ആദ്യന്തം അതിഗഹനമാണ് ശ്രീശങ്കരന്റെ വൈദികാദ്വൈതവും ശ്രീനാരായണന്റെ മതാതീതാദ്വൈതവും എന്ന ഗ്രന്ഥത്തിന്റെ ഉള്ളടക്കം. അതിപ്രാചീനവും എന്നാൽ അത്യന്താധുനികവുമായ 'പ്രത്യഭിജ്ഞായോഗവേദാന്തം" ഉൾപ്പെടെ അദ്വൈതചിന്താസാഗത്തിന്റെ ആഴവും ആകാശവും ഒരുപോലെ തെളിഞ്ഞുനിൽക്കുന്ന ഈ ഗ്രന്ഥം മൗലികതയുടെ കാര്യത്തിൽ ഇതിനു മുമ്പ് പ്രസിദ്ധീകൃതങ്ങളായ ശ്രീശങ്കര - ശ്രീനാരായണ പഠനങ്ങളുടെ ഇടയിൽ പല നിലകളിലും പ്രൗഢിയോടെ മുന്നിട്ടുനിൽക്കുന്നതാണെന്ന് പറയുവാൻ എനിക്കതിയായ സന്തോഷമുണ്ട്.
ശ്രീശങ്കര - ശ്രീനാരായണ ദർശനങ്ങളെ ആഴത്തിൽ പഠിക്കുവാനാഗ്രഹിക്കുന്നവർക്കു മുമ്പിൽ ഈ ഗ്രന്ഥം പുതിയ അറിവിന്റെ വെളിച്ചം പകരുന്ന ഒരു ദീപസ്തംഭമായി ശോഭിക്കും എന്ന കാര്യത്തിൽ സംശയമില്ല. ആയതുകൊണ്ടുതന്നെ ഏതൊരു ശ്രീശങ്കര - ശ്രീനാരായണീയ ഭവനത്തിലെയും വരും തലമുറയെ അറിയാനും അറിയിക്കാനുമുള്ള ഒരു ദാർശനികഗ്രന്ഥമായും മാറുന്നു കരുണാകരന്റെ ഈ വിശിഷ്ടമായ കൃതി.
ശ്രീനാരായണ പ്രത്യഭിജ്ഞാ ശൈവാദ്വൈതത്തിന്റെ അനാദിദ്രാവിഡതയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ആഴത്തിലേക്കാണ്ടിറങ്ങി, ശ്രീനാരായണാദ്ധ്യാത്മിക പ്രതിഭയിൽ പ്രതിഫലിച്ചിരിക്കുന്ന അത്യന്താധുനികതയുടെ പ്രഭാപൂരം ഭാരതത്തിന്റെ തനത് സന്തതികളായ ദ്രാവിഡരുടെ ആദ്ധ്യാത്മിക പ്രഭാപൂരമാണെന്ന് വിളിച്ചറിയിക്കുന്നു ഈ ഗ്രന്ഥം.
പരശുരാമൻ വടക്കൻ കാശിയിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന അറുപത്തിനാല് അഗ്രഹാരനമ്പൂതിരീ ബ്രാഹ്മണരിൽ കാലടി അഗ്രഹാരത്തിന്റെ പിൽക്കാല സന്തതിയായാണ് എ.ഡി. 788 - 820ലെ ശ്രീശങ്കരൻ ബ്രഹ്മസൂത്രഭാഷ്യത്തിലൂടെയും ദശോപനിഷത്തിലെ ഐതരേയവും മാണ്ഡ്യക്യവുമൊഴികെയുള്ള എട്ട് ഉപനിഷത്തുകളുടെ ഭാഷ്യങ്ങളിലൂടെയും വൈദികമതാധിഷ്ഠിത ചാതുർവർണ്യത്തിലുറച്ച അദ്വൈതവേദാന്തം നടപ്പിൽ വരുത്തി, ചേരമാൻ പെരുമാക്കന്മാരുടെ വംശപരമ്പരയിലെ 19 -20 നൂറ്റാണ്ടിലെ ശ്രീനാരായണ ഗുരുദേവനെപ്പോലെയുള്ള ബൗദ്ധ ദ്രാവിഡരെയും മറ്റ് പുലയ, പറയാദി ദ്രാവിഡരെയും ചാതുർവർണ്യത്തിന്റെ തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ അരുതായ്മകളുടെ ശൃംഖല കൊണ്ട് ബന്ധിച്ച് ഇക്കഴിഞ്ഞ ആയിരത്തിലധികം വർഷങ്ങളോളം പീഡിപ്പിച്ചുകൊണ്ടേയിരിക്കുകയാണെന്ന ചരിത്രസത്യം നന്നേ ചെറുപ്പത്തിലേ കണ്ടെത്താനുള്ള ക്രാന്തശക്തി ശ്രീനാരായണഗുരുദേവന് സുലഭമായുണ്ടായിരുന്നു എന്ന വസ്തുത കരുണാകരൻ ഈ ഗ്രന്ഥത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ദ്രാവിഡരുടെ അറുപത്തിനാല് തന്ത്രങ്ങളേയും സ്വയം അനുഷ്ഠാനമാക്കിയ ശ്രീരാമകൃഷ്ണമഹാബ്രാഹ്മണനിലൂടെ സ്വാമി വിവേകാനന്ദനെ 'നിയോവേദാന്തിസത്തിലേക്ക്" നയിച്ചതും അഭിനവ ഗുപ്താചാര്യരിലൂടെ വളർന്നെത്തിയ ഈ 'പ്രത്യഭിജ്ഞായോഗവേദാന്ത"മാണെങ്കിൽ, അത്തരം പ്രത്യഭിജ്ഞായോഗവേദാന്തവുമായി ശ്രീനാരായണഗുരുദേവന്റെ 'അദ്വൈതയോഗവേദാന്തത്തെ" ആദ്യമായി ബന്ധിപ്പിച്ച് അതിന്റെ സമഗ്രത കണ്ടെത്തിയതും കരുണാകരൻ മാത്രമാണ് എന്ന വസ്തുത പ്രത്യേകം പ്രസ്താവ്യമാണ്. എന്തുകൊണ്ടും മലയാള ഭാഷാ വൈജ്ഞാനികശാഖയ്ക്ക് ലഭിച്ചിരിക്കുന്ന വിലപ്പെട്ട സംഭാവനയാണ് ഡോ. ബി. കരുണാകരന്റെ ചിന്തോദ്ദീപകവും ആശയസാന്ദ്രവുമായ 'ശ്രീശങ്കരന്റെ വൈദികവേദാന്തവും ശ്രീനാരായണന്റെ മതാതീതാദ്വൈതവും" എന്ന ഈ പ്രൗഢഗ്രന്ഥം. മാത്രമല്ല; ലോകഭാഷയായ ഇംഗ്ളീഷിലെന ഒരു ഡോക്ട്രൽ തീസിസായും നിലനിൽക്കുന്നതിനാൽ ലോകമെമ്പാടും ശ്രീശങ്കര - ശ്രീനാരായണ ദർശനങ്ങൾ പ്രചരിപ്പിക്കപ്പെടാനുള്ള ഒരുപാധിയായും ഭവിച്ചിരിക്കുന്നു ഈ മഹദ്ഗ്രന്ഥം.