കോഴിക്കോട്: കമ്മിഷണർ ഓഫിസിന് മുന്നിൽ വയോധികനെ കുത്തിക്കൊന്നു. ഇന്നലെ ഉച്ചക്ക് രണ്ടോടെയാണ് നഗര മദ്ധ്യത്തിൽ വയോധികനെ യുവാവ് കുത്തിക്കൊന്നത്. കൊല്ലപ്പെട്ട വയോധികനെ തിരിച്ചറിഞ്ഞില്ല. പ്രതി വളയം സ്വദേശി കെ.കെ നിവാസിൽ പ്രബിൻ ദാസിനെ (33) കസബ പൊലീസ് അറസ്റ്റ് ചെയ്തു.
മാനാഞ്ചിറയിലെ സിറ്റി പൊലീസ് മേധാവി ഓഫീസിന് മുന്നിൽ വച്ച് യാതൊരു കാരണവുമില്ലാതെ പ്രബിൻ വയോധികനെ കത്തികൊണ്ട് കഴുത്തിനും കൈക്കും കുത്തുകയായിരുന്നു. വീണ്ടും കുത്താൻ ശ്രമിക്കുന്നതിനിടെ വയോധികൻ ചോരയൊലിച്ച നിലയിൽ സിറ്റി പൊലീസ് മേധാവി ഓഫീസ് വളപ്പിലേക്ക് ഓടിക്കയറി. പിന്നാലെ കത്തിയുമായി എത്തിയ പ്രബിനെ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ പിടികൂടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വയോധികനെ പൊലീസ് ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുത്താൻ ഉപയോഗിച്ച കത്തി പെലീസിന് ലഭിച്ചു. 'എനിക്ക് ജയിലിൽ പോകണം അതിന് ഇവറ്റകളെയൊക്കെ കൊല്ലണം' എന്ന് ആക്രോശിച്ച് കൊണ്ടായിരുന്നു പ്രബിൻ വയോധികനെ കുത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പ്രതിക്ക് മാനസിക രോഗമുള്ളതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വയോധികെൻറ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.