യുവതാരങ്ങളിൽ പലരും തന്റേതായ അഭിപ്രായം നേരിട്ടും അല്ലാതെയും വ്യക്തമാക്കുന്ന താരമാണ് അജു വർഗീസ്. തന്റെ അഭിപ്രായങ്ങളും മറ്റും സോഷ്യൽ മീഡിയിയിലൂടെ താരം മുൻപും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അജുവിന് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വരികയാണ്.
തൃശൂരിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സുരേഷ് ഗോപിക്ക് പിന്തുണയുമായി എത്തിയ നടൻ ബിജു മേനോന് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി എത്തിയതിനാണ് അജു വർഗ്ഗീസ് സൈബർ ആക്രമണം നേരിടേണ്ടി വന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു അജു തന്റെ പ്രതികരണം വ്യക്തമാക്കിയത്. എന്നാൽ പോസ്റ്രിനെതിരെ വൻ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
'ഒരു വ്യക്തി എന്ന നിലയിലും നടൻ എന്ന നിലയിലും ബഹുമാനവും സ്‌നേഹവും ആരാധനയും എന്ന് ഇപ്പോഴും !' ബിജു മേനോനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു അജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിന് പിന്നാലെ അജുവിന്റെ പോസ്റ്റിന് നേരെ കുറ്റപ്പെടുത്തലും അസഭ്യവർഷവുമായി നിരവധി പേർ രംഗത്തെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് തൃശ്ശൂരിൽ ലുലു കൺവെൻഷൻ സെന്ററിൽ സുരേഷ് ഗോപിയോടൊപ്പം ഒരു സായാഹ്നം എന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് ബിജു മേനോൻ സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് പൊതുവേദിയിൽ എത്തിയത്. സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാൽ തൃശൂരിന്റെ ഭാഗ്യമാണെന്നും അദ്ദേഹത്തെ പോലെയൊരു മനുഷ്യസ്നേഹിയെ താൻ വേറെ കണ്ടിട്ടില്ലെന്നുമായിരുന്നു ബിജു മേനോൻ പറഞ്ഞത്. ഇതോടെ താരത്തിന്റെ ഫേസ്ബുക്ക് പേജിന് നേരെ സൈബർ ആക്രമണം ഉണ്ടാവുകയായിരുന്നു.