പരമേശ്വരന് മകളെക്കുറിച്ച് അതിയായ അഭിമാനം തോന്നി. അവളുടെ അച്ഛനാകാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യം തന്നെ. ഇന്നത്തെ കാലത്ത് ഇത്തരത്തിൽ പ്രതികരിക്കുന്ന കുട്ടികൾ കുറവ്. കല്യാണം കഴിഞ്ഞാൽ മിക്ക ആൺകുട്ടികളും മൈതാനം പോലെ കിടന്ന സ്നേഹബന്ധത്തിൽ സ്വന്തം കടുംബത്തിനു മാത്രമായി പ്രത്യേകം മതിൽ കെട്ടും. അതിനുള്ളിൽ അവരുടെ കുടുംബം മാത്രം. ഒരുകാലത്ത് അച്ഛനും അമ്മയും സഹോദരങ്ങളുമായി കഴിഞ്ഞ തുറന്ന സ്നേഹത്തിന്റെ മൈതാനം ഒരോർമ്മയിലൊതുങ്ങും.
പരമേശ്വരൻ ഇടത്തരം കർഷകൻ. കൃഷി നഷ്ടമായതോടെ കൃഷിയൊന്നും ചെയ്യാറില്ല. കൂലിപ്പണിക്കു പോകും. കൃഷിയെക്കാൾ എത്രയോ ആദായകരമാണത്. ഭാര്യ തൊഴിലുറപ്പിനും പോകും. അതിൽ നിന്നു കിട്ടുന്നത് ലോണടയ്ക്കാൻ ഉപയോഗിക്കും. മകളുടെ വിവാഹം നന്നായി നടത്തിയതിന്റെ കടമുണ്ട്. സഹകരണ ബാങ്കിലും ചില സ്വകാര്യ വ്യക്തികൾക്കും. ഏക മകളാണ്. വലിയ പഠിപ്പില്ലെങ്കിലും ഭർത്താവിനെയും ഏക മകനെയും രക്ഷിതാക്കളെയും വലിയ സ്നേഹമാണ്. ഭർത്താവിന്റെ രക്ഷിതാക്കളോടും അതുപോലെ തന്നെ. തന്റെ രക്ഷിതാക്കളെന്നോ ഭർത്താവിന്റെ രക്ഷിതാക്കളെന്നോ ഉള്ള വ്യത്യാസമില്ല.
സ്വന്തം രക്ഷിതാക്കൾ അങ്ങനെയൊരു വിലപ്പെട്ട പാഠം പഠിപ്പിച്ചുവിട്ടതു കൊണ്ടാണ് ഭർതൃവീട്ടിലും താൻ മാനിക്കപ്പെടുന്നതെന്ന് മകൾ പറഞ്ഞുകേൾക്കുമ്പോൾ പരമേശ്വരനും ഭാര്യയ്ക്കും പ്രത്യേക സന്തോഷമാണ്. ഭർതൃവീട്ടുകാരോട് യുദ്ധം ചെയ്തു ജീവിതത്തിൽ തോറ്റുപോകുന്നവരുടെ അനുഭവങ്ങൾ പരമേശ്വരൻ വീട്ടിൽ ചർച്ച ചെയ്യാറുണ്ട്. ജീവിതപങ്കാളിയുടെയും തന്റെയും രക്ഷിതാക്കളെയും സ്നേഹിക്കുന്നവർക്ക് മാത്രമേ ജീവിതം സമാധാനമുള്ളതാകൂ. അല്ലാത്തവർക്ക് എന്നും കണ്ണീരായിരിക്കും. സ്വന്തം മക്കൾ വലുതാകുമ്പോൾ മുഖത്തുനോക്കി ചോദിച്ചെന്നുവരും നിങ്ങൾക്കല്പം കൂടി ക്ഷമയുണ്ടായിരുന്നെങ്കിൽ ബന്ധുബലം ഇങ്ങനെ ചുരുങ്ങുമായിരുന്നോ?
പ്രമേഹം കലശലായപ്പോഴാണ് പരമേശ്വരൻ തന്റെ കാലശേഷമുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചത്. ഉള്ള സ്വത്ത് അല്പം ബാക്കിവച്ചിട്ട് ബാക്കി മകളുടെ പേരിലെഴുതിവയ്ക്കാം. ഭാര്യയ്ക്കും അതിനോട് യോജിപ്പായിരുന്നു. വിവാഹിതരായ മക്കൾക്ക് രക്ഷിതാക്കൾ മിക്കവാറും കറവപ്പശുക്കളായിരിക്കും. കറവ വറ്റുമ്പോഴും എല്ലും തോലുമാകുമ്പോഴായിരിക്കും വിറ്റുതുലയ്ക്കുന്ന കാര്യം ആലോചിക്കുന്നത്. അകിടിൽ പാൽ അവശേഷിക്കുന്ന കാലത്തോളം പശുക്കൾ പട്ടിണി കിടക്കേണ്ടിവരില്ല. അതാണല്ലോ ലോകത്തു നടക്കുന്നത്.
സ്വത്ത് മകളുടെയും ഭർത്താവിന്റെയും പേരിൽ എഴുതിവയ്ക്കുന്ന കാര്യം പറഞ്ഞപ്പോൾത്തന്നെ മകൾ എതിർത്തു. വേണ്ട. ഒരിക്കലും അങ്ങനെ ചെയ്യരുത്. അച്ഛൻ അങ്ങനെ എഴുതിവച്ചാൽ ഒരു ശൂന്യതാബോധം തോന്നും. കീശ ഒഴിഞ്ഞപോലെ തോന്നും. ആ ചിന്ത ശരീരത്തിന്റെയും മനസിന്റെയും ബലം ഇല്ലാതാക്കും. നട്ടെല്ലു പോലെ പ്രധാനമാണ് സ്വന്തമായി എന്തെങ്കിലുമൊക്കെ ഉണ്ടെന്ന തോന്നൽ. മകളുടെ മറുപടി കേട്ടപ്പോൾ പരമേശ്വരൻ കരഞ്ഞുപോയി. ആനന്ദം കരകവിഞ്ഞ കണ്ണീർ.
ഫോൺ : 9946108220