കൊച്ചി: ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാന സർവീസായ ജെറ്റ് എയർവേയ്‌സ് അടച്ചു പൂട്ടുകയാണ്. മൊത്തം ആഭ്യന്തര വിമാന യാത്രാ വിപണിയുടെ 18ശതമാനം മാർക്കറ്റ് ഷെയറുള്ള കമ്പനിയാണ് സാമ്പത്തിക പ്രയാസങ്ങൾ മൂലം അടച്ചു പൂട്ടുന്നത്. എന്നാൽ പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനം അവസാനിപ്പിച്ച ജെറ്റ് എയർവേയ്സിന് ആശ്വാസവുമായി മുകേഷ് അംബാനി. ജെറ്റ് എയർവേയ്സിനെ റിലയൻസ് ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ട്.
ജെറ്റ് എയർവേയ്സിനെ ഏറ്റെടുക്കാനായുള്ള ബിഡിൽ റിലയൻസ് ഗ്രൂപ്പ് പങ്കെടുത്തിരുന്നില്ല. എന്നാൽ അബുദാബി ആസ്ഥാനമാക്കിയുള്ള ഇത്തിഹാദ് എയർവെയ്സുമായി ചേർന്ന് ഓഹരി എടുക്കുമെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ ഇത്തിഹാദിന് ജെറ്റ് എയർവെയ്സിന്റെ 24ഷതമാനം ഓഹരിയുണ്ട്. വിദേശ കമ്പനികൾക്ക് ഇന്ത്യൻ വിമാന കമ്പനികളുടെ 49ശതമാനം ഓഹരികൾ സ്വന്തമാക്കാനേ സാധിക്കുകയുള്ളു. അതിനാൽ ഇത്തിഹാദിനൊപ്പം ചേർന്നാൽ റിലയൻസിന് ജെറ്രിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ സാധിക്കും. പുറമെ പൊതുമേഖല സ്ഥാപനമായ എയർ ഇന്ത്യയുടെയും രക്ഷകനായി റിലയൻസ് മാറുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
എയർ ഇന്ത്യയെ സ്വകാര്യവത്കരിക്കാനായി കേന്ദ്രസർക്കാർ ശ്രമം നടത്തിയിരുന്നെങ്കിലും അത് ഫലം കണ്ടിരുന്നില്ല. ഭീമമായ കടബാധ്യത കാരണമാണ് നിക്ഷേപകർ ഇതിൽ നിന്ന് പിന്മാറുന്നത്. എസ്.ബി.ഐ ഉൾപ്പെടെയുള്ള ബാങ്കുകളുടെ നേതൃത്വത്തിലാണ് ജെറ്ര് എയർവേയ്സിന്റെ ഓഹരികൾ വിൽക്കാൻ ശ്രമിക്കുന്നത്. ഇതിനായി നിക്ഷേപകരെ ക്ഷണിച്ചപ്പോൾ ഇത്തിഹാദ് എയർവേയ്സ് ഉൾപ്പെടെ നാല് വിമാന കമ്പനികൾ രംഗത്തെത്തിയിരുന്നു. ജെറ്റിന്റെ സ്ഥാപകൻ നരേഷ് ഗോയലും സ്ഥലത്തുണ്ടായിരുന്നെങ്കിലും നിരവധിപേരുടെ എതിർപ്പിനെ തുടർന്ന് അദ്ദേഹം പിൻവാങ്ങുകയും ചെയ്തു.
ജെറ്റ് എയർവേയ്സിൽ നിന്ന് 8500കോടി രൂപയാണ് ബാങ്കുകൾക്ക് ലഭിക്കാനുള്ളത്. ഇതിൽ നല്ലൊരു ശതമാനം തുക എഴുതിതള്ളിയാൽ മാത്രമേ റിലയൻസ് ജെറ്രിനെ ഏറ്രെടുക്കാൻ സാദ്ധ്യതയുള്ളു. എയർ ഇന്ത്യയുടെയും കാര്യത്തിൽ സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. 48,781കോടി രൂപയാണ് എയർ ഇന്ത്യയുടെ കടബാദ്ധ്യത.