sri-lanka-blast

കൊളംബോ: ഈസ്‌റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരയിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും. കാസർകോഡ് മെഗ്രാൽപുത്തൂർ സ്വദേശി പി.എസ്.റസീന (58)യാണ് കൊല്ലപ്പെട്ടത്. ഭർത്താവുമായി ശ്രീലങ്കയിലെത്തിയ റസീന ഷംഗ്രീല ഹോട്ടലിലുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഹോട്ടലിൽ നിന്ന് ചെക്കൗട്ട് ചെയ്‌ത് പുറത്തേക്കിറങ്ങുമ്പോൾ ആയിരുന്നു ആക്രമണം. ദുബായിൽ താമസിക്കുന്ന ഇവർ കൊളംബോയിലുള്ള ബന്ധുക്കളെ കാണാനാണ് ഇവിടെയെത്തിയത്. ഇവരുടെ പിതാവിനും ബന്ധുക്കൾക്കും ശ്രീലങ്കയിൽ ബിസിനസുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ റസീന കൊല്ലപ്പെട്ടതായി അൽപസമയം മുമ്പാണ് അധികൃതർ ബന്ധുക്കളെ അറിയിച്ചത്.

അതേസമയം, ശ്രീലങ്കയിലെ ദേഹീവാല ഹോട്ടലിൽ വീണ്ടും സ്‌ഫോടനമുണ്ടായി. ഇവിടെ രണ്ട് പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. ഇതോടെ ഇന്ന് മാത്രം എട്ട് സ്ഥലങ്ങളിൽ സ്‌ഫോടനമുണ്ടായി. അതിനിടെ സ്‌ഫോടന പരമ്പരയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 185 ആയി ഉയർന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെന്നാണ് വിവരം. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് സാമൂഹ്യ മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. സ്ഥിതിഗതികൾ ശാന്തമാകുന്നത് വരെ ശ്രീലങ്കയിൽ കർഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്.

keralaite-killed-in-sri-l

ക്രിസ്ത്യൻ മതവിശ്വാസികൾ ഈസ്‌റ്റർ ആഘോഷിക്കുന്നതിനിടെ ഇന്ന് രാവിലെ 8.45നാണ് ശ്രീലങ്കയെ നടുക്കിയ സ്‌ഫോടന പരമ്പര അരങ്ങേറിയത്. കൊളംബോയിലെ സെന്റ് ആന്റണീസ് ചർച്ച്, നെഗേമ്പോയിലെ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, ബട്ടിക്കലോവയിലെ പള്ളി എന്നിവിടങ്ങളിലാണു സ്‌ഫോടനമുണ്ടായത്. മൂന്നു പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്‌ഫോടനമുണ്ടായി. കൊളംബോയിലെ റോമൻ കാത്തലിക് അതിരൂപതയുടെ കീഴിലുള്ള കൊച്ചിക്കാടെ സെന്റ് ആന്റണീസ് ചർച്ച് ശ്രീലങ്കയുടെ ദേശീയ പൈതൃക കേന്ദ്രമാണ്. സെന്റ് ആന്റണിയുടെ തിരുശേഷിപ്പ് ഇവിടെ സൂക്ഷിച്ചിട്ടുണ്ട്