മാനന്തവാടി: കേരള-കർണാടക അതിർത്തിയിൽ മാവോയിസ്റ്റുകൾ എത്തിയതായി സൂചന ലഭിച്ചതിനെ തുടർന്ന് പൊലീസ് പരിശോധന ഉൗർജിതമാക്കി. കഴിഞ്ഞ ദിവസം കുടക്-കേരള അതിർത്തിയിൽ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് കർണാടക ആന്റി നക്‌സൽ സ്‌ക്വാഡ് പരിശോധന ആരംഭിച്ചത്. കേരള–കർണാടക അതിർത്തി പങ്കിടുന്ന വന മേഖലകളിലും, കുടക് അതിർത്തിയിലെ കാപ്പി തോട്ടങ്ങളിലും സ്‌ക്വാഡ് പരിശോധനൾ തുടരുകയാണ്.
തിരുനെല്ലി, പക്ഷിപാതാളം എന്നിവിടങ്ങൾ ഉൾപ്പെടുന്ന ബ്രഹ്മഗിരി മലനിരകളിലും സ്‌ക്വാഡ് പരിശോധന തുടരുന്നുണ്ട്. തോൽപെട്ടി, കുട്ടം അതിർത്തികളിൽ സേന ക്യാംപ് ചെയ്തിട്ടുണ്ട്. അടുത്തിടെ തിരുനെല്ലിയിൽ മാവോയിസ്റ്റ് സംഘം എത്തിയ സ്ഥലങ്ങളും പ്രത്യേക നീരിക്ഷണത്തിലാണ്. മടിക്കേരി എസ്.പി, ആന്റി നക്‌സൽ സ്‌ക്വാഡ് മേധാവി എന്നിവരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.