കാത്തിരിപ്പിന് ഇനി ഏറെനാളില്ല, ഹ്യൂണ്ടായിയുടെ വെന്യൂ അടുത്തമാസമെത്തും. എതിരാളികൾ ചില്ലറക്കാരല്ലെന്ന് വെന്യൂവിന് അറിയാം. എങ്കിലും, ഉശിരുകാട്ടി, വെല്ലുവിളിച്ച് തന്നെയാണ് ആ വരവ്. പുറംമോടിയിലും അകത്തളത്തിലും ഒട്ടേറെ പുതുമകൾ ഒരുക്കിയാണ് വെന്യൂ എത്തുന്നത്. പെർഫോമൻസിലും സ്‌റ്റൈലിലും വെന്യൂ ഏവരെയും വിസ്‌മയിപ്പിക്കുക തന്നെ ചെയ്യും. മേയ് 21നാണ് സബ് - 4 മീറ്റർ ശ്രേണിയിൽ ഹ്യൂണ്ടായ് ഒരുക്കിയ ഈ പുത്തൻ എസ്.യു.വിയുടെ വിപണി പ്രവേശനം. എട്ടുലക്ഷം രൂപ മുതൽ 12 ലക്ഷം രൂപവരെയാണ് പ്രതീക്ഷിക്കുന്ന എക്‌സ്‌ഷോറൂം വില. ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 25,000 - 50,000 രൂപ നൽകി ബുക്കിംഗ് നടത്താം.
2016ലെ ഓട്ടോ എക്‌സ്‌പോയിലാണ് കാർലിനോ കോൺസെപ്‌റ്രായി വെന്യൂവിനെ ഹ്യൂണ്ടായ് ആദ്യം പരിചയപ്പെടുത്തുന്നത്. മൂന്നുവർഷത്തിന് ശേഷം വിപണിയിലേക്ക് കടക്കുമ്പോൾ എതിർപക്ഷത്ത് നിരന്നുനിൽക്കുന്നത് മാരുതി സുസുക്കി വിറ്റാര ബ്രെസ, മഹീന്ദ്ര എക്‌സ്.യു.വി 300, ഫോഡ് എക്കോസ്‌പോർട്ട്, ടാറ്റ നെക്‌സോൺ എന്നീ ജനപ്രിയ മോഡലുകളാണ്. ഇവയെയെല്ലാം മറികടന്ന്, വിപണിയിൽ തരംഗമാകാൻ വെന്യൂവിന്റെ ആവനാഴിയിൽ ആയുധങ്ങൾ ധാരാളം. അതുതന്നെയാണ് ഹ്യൂണ്ടായിയുടെ കോൺഫിഡൻസും. എതിരാളികളേക്കാൾ ആകർഷകമായ വിലയിലായിരിക്കും വെന്യൂവിനെ ഹ്യൂണ്ടായ് വിപണിയിലെത്തിത്തുക. സാങ്കേതിക മികവിലും വെന്യൂ, എതിരാളികൾക്ക് ഒപ്പം തന്നെ.
ഹ്യൂണ്ടായിയുടെ തന്നെ മറ്രൊരു മോഡലായ സാന്റ ഫേയുമായി രൂപകല്‌പനയിൽ വിദൂരമല്ലാത്ത സാമ്യം വെന്യൂവിനുണ്ട്. ക്രോമിന്റെ സൗന്ദര്യം പൂർണമായി ചാലിച്ച, സിഗ്‌നേച്ചർ ഗ്രില്ലാണ് വെന്യൂവിന്റെ മുൻഭാഗത്തെ മുഖ്യ ആകർഷണം. പ്രൊജക്‌റ്റർ ഹെഡ്‌ലാമ്പിന്റെ വലുപ്പം കുറച്ചിരിക്കുന്നു. അതിനൊപ്പം, എൽ.ഇ.ഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും കാണാം. ഹെഡ്‌ലാമ്പിന് മുകളിലാണ് ഇൻഡിക്കേറ്ററുകളുടെ സ്ഥാനം. ബമ്പറിൽ പ്രൊജക്‌റ്റർ ഫോഗ്‌ലാമ്പും ഇടംപിടിച്ചിരിക്കുന്നു. 16-ഇഞ്ച് അലോയ് വീലുകൾ, വലിയ റൂഫ്‌റെയിൽ, അണ്ടർബോഡി ക്ലാഡിംഗ് എന്നിവയും വാഹനത്തിന് സ്‌പോർട്ടീ ലുക്ക് നൽകുന്നു. ലളിതമായ എൽ.ഇ.ഡി ടെയ്‌ൽലാമ്പും വലിയ 'വെന്യൂ" ബാഡ്‌ജുമാണ് പിൻഭാഗത്ത് ശ്രദ്ധ നേടുന്നത്.
വലിപ്പത്തിൽ എതിർ മോഡലുകളേക്കാൾ വലിയ വ്യത്യാസമൊന്നും വെന്യൂവിനില്ല. 3.9 മീറ്ററാണ് നീളം. ഉയരം ഒന്നര മീറ്റർ. 1.7 മീറ്റർ വീതിയും 2.5 മീറ്റർ വീൽബെയ്‌സും നൽകിയിരിക്കുന്നു. വിദേശത്തെ മോഡലുകളിൽ നിന്ന് വ്യത്യസ്‌തമായി ഓൾ-ബ്ളാക്ക് കാബിനാണ് വെന്യൂവിന്റെ ഇന്ത്യൻ പതിപ്പിനുള്ളത്. അതാകട്ടെ, പുതുമയും ഫ്രെഷ് ലുക്ക് നിറയുന്നതുമാണ്. അഞ്ച് മുതിർന്നവർക്ക് സുഖയാത്ര ചെയ്യാനാകുംവിധം വിശാലമാണ് അകത്തളം. റിമോട്ട് എൻജിൻ സ്‌റ്റാർട്ട്/സ്‌റ്രോപ്പ്, റിമോട്ട് ക്ളൈമറ്റ് കൺട്രോൾ, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ എട്ടിഞ്ച് ഫ്ളോട്ടിംഗ് ഇൻഫോടെയ്‌ൻമെന്റ് സംവിധാനം, മൾട്ടി ഫംഗ്‌ഷണൽ സ്‌റ്റിയറിംഗ് വീൽ, ഡ്യുവൽ എയർ ബാഗുകൾ, ഇ.ബി.ഡിയോട് കൂടിയ ആന്റിലോക്ക് ബ്രേക്കിംഗ് സിസ്‌റ്രം (എ.ബി.എസ്) റിവേഴ്‌സ് പാർക്കിംഗ് സെൻസർ തുടങ്ങിയ മികവുകളും വെന്യൂവിനുണ്ട്.
ബ്ളൂലിങ്ക് കണക്‌റ്രിവിറ്രി സംവിധാനമുള്ള ആദ്യ കാറെന്ന പ്രത്യേകതയും വെന്യൂവിനുണ്ട്. സ്‌പീഡ് അലർട്ട്, എസ്.ഒ.എസ്., ഡെസ്‌റ്രിനേഷൻ ഷെയറിംഗ്, പാനിംഗ് അലർട്ട് തുടങ്ങി 33ഓളം ഫീച്ചറുകളുള്ള സംവിധാനമാണിത്. ഇതിൽ പത്തോളം ഫീച്ചറുകൾ ഇന്ത്യൻ പതിപ്പിന്റെ മാത്രം പ്രത്യേകതയായിരിക്കും. വെന്യൂവിന് 1.0 ലിറ്റർ (7-സ്‌പീഡ് ഡ്യുവൽ ക്ളച്ച് ട്രാൻസ്‌മിഷൻ), 1.2 ലിറ്റർ പെട്രോൾ (5-സ്‌പീഡ് മാനുവൽ), 1.4 ലിറ്റർ ഡീസൽ എൻജിൻ (6-സ്‌പീഡ് മാനുവൽ) പതിപ്പുകളുണ്ടാകും.