praghya-singh-thakur

ഭോപ്പാൽ: ബാബരി മസ്ജിദ് തകർതത്തിൽ തനിക്ക് കുറ്റബോധമില്ലെന്നും അതിൽ അഭിമാനിക്കുകയാണെന്നുമുള്ള വിവാദ പരാമർശവുമായി ബി.ജെ.പി സ്ഥാനാർത്ഥി പ്രജ്ഞ സിംഗ ഠാക്കൂർ രംഗത്തെത്തി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രജ്ഞയുടെ വിവാദ പരാമർശം. ജാമ്യത്തിലിറങ്ങിയ മലേഗാവ് സ്ഫോടന കേസിലെ പ്രതിയായ പ്രജ്ഞ സിംഗ് കഴിഞ്ഞ ആഴ്ചയാണ് ബി.ജെ.പിയിൽ ചേർന്നത്, ഇതിന് പിന്നാലെ ഇവരെ ഭോപ്പാലിലെ ലോക്‌സഭാ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.

''ബാബരി മസ്ജിദ് തകർത്തതിന്റെ പേരിൽ ഞങ്ങൾ എന്തിന് പശ്ചാത്തപിക്കണം? അതിൽ അഭിമാനിക്കുകയാണ് വേണ്ടത്. രാമക്ഷേത്രത്തിന്റെ ചില അവശിഷ്ടങ്ങൾ ഞങ്ങൾ നീക്കം ചെയ്തു. അതിൽ രാജ്യത്തിന്റെ ആത്മാഭിമാനമാണ് ഉയർന്നത്, ഞങ്ങൾ അവിടെ ഒരു രാമക്ഷേത്രം പണിയുക തന്നെ ചെയ്യും'' - പ്രജ്ഞ സിംഗ് ഠാക്കൂർ പറഞ്ഞു. മസ്ജിദ് തകർത്ത പ്രദേശത്ത് രാമക്ഷേത്രം നിർമിക്കാത്തത് എന്തെന്നാൽ ബി.ജെ.പി ഇതൊരു രാഷ്ട്രീയ വിഷയമായി എടുത്തിട്ടില്ലെന്നായിരുന്നു പ്രജ്ഞയുടെ മറുപടി.

''ഇത്രയും കാലം കോൺഗ്രസ് രാജ്യം ഭരിച്ചിട്ട് എന്താണ് ചെയ്തത്? ഒരു ക്ഷേത്രം പോലും സുരക്ഷിതമല്ല. ബാബരി മസജിദ് തകർത്തതിലൂടെ ഹിന്ദുക്കൾ രാജ്യത്തിന്റെ ആത്മാഭിമാനം ഉയർത്തുകയാണ് ചെയ്തത്. ഇവിടെ അല്ലെങ്കിൽ പിന്നെവിടെയാണ് രാമക്ഷേത്രം നിർമിക്കുക?'' -പ്രജ്ഞ ചോദിച്ചു.

''ജനങ്ങൾ എനിക്കൊപ്പമാണ്, എന്റെ സ്ഥാനാർത്ഥിത്വം അവർക്ക് വലിയ പ്രചോദനമായിട്ടുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിലേക്ക് എന്റെ പേര് പ്രഖ്യാപിച്ചതോടെ അവരുടെ ആത്മവിശ്വാസം ഇരട്ടിച്ചിരിക്കുകയാണെന്ന് പ്രജ്ഞ വ്യക്തമാക്കി. മലേഗാവ് സ്ഫോടന കേസിൽ തന്നെ കള്ളകേസിൽ കുടുക്കിയതിന് ഐ.പി.എസ് ഉദ്യാഗസ്ഥനായ ഹേമന്ത് കർക്കറെയെ താൻ ശപിച്ചിരുന്നെന്നും അതിന്റെ ഫലമാണ് അദ്ദേഹത്തിന് കിട്ടിയതെന്നുമായിരുന്നു പ്രജ്ഞ പറഞ്ഞത്. അതേസമയം, ഹേമന്ത് കർക്കറെയെ കുറിച്ചുള്ള പ്രജ്ഞയുടെ പ്രതികരണത്തെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇവരോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്.