നായകനായും ഹാസ്യനടനായും അജുവർഗീസ് മലയാള സിനിമയിൽ തന്റെ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞതാണ്. ഇപ്പോഴിതാ താരം പുതിയൊരു റോളിൽ കൂടിയെത്തുകയാണ്, ഇനി നിർമ്മാതാവ് എന്ന ലേബലും കൂടി അജുവിന്റെ പേരിനൊപ്പാം ചേർക്കേണ്ടി വരും. അഭിനയവും നിർമ്മാണവുമൊക്കെയായി ആളാകെ തിരക്കിലാണ്, അജുവിന്റെ കൂടുതൽ വിശേഷങ്ങൾ..
'ലവ് ആക്ഷൻ ഡ്രാമ എന്നാണ് ഞാൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ പേര്. മെരിലാൻഡ് സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനായ വിശാഖ് സുബ്രഹ്മണ്യവും ഞാനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എം.സ്റ്റാർ എന്ന ഒരു ബ്രാൻഡും സഹകരിക്കുന്നുണ്ട്. നിവിനും നയൻതാരയുമാണ് നായികാ നായകന്മാർ. ചിത്രത്തിന്റെ പേരുപോലെ തന്നെ പ്രണയവും ആക്ഷനും ഇടകലർന്ന ഒരു ചിത്രമായിരിക്കുമിത്. സമ്പന്ന കുടുംബത്തിലെ അംഗമായ ദിനേശനും പാലക്കാടൻ ബ്രാഹ്മണ പെൺകുട്ടിയായ ശോഭയും തമ്മിലുള്ള പ്രണയം സൃഷ്ടിക്കുന്ന മുഹൂർത്തങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ദിനേശന്റെ ചെറിയ ആക്ഷനും സ്ത്രീകളിൽ സ്വാഭാവികമായി കാണപ്പെടുന്ന ഡ്രാമയും കൂടി ചേർന്നതാണ് ലവ് ആക്ഷൻ ഡ്രാമ. ഡോ.സാഗർ എന്ന കഥാപാത്രമാണ് എന്റേത്. ഒരു കംപ്ലീറ്റ് എന്റർടെയ്നറായിരിക്കും. "
ഞാനല്പം ഡിപ്ലോമാറ്റിക്കാണ്
സിനിമയിൽ വരുന്നതിനു മുൻപേ ഞാൻ ഡിപ്ലോമാറ്റിക്കാണ്. ഞാൻ ജോലി ചെയ്തിരുന്നത് എച്ച്.ആർ മേഖലയിലാണ്. അതുകൊണ്ട് തന്നെ ഡിപ്ലോമാറ്റിക് ആവുകയെന്നത് ജോലിയുടെ ഭാഗമായിരുന്നു.കഴിഞ്ഞ രണ്ടു വർഷമായിട്ട് ഡിപ്ലോമസി അല്പം കുറഞ്ഞു തുടങ്ങിയിട്ടുണ്ടെന്ന് പറയാം. ചിലപ്പോൾ സിനിമാ നിർമ്മാണത്തിൽ ഇറങ്ങിയതു കൊണ്ടായിരിക്കാം. ഡിപ്ലോമാറ്റിക് ആയവർക്കു മാത്രമേ സിനിമയിൽ നിലനിൽപ്പുള്ളൂ എന്നൊന്നും പറയാൻ പറ്റില്ല. സിനിമയിൽ ഭാഗ്യമുള്ളവർക്കേ നിലനില്പുള്ളൂ എന്നാണ് എന്റെ അനുഭവം. ന്യായമായ കാര്യങ്ങൾ തുറന്നു പറയുന്നത് കൊണ്ട് എനിക്ക് ഇതുവരെയും സിനിമയിൽ പ്രശ്നങ്ങൾ ഒന്നും നേരിടേണ്ടി വന്നിട്ടില്ല. കാര്യങ്ങൾ തുറന്നുപറയുന്ന ഒരുപാട് സുഹൃത്തുകൾ എനിക്ക് സിനിമയിലുണ്ട്. നിവിനും വിനീതുമൊക്കെ നോ പറയേണ്ട സാഹചര്യങ്ങളിൽ നോ പറയുന്ന വ്യക്തികളാണ്.
കഥയും കഥാപാത്രവും
എല്ലാ വേഷങ്ങളും എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. സു സു സുധീവാത്മീകത്തിലെ ഗ്രേഗൺ ഒരുപാട് പേർക്ക് ഇഷ്ടപ്പെട്ട കഥാപാത്രമാണ്. പ്രിയൻ സാറിന്റെ ഒപ്പത്തിൽ ചെറിയ വേഷമായിരുന്നെങ്കിലും ഒരുപാട് പേർ നല്ല അഭിപ്രായം പറഞ്ഞു. പ്രിയൻ സാറിനോട് ഞാൻ ചോദിച്ചു വാങ്ങിയ വേഷമാണത്. വളരെ ഗൗരവമായ സിനിമകളൊന്നും എന്നെതേടി വന്നിട്ടില്ല. മലർവാടി ആർട്സ്ക്ലബ്, തട്ടത്തിൻ മറയത്ത്, ലവകുശ എന്നീ മൂന്നു സിനിമകളുടെ തിരക്കഥകൾ മാത്രമേ ഞാൻ പൂർണമായും കേട്ടിട്ടുള്ളൂ. എന്നെത്തേടിവരുന്ന കഥയിൽ എന്റെ കഥാപാത്രത്തിന്റെ ഗ്രാഫ് എന്താണെന്ന് മാത്രമേ നോക്കാറുള്ളൂ. തിരക്കഥ നല്ലവണ്ണം വായിച്ചതിനുശേഷം ഞാൻ ചെയ്ത ചില സിനിമകൾ ആവറേജ് ആയിപ്പോയി. അതുകൊണ്ട് ഞാൻ വീണ്ടും പഴയപോലെ തന്നെയാണ് സിനിമകൾ സെലക്ട് ചെയ്യുന്നത്. അഭിനയത്തിൽ മാത്രം ശ്രദ്ധിക്കും.
മറ്റുള്ളവർ സ്വാധീനിക്കാറുണ്ട്
അഭിനയത്തിൽ എന്റേതായ ഒരു ശൈലി ഉണ്ടെന്നു പറയാൻ കഴിയില്ല. മലയാളത്തിലെ പല നടന്മാരുടെ അഭിനയം എന്നെ സ്വാധീനിച്ചിട്ടുണ്ട്. മനഃപൂർവമല്ലെങ്കിലും ചിലപ്പോൾ ചില അനുകരണങ്ങൾ വന്നിട്ടുണ്ട്. ഞാനൊരു ബോൺ ആക്ടർ അല്ലാത്തതുകൊണ്ടാണത്. അടൂർഭാസി, ഇന്നസെന്റ്, ജഗതി ശ്രീകുമാർ, സുരാജ് വെഞ്ഞാറമൂട് എന്നിവരൊക്കെ എന്നെ അഭിനയത്തിൽ സ്വാധീനിച്ചവരാണ്. സിനിമ കാണുന്ന സമയത്ത് തിയേറ്ററിൽ ജനം ചിരിക്കുക എന്നത് മാത്രമാണ് എന്റെ ഉദ്ദേശ്യം. അതിനാൽ അറിഞ്ഞുകൊണ്ട് തന്നെ ചില അനുകരണങ്ങൾ ഞാൻ നടത്താറുണ്ട്. പിന്നെ സീനിയേഴ്സിന്റെ കൂടെ ഒരുപാട് സിനിമകളിൽ അഭിനയിക്കാനുള്ള ഭാഗ്യം കിട്ടി. അഭിനയത്തിൽ എനിക്കുള്ള എല്ലാ സംശയങ്ങളും ഞാൻ അവരോടൊക്കെ ചോദിക്കാറുണ്ട്.
മാറുന്ന സിനിമാമാർക്കറ്റ്
പുലിമുരുകന് ശേഷം മലയാളസിനിമയുടെ മാർക്കറ്റ് കൂടിയിട്ടുണ്ടെന്നത് വസ്തുതയാണ്. സാറ്റലൈറ്റും ഹിന്ദി, തെലുങ്ക്, തമിഴ് റീമേക്ക് റൈറ്റുകളുമൊക്കെ വലിയ മാർജിനിൽ വിറ്റുപോകുന്ന നിലയിൽ മലയാള സിനിമ മാറിയിട്ടുണ്ട്. സിനിമയും കൂടി നന്നായാലേ മുതൽമുടക്ക് കൂടിയത് കൊണ്ട് കാര്യമുള്ളൂ. സിനിമ ഡിമാൻഡ് ചെയ്യുന്ന ബഡ്ജറ്റ് വേണമെന്നാണ് എന്റെ അഭിപ്രായം. എന്നാൽ വളരെ കുറഞ്ഞ മുതൽമുടക്കിൽ നമ്മളെയെല്ലാം വിസ്മയിപ്പിച്ച ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ.
'അമ്മ"യ്ക്കെതിരെ അനാവശ്യവിമർശനങ്ങൾ
മാദ്ധ്യമങ്ങളാണ് അമ്മയെ മോശമായി സമൂഹത്തിൽ ചിത്രീകരിക്കുന്നത്. പത്തു ശതമാനം മാത്രം വിമർശിക്കേണ്ട ഒരു കാര്യത്തെ നൂറു ശതമാനമാക്കി പെരുപ്പിച്ചു കാണിക്കുന്നത് മാദ്ധ്യമങ്ങളാണ്. 140 ഓളം സീനിയർ നടന്മാർക്ക് മാസം 5000 രൂപ കൈനീട്ടമായി മുടങ്ങാതെ കൊടുക്കുന്നുണ്ട്. ഓരോ വർഷവും ഇതിന്റെ എണ്ണം കൂടുന്നുമുണ്ട്. സർക്കാരിൽ നിന്നോ ജനങ്ങളിൽ നിന്നോ ഒരു രൂപപോലും നമുക്ക് സഹായം കിട്ടുന്നില്ല. അമ്മയുടെ നാലാമത്തെ ജനറൽ ബോഡിയിലാണ് ഞാൻ ഇപ്പോൾ പങ്കെടുത്തത്. ഈ നാല് ജനറൽ ബോഡിയും വളരെ നല്ല തമാശയും കൊച്ചുവാർത്തമാനങ്ങളും ഒക്കെയുള്ള രസകരമായ അനുഭവങ്ങൾ ആയിരുന്നു. ഒരു ഫാമിലി ഗെറ്റ് ടുഗദർ പോലുള്ള അനുഭവം. എന്നാൽ ഗൗരവമായ പല പ്രശ്നങ്ങളും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പരിഗണനയിൽ വരാറുമുണ്ട്. അതിനൊക്കെ കൃത്യമായി പരിഹാരം കണ്ടെത്തിയിട്ടുമുണ്ട്. അവസരങ്ങൾ കിട്ടുന്നില്ലെങ്കിൽ സംഘടനയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല. അതെല്ലാം സംവിധായകരുടെയും തിരക്കഥാകൃത്തിന്റെയും നിർമ്മാതാവിന്റെയും തീരുമാനങ്ങളാണ്.
കൂടെയുണ്ട് കുടുംബം
ഷൂട്ടിംഗിന്റെ ഇടവേളയിൽ കിട്ടുന്ന സമയത്തൊക്കെ ഞാൻ വീട്ടിലെത്താറുണ്ട്. എനിക്ക് നാല് മക്കളാണ്. രണ്ടും ഇരട്ടകളാണ്. ഇവാനും ജുവനെയും ആണ് മൂത്തത്. ഇളയവർ ലൂക്കും ജേക്കും. മക്കളെല്ലാവരും സുഖമായിരിക്കുന്നു. ഇവാനും ജുവാനും നാലും ലൂക്കിനും ജേക്കിനും രണ്ടും വയസായി.