ഉള്ളുവനത്തിൽ കേറാൻ പറ്റത്തില്ല, റോട്ട് സൈഡിൽ വന്ന് താമസിക്കുമ്പോൾ നാട്ടുകാർ പീഷണിപ്പെടുത്തും... " ഇത് ആരുടേയും കണ്ണുനനയിക്കുന്ന ഭാസ്കരന്റെ പത്നി രാജിയുടെ വാക്കുകൾ...
കഴിഞ്ഞ കുറെ നാളുകളായി ഞങ്ങളെ കണ്ട് പരിചയം ഉണ്ടായതുകൊണ്ട് മാത്രമാണ് രാജി മനസ് തുറന്നത്. നാട്ടുകാരുമായോ വനപാലകരുമായോ ഇവർ സംസാരിക്കാറില്ല. പത്തനംതിട്ട ജില്ലയിൽ ശബരിമല റൂട്ടിൽ പമ്പക്ക് സമീപം കൊടും വനത്തിൽ താമസിക്കുന്ന ഭാസ്കരന്റെയും സഹോദരിമാരുടെയും കുടുംബം കഴിയുന്നത് ചെങ്കുത്തായ പ്രദേശത്ത് പ്ലാസ്റ്റിക് ഷീറ്റും കമ്പുകളും കൊണ്ട് നിർമ്മിച്ച ഒറ്റമറക്കുള്ളിൽ. ഇത്തരത്തിൽ നൂറിൽ പരം വീടുകളിൽ ഉള്ളവരാണ് മൂഴിയാർ, ളാഹ, ആങ്ങാമൂഴി, അട്ടത്തോട്, ചാലക്കയം തുടങ്ങിയ വനപ്രദേശങ്ങളിൽ ദുസ്സഹ ജീവിതം നയിക്കുന്നത്.
ആരുടേയും ശ്രദ്ധയോ സംരക്ഷണമോ സുരക്ഷിതത്വമോ ഇല്ലാതെ വർഷങ്ങളായി ഇവിടത്തെന്നെ കഴിഞ്ഞുകൂടുന്നു. വീട്ടിനുള്ളിലേക്ക് നോക്കിയപ്പോൾ കണ്ടത് അതിലും ദയനീയമായ കാഴ്ച, വനപാലകർ എത്തിച്ച പയറും പഞ്ചസാരയും ഉപ്പും ഉൾപ്പെടെയുള്ള ഭക്ഷ്യ കിറ്റുകൾ വെറും നിലത്ത് വാരിവലിച്ചിട്ടിരിക്കുന്നു. അതൊന്നു സൂക്ഷിച്ചു വെയ്ക്കാൻ പോലും സൗകര്യമില്ലാത്ത അവസ്ഥയാണ് പല വീടുകളിലും. 'വലിയ കാറ്റ് വരുമ്പോളും പെരുമഴയത്തും ഉരുൾ പൊട്ടലിൽ പെടുമ്പോഴും ഞങ്ങൾ കുട്ടികളെയും കൊണ്ട് വലിയ മരത്തിന്റെ മൂട്ടിൽ അഭയം തേടും" അട്ടത്തോടിലെ ശോഭയുടെ വാക്കുകൾ മനുഷ്യത്വമുള്ളവർക്ക് കേട്ടു നിൽക്കാൻ കഴിയില്ല.
സംരക്ഷകർ വേട്ടപ്പട്ടികൾ മാത്രം
ഓരോ കുടുംബങ്ങളുടെയും സംരക്ഷകരായിട്ടുള്ളത് മൂന്നും നാലും വേട്ടപ്പട്ടികളാണ്. കാട്ടാനയുടെയും മറ്റ് വന്യ ജീവികളുടെയും ആക്രമണത്തിൽ നിന്നും അവരെ രക്ഷിക്കുന്നത് ഈ പട്ടികളാണ്. മറ്റാരും ഇവരെ സംരക്ഷിക്കാൻ ഇല്ലെന്നുള്ളതാണ് വാസ്തവം. ആകെ അവർ കാണുന്നത് പൊതു തിരഞ്ഞെടുപ്പു കാലത്തെ രാഷ്ട്രീയക്കാരേയും ഭരണകർത്താക്കളെയുമാണ്. 'എന്റെ പതിനൊന്നാമത്തെ വയസുമുതൽ ഞാൻ കേൾക്കുകയാണ് വീടുതരാം എന്ന പല്ലവി. എല്ലാ വോട്ടു കാലത്തും അവർ വാഗ്ദാനങ്ങളുമായി വരും, വീടു തരാം, തുണി തരാം, കാശു തരാം, മരുന്ന് തരാം എന്നിങ്ങനെ പറഞ്ഞുകൊണ്ട് ...വോട്ടു കഴിഞ്ഞാൽ പിന്നെ അടുത്ത വോട്ടിനേ ഇവരെ കാണാറുള്ളൂ " ആരെങ്കിലും നിങ്ങളുടെ പ്രശ്നങ്ങൾ ചോദിച്ചറിയാൻ വരാറുണ്ടോ എന്ന് ചോദിച്ചപ്പോൾ രജനിയുടെ മറുപടി ഇങ്ങനെ. അധികാരികളുടെ ഭാഗത്തുനിന്ന് ആകെ വരുന്നത് ട്രൈബൽ സ്റ്റോറിൽ നിന്നും അരിയും സാധങ്ങളുമായി എത്തുന്ന വനപാലകർ മാത്രമാണ്. എന്നാൽ കഴിഞ്ഞ ഒരു വർഷക്കാലമായി പത്തനംതിട്ട കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 'സ്നേഹപ്പച്ച" എന്ന കൂട്ടായ്മ, അരിയും മറ്റ് പലവ്യഞ്ജനങ്ങളും ഭക്ഷണ സാധനങ്ങളുമായി എല്ലാ മാസവും ഇവരുടെ അടുക്കൽ എത്താറുണ്ട്.
ശുചിത്വവും ആരോഗ്യവും വളരെ ദയനീയം
ഞങ്ങൾ സന്ദർശിച്ച ഓരോ വീടുകളും ദുരിതകഥകളുടെ മാത്രം സാക്ഷിപത്രമാണ്. നിലക്കൽ പെട്രോൾ പമ്പിന് എതിർവശത്തെ താഴ്ചയിൽ താമസിക്കുന്ന ലേഖയുടെ ഒക്കത്തിരിക്കുന്ന പിഞ്ചു കുഞ്ഞിന്റെ ശരീരം മുഴുവൻ ചിരങ്ങും ചൊറിയുമായി വീർത്തിരിക്കുന്നത് കണ്ടപ്പോൾ ആശുപത്രിയിൽ പോയില്ലേ എന്ന ചോദ്യത്തിന് അമ്മൂമ്മയുടെ മറുപടി, 'അറുന്നൂറ് രൂപ കൊടുത്ത് ഓട്ടോ പിടിച്ചു വേണം സീതത്തോട് ആയുർവേദ ആശൂത്രിയിൽ പോകാൻ. കായില്ലാത്തോണ്ട് പോയില്ല". ഹെൽത്ത് ഡിപ്പാർട്മെന്റുമായി ഇവരുടെ രോഗവിവരങ്ങൾ പങ്കുവച്ചപ്പോൾ അവർക്കായി സ്ഥിരം ക്യാമ്പുകൾ നടത്തുന്നുണ്ടെന്ന് മറുപടിയും.
മറിച്ച് അങ്ങനെയൊരു ക്യാമ്പിനെകുറിച്ച് അറിയുക പോലുമില്ല എന്ന് ആദിവാസികളും. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദ പരാമർശം നടത്തിയ രജനി തനിക്ക് നേരിട്ട ഒരു വിഷയം ഞങ്ങളുമായി പങ്കു വച്ചു.'കഴിഞ്ഞ മൂന്ന് വർഷമായി കിഡ്നിയുടെയും മറ്റ് അനുബന്ധ രോഗങ്ങളുമായി ബന്ധപ്പെട്ട് ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. യാത്ര ചെയ്യാൻ തീരെ വയ്യാത്ത അവസ്ഥയിൽ ചികിത്സക്കായി കൂടുതൽ സമയവും പോയിരുന്നത് പ്രൈവറ്റ് വാഹനത്തിൽ ആയിരുന്നു. കൂടാതെ ചികിത്സയിനത്തിൽ ഇതുവരെ ഒരു ലക്ഷത്തിയിരുപത്തിമൂവായിരം രൂപയുടെ ബാധ്യതയുമുണ്ട്. ഒരു വർഷം മുന്നേ ഇവർ ട്രൈബൽ ഡിപ്പാർട്മെന്റ് ഓഫിസർക്ക് മുൻപാകെ ചികിത്സാ രേഖകളും മറ്റും ഹാജരാക്കിയിരുന്നു. എന്നാൽ ഈ വർഷത്തെ ഫണ്ട് എല്ലാം തീർന്നു, ഇനി അടുത്ത വർഷമാകട്ടെ എന്നായിരുന്നു അവരുടെ മറുപടി". രജനിക്ക് ആകെ ലഭിച്ചത് പതിനാലായിരം രൂപയാണ്.
ആധികാരിക രേഖകൾ
ഭൂരിഭാഗം പേർക്കും സ്വന്തമായി വസ്തുവോ വീടോ ഇല്ല. എന്നാൽ റേഷൻകാർഡുകൾ ഓരോ വീട്ടിലുമുണ്ട്. വീട് അഡ്രസ്സോ വീട്ടുനമ്പറോ ആരോഗ്യ കാർഡുകളോ ഒന്നും ഇവർക്ക് ലഭിച്ചിട്ടില്ല. ട്രൈബൽ ഓഫീസിൽ നിന്നും വിതരണം ചെയ്ത ഈ രേഖയാണ് അവരുടെ കൈയിൽ ആകെയുള്ളത്. ഇത് ഉപയോഗിച്ച് ഭക്ഷ്യ ധാന്യങ്ങൾ വാങ്ങി ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗവും. ഓരോ വോട്ടെടുപ്പ് വരുമ്പോഴും വീടും വസ്തുവും ഉൾപ്പെടെയുള്ള മോഹന വാഗ്ദാനങ്ങൾ എല്ലാ രാഷ്ട്രീയ കക്ഷികളും നല്കാറുണ്ടെന്ന് ഗൗരിയുടെ വാക്കുകൾ, എന്നാൽ നാളിതുവരെയും അവയൊക്കെ വാഗ്ദാനങ്ങളായി തന്നെ നിലനിൽക്കുന്നു.
'സ്ഥിരമായിട്ടുള്ള വരുമാന മാർഗങ്ങളൊന്നും അവർക്കില്ല. നാട്ടുകാർ പുറം പണിക്കൊന്നും അവരെ വിളിക്കാറില്ല. അവരൊട്ട് പോകാറുമില്ല. " വേട്ട നായ്ക്കളുടെ സഹായത്തോടെ ഉൾ വനങ്ങളിൽ പോയി തേനും, കുന്തിരിക്കവും ഇഞ്ചയും മറ്റ് സുഗന്ധ ദ്രവ്യങ്ങളും ഔഷധ ചെടികളും കൊണ്ടുവന്നു പുറത്ത് വിൽക്കും. എന്നാൽ കൂടുതൽ പേരും ഞങ്ങൾക്ക് യഥാർത്ഥ വില തരാറില്ല. പിണങ്ങി പിണങ്ങി വില കുറപ്പിക്കും. " ഗോമതിയുടെ വാക്കുകൾ.
വിദ്യാഭ്യാസം വെറും അഭ്യാസം മാത്രം
നാലും അഞ്ചും വയസ്സ് തോന്നിക്കുന്ന കുറെ കുഞ്ഞുങ്ങൾ നല്ല ഒരു വസ്ത്രം പോലുമില്ലാതെ ഓരോ വീട്ടിലും കഴിയുന്നു. വെള്ളം കണ്ടിട്ട് തന്നെ ദിവസങ്ങളായി. അവർക്കായി നീട്ടിയ ബിസ്കറ്റ് കവറുകളും മിഠായികളും കണ്ടപ്പോൾ അവരുടെ മുഖത്ത് കണ്ട സന്തോഷം ഒരിക്കലും മറക്കാൻ കഴിയില്ല. ഓരോ കുട്ടിയോടും എത്രാം ക്ളാസിലാ പഠിക്കുന്നതെന്നു ചോദിച്ചാൽ എല്ലാവർക്കും ഒരേ മറുപടി 'മൂന്നാം ക്ലാസിൽ ". അഞ്ചാം ക്ലാസിൽ പഠിക്കുന്ന അരവിന്ദിന് കൊടുത്ത മിഠായികൾ എത്രയുണ്ടെന്ന് ചോദിച്ചപ്പോൾ എണ്ണാൻ കഴിയാത്ത സ്ഥിതി. ഇവരെല്ലാം പഠിക്കാൻ പോകുന്നത് അട്ടത്തോട് ട്രൈബൽ സ്കൂളിലാണ്. എന്നാൽ ഒരാൾക്കുപോലും അക്ഷരങ്ങളോ അക്കങ്ങളോ പറയാൻ അറിയില്ല. 'സ്കൂൾ തുറക്കുമ്പോൾ ആകെ കിട്ടുന്നത് മൂന്ന് പുസ്തകങ്ങൾ മാത്രം. പിന്നെ വർഷം ഇരുനൂറ്റമ്പത് രൂപ സ്റ്റൈപ്പെൻഡ് ആണെന്നും പറഞ്ഞ് തരും."വീട്ടമ്മയായ റാണിയുടെ വാക്കുകൾ.
ആചാരങ്ങളും ചടങ്ങുകളും
മിക്ക വീടുകളിലും കണ്ട മറ്റൊരു കാഴ്ചയാണ് കൈക്കുഞ്ഞുങ്ങളുമായി നിൽക്കുന്ന പന്ത്രണ്ടോ പതിമൂന്നോ മാത്രം പ്രായം വരുന്ന അമ്മമാർ. വിവാഹം എന്ന ചടങ്ങൊന്നും അവിടെയില്ല. അതിനെക്കുറിച്ചു ചോദിച്ചപ്പോൾ ഭാസ്കരൻ നൽകിയ മറുപടി,'അങ്ങനെ പ്രത്യേകിച്ച് ചടങ്ങൊന്നുമില്ല, കൈപിടിച്ച് അടുത്ത ഷെഡിലേക്ക് കൊണ്ടുപോകുന്നു അത്രതന്നെ". കുടുംബ ജീവിതത്തിൽ അങ്ങനെ സ്ഥിരമായി ഒരാളില്ല. പ്രായം തികയാത്ത അമ്മമാരും അച്ഛനില്ലാത്ത കുട്ടികളും ഇവിടെ സർവസാധാരണമാണ്. ഒരാൾ മരണപ്പെട്ടാൽ എന്തുചെയ്യും എന്ന് ചോദിച്ചപ്പോൾ ഇവിടെ എവിടെയെങ്കിലും കുഴിച്ചിടും എന്നു മറുപടി. വനപാലകരുടെ ഭാഗത്തുനിന്നും ആരെങ്കിലും വന്നെങ്കിലായി ഇല്ലെങ്കിലായി. ഇതുപോലെ ഈ വനത്തിൽ എത്ര കുടുംബങ്ങൾ ഉണ്ടെന്നുള്ള വ്യക്തമായ കണക്കുകൾ പോലും അധികൃതർക്കും വ്യക്തമായി പറയാൻ കഴിയില്ല.
(ലേഖകന്റെ ഫോൺ: 9496241070)