pinarayi-vijayan

കണ്ണൂർ: ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത്ഷാക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വംശഹത്യയുടെയും വർഗ്ഗീയ കലാപങ്ങളുടേയും വക്താക്കളെ കേരളത്തിലെത്തിച്ച് റോഡ് ഷോ നടത്തുന്നത് നാം കണ്ടു. ഇത് എത്രമാത്രം ആപത്കരമായ നിലയിലേക്കാണ് നാടിനെ കൊണ്ട് പോകുന്നത് എന്ന് ചിന്തിക്കണമെന്ന് പിണറായി വിജയൻ പറഞ്ഞു. നാടിന്റെ ഉന്നത നിലവാരം ഉയർത്തിക്കൊണ്ടുള്ള ഒരു പ്രചരണ പരിപാടി തന്നെയാണോ സംസ്ഥാനത്ത് ഉണ്ടായതെന്നും മുഖ്യമന്ത്രി ചോദിച്ചു.

പരിശോധന നടത്തിയാൽ നാട് എന്നും ഉയർത്തുന്ന രാഷട്രീയ മൂല്യങ്ങൾ തകർക്കുന്ന രീതിയാണ് പ്രചരണ രംഗത്ത് ഉണ്ടായത്. നമ്മുടെ മതനിരപേക്ഷ മൂല്യങ്ങൾക്ക് പോറലേൽപിക്കാൻ തയ്യാറായാൽ അത് വലിയ തോതിലുള്ള ആപത്താണ് ഭാവിയിലുണ്ടാക്കുക എന്നത് നാം ഉൾക്കൊള്ളണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ വർഗീയ ധ്രുവീകരണത്തിനും മതവിദ്വേഷത്തിനുമുള്ള ശ്രമം നടന്നതാണ് നിർഭാഗ്യകരമായ അവസ്ഥ. സാധാരണ തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ഉണ്ടായത്. ഇതിൽ നമുക്ക് ആശ്ചര്യപ്പെടേണ്ടതില്ല. ദേശീയ തലത്തിൽ രാജ്യത്ത് ഉയർന്ന് വന്ന മതനിരപേക്ഷത, ജനാധിപത്യം തുടങ്ങി ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങളെ തകർകക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലും സംഭവിച്ചിരിക്കുന്നത്.

രാജ്യത്ത് പ്രത്യേക സംസ്കാരം ഉയർത്തിക്കൊണ്ട് വരാൻ ചില ശക്തികൾ ശ്രമിക്കുകയാണ്. കേരളത്തിലും ഇതേ ശ്രമം നടത്തുന്നത് നമ്മൾ ഗൗരവമായി കാണണം. അങ്ങേയറ്റം അപകടകരമായ അവസ്ഥ നേരിടുകയാണ് നമ്മൾ. ഇതിനെ പ്രോഹത്സാഹിപ്പിച്ചാൽ നമ്മൾ നമ്മുടെ ശവക്കുഴി തോണ്ടുന്നതിന് തുല്യമാണെന്നും,​ നാട്ടിൽ ഇവർക്ക് വിഹരിക്കാൻ സൗകര്യം ഒരുക്കിക്കൊടുത്താൽ നഷ്ടമാകുന്നത് നാടിന്റെ പാരമ്പര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പിക്ക് ഭൂരിപക്ഷം കിട്ടുകയും മോദി പ്രധാനമന്ത്രിയാകുകയും ചെയ്താൽ ഇത് രാജ്യത്തെ അവസാനത്തെ തിരഞ്ഞെടുപ്പാണെന്നും പറഞ്ഞ സാക്ഷിമഹാരാജിന്റെ പ്രസ്താവന ഭരണഘടനയെ തകർക്കുന്നതിനുള്ള ആർ.എസ്.എസ് അജൻഡയാണ്. മാദ്ധ്യമ പ്രവർത്തകർക്ക് നേരെ വലിയ ആക്രമങ്ങളാണ് നടന്നത്. ഭീഷണിപ്പെടുത്തി റിപ്പോർട്ട് ചെയ്യിക്കുന്ന അനുഭവങ്ങൾ വരെ ഇവിടെ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാന മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ്. ഇതിനിടയിൽ സ്വാധീനം ഉറപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. പല മണ്ഡലങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും പരസ്പരം സഹായിക്കുന്ന രീതി യു.ഡി.എഫിനും ബി.ജെ.പിക്കും ഇടയിലുണ്ട്. ചില നേതാക്കൾ തന്നെ ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുമുണ്ട്. സഹായം സ്വീകരിക്കുന്നതിൽ തെറ്റ് എന്തെന്ന് സ്ഥാനാർത്ഥികളിൽ ചിലർ പറഞ്ഞതും ഗൗരവമായെടുക്കണമെന്ന് പിണറായി വിജയൻ പറഞ്ഞു.