി കഴിയുന്നു. മാവേലിക്കര മുട്ടം കടമ്പാട്ട് തറവാട്ടിൽ അഭിഭാഷകനായിരുന്ന കുഞ്ഞുപണിക്കരുടെയും ദേവകി അമ്മയുടെയും ആരുമക്കളിൽ മൂത്തയാളാണ് ശ്രീഹർഷൻ. ഇളയ സഹോദരൻ ഇന്ത്യൻ കരസേനയിൽ ബ്രിഗേഡിയർ പദവിയിൽ നിന്നും വിരമിച്ച എം. കെ. ശശിധരനാണ്. ഗംഗയാണ് ശ്രീഹർഷന്റെ സഹധർമ്മിണി. ഇവർക്ക് രണ്ട് ആൺമക്കളാണുള്ളത്. ബ്രിട്ടനിൽ ഓങ്കോളേജി കൺസൾട്ടിംഗ് സർജനായ ഡോ. രാജ്ഹർഷനും യു.എ.ഇ.യിലും ദാസൽ കൈമയിലും ഒരു പ്രശസ്ത ബാങ്കിലെ ഐ.ടി വിഭാഗം സീനിയർ ഉദ്യോഗസ്ഥനായ വിജയ് ഹർഷനും. മൂത്ത മരുമകൾ ബ്രിട്ടനിൽത്തന്നെ ഡോക്ടറും ഇളയ മരുമകൾ വീണ യു.എ.ഇ.യിൽ അദ്ധ്യാപക വൃത്തിയിലുമാണ്.