suresh-gopi

തൃശൂർ: മണലൂർ മണ്ഡലം പര്യടനത്തിനിടെ ഗർഭിണിയായ യുവതിയെ വയറിൽ കൈവച്ച് അനുഗ്രഹിച്ചതിനെ ചൊല്ലിയുണ്ടായ കുപ്രചാരണങ്ങൾക്ക് മറുപടിയുമായി എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി രംഗത്ത്. ഒരുപാട് ഗർഭിണികളെ ഒരുമിച്ച് കാണുന്നത് ഭയങ്കര ഇഷ്ടമുള്ള കാഴ്ചയാണെന്നും മാതൃത്വത്തെ അത്രയും ബഹുമാനിക്കുന്ന വ്യക്തിയാണ് താനെന്നും സുരേഷ് ഗോപി പറഞ്ഞു.

'ഇക്കാരണം കൊണ്ടു തന്നെയാണ് എന്റെ വീട്ടിൽ 5 കുഞ്ഞുങ്ങളെ പ്രസവിച്ച ഒരു അമ്മ ഉണ്ടായത്. അമ്മയെന്ന സ്ത്രീയുടെ ആരോഗ്യം കരുതലാണ്. ജീവിതത്തിൽ ഒരു ദുരന്തം സംഭവിച്ചതുമാണ്. അതിന്റെ പേടിയുമുണ്ട്. ഈ പശ്ചാത്തലത്തിൽ എനിക്ക് ഗർഭിണികളെ ഭയങ്കര ഇഷ്ടമാണ്. വാരിപ്പുണർന്ന് ആ വയറ്റിൽ ഒരു ഉമ്മ കൊടുക്കണമെന്ന വികാരമാണ് ഉണ്ടായിരുന്നത്. പക്ഷേ സാമൂഹിക ജീവിതത്തിൽ അത് സാധ്യമല്ലല്ലോ'- സുരേഷ് ഗോപി പറഞ്ഞു.

അതേസമയം, സുരേഷ് ഗോപിയുടെ ഭാര്യ രാധികയും കുടുംബവും യുവതിയുടെ അന്തിക്കാടുള്ള വീട്ടിലെത്തി. പ്രചാരണ വേദികളിൽ നിന്നാണ് സുരേഷ് ഗോപിയുടെ ഭാര്യ രാധിക, മക്കളായ ഭാവന, ഭാഗ്യ , രാധികയുടെ അമ്മ ഇന്ദിര തുടങ്ങിയവർ ശ്രീലക്ഷ്മിയുടെ അന്തിക്കാട്ടെ വീട് സന്ദർശിച്ചത്. വീട്ടിലെത്തിയ രാധികയെയും കുടുംബത്തെയും ശ്രീലക്ഷ്മിയും ഭർത്താവ് വിവേകും ചേർന്ന് സ്വീകരിച്ചു. ശ്രീലക്ഷ്മിക്ക് രാധിക മധുരം നൽകുകയും ചെയ്തു. സോഷ്യൽ മീഡിയയിലെ കുപ്രചരണങ്ങൾ വസ്തുതയ്ക്ക് നിരക്കാത്തതാണെന്ന് രാധികയും ശ്രീലക്ഷ്മിയും പറഞ്ഞു.

വ്യാഴാഴ്ച മണലൂർ മണ്ഡലം പര്യടനത്തിനിടെ എറവ് ആറാം കല്ല് ദീപശിഖ റോഡിൽ വച്ചായിരുന്നു സംഭവം. സുരേഷ് ഗോപിയുടെ പര്യടനം ഉണ്ടെന്നറിഞ്ഞ് അന്തിക്കാട് ചിരുകണ്ടത്ത് വീട്ടിൽ വിവേകും, ഭാര്യ ശ്രീലക്ഷ്മിയും മകൻ അഹാനും കാത്തു നിന്നിരുന്നു. ഇതിനിടെ സുരേഷ് ഗോപിയുടെ വാഹനം കടന്നു പോയപ്പോൾ പിറകെ ഓടിയ അഞ്ച് മാസം ഗർഭിണിയായ ശ്രീലക്ഷ്മിയെ കണ്ട സുരേഷ് ഗോപി വാഹനം നിറുത്തി. തുടർന്ന് അടുത്തെത്തിയ ശ്രീലക്ഷ്മിയോട് ഇങ്ങനെ ഓടരുതെന്നും, നല്ലൊരു മകൾ ഉണ്ടാകട്ടെയെന്നും സുരേഷ് ഗോപി വയറിൽ കൈവച്ച് അനുഗ്രഹിച്ചു.