തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ തിരുവനന്തപുരത്തെ നേമം നിയോജക മണ്ഡലത്തിൽ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടന്നതായി ആരോപണം. ഏറ്റവും ഒടുവിലായി പ്രമുഖ വാസ്‌തുശിൽപിയും പദ്മശ്രീ ജേതാവുമായ ജി.ശങ്കറിന്റെ പേര് വോട്ടർ പട്ടികയിൽ ഇല്ലെന്ന വാർത്തയാണ് പുറത്തുവരുന്നത്. വോട്ടർ പട്ടികയിൽ തന്റെ പേരില്ലാത്തതിന്റെ കാരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശങ്കർ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ട്.
പൂജപ്പുര വാർഡിൽ ഉൾപ്പെടുന്ന ശങ്കർ, തദ്ദേശ സ്ഥാപനങ്ങളിലേതടക്കം മൂന്നരപതിറ്റാണ്ടിനിടെ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും തന്റെ സമ്മതിദാന അവകാശം വിനിയോഗിച്ചിട്ടുണ്ട്. എന്നാൽ ഇക്കുറി പോളിംഗ് ബൂത്തിൽ ഹാജരാക്കേണ്ട സ്ളിപ്പ് ലഭിച്ചില്ല. അന്വേഷിച്ചപ്പോഴാണ് വോട്ടർ പട്ടികയിൽ പേരില്ലെന്ന മറുപടി ലഭിക്കുന്നത്. വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യണമെങ്കിൽ വോട്ടറുടെ അനുവാദം വാങ്ങണമെന്ന വ്യവസ്ഥ നിലനിൽക്കെ തന്റെ പേര് പട്ടികയിൽ നിന്ന് അപ്രത്യക്ഷമായതെങ്ങനെയാണെന്ന് അറിയില്ലെന്ന് ജി.ശങ്കർ പറഞ്ഞു.
പട്ടികയിൽ തന്റെ പേര് ഒഴിവായതിനെ പറ്റി ബൂത്ത് ലെവൽ ഓഫീസർ തിരക്കിയില്ലെന്നും, കളക്‌ടറോട് പരാതിപ്പെട്ടെങ്കിലും സമയപരിധി അവസാനിച്ചതിനാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും ശങ്കർ വ്യക്തമാക്കി.