തിരുവനന്തപുരം: ഈഗോയുടെയും അഭിപ്രായവ്യത്യാസങ്ങളുടെയും പേരിൽ സമൂഹത്തിൽ പരസ്‌പരം അകന്നു നിന്നവരെ ഐക്യപ്പെടുത്താൻ ഒരു ഹിരണ്യകശിപു കാരണം കഴിഞ്ഞെന്ന് മുൻ ഡി.ജി.പി ടി.പി സെൻകുമാർ. അതിന്റെ തുടർച്ചയായാണ് കാട്ടാക്കടയിലെ ഒരു അമ്പലത്തിൽ ഫ്യൂസ് ഊരിയതെന്നും സെൻകുമാർ പറഞ്ഞു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സെൻകുമാറിന്റെ പരാമർശം. എന്നാൽ സെൻകുമാർ ഹിരണ്യകശിപു എന്ന് പരാമർശിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെയാണെന്ന വിമർശം ഉയർന്നിട്ടുണ്ട്.
സെൻകുമാറിന്റെ വാക്കുകൾ-
'ഒരു ഹിരണ്യകശിപു കാരണമാണ് ഞാൻ നിങ്ങൾക്കു മുന്നിൽ നിൽക്കുന്നത്. പരസ്‌പരം ഈഗോയും, വ്യത്യസ്‌ത അഭിപ്രായങ്ങളുമായി നടന്നവരെ ഐക്യപ്പെടുത്താൻ ഈ ഹിരണ്യകശിപുവിന് കഴിഞ്ഞിട്ടുണ്ട്. അതിന്റെ തുടർച്ചയായാണ് കാട്ടാക്കടയിലെ ഒരു അമ്പലത്തിൽ ഫ്യൂസ് ഊരിയത്. കുറച്ചുനാൾ കൂടി ഇത്തരം പ്രവർത്തനങ്ങൾ തുടരുകയാണെങ്കിൽ ഒരു നൂറു ശതമാനം ഐക്യത്തിലേക്ക് സമൂഹത്തെ കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിക്കും. പിന്നീട് ഒരിക്കൽ ഒരു ചരിത്ര അവലോകനം നടത്തുമ്പോൾ ഈ സമൂഹത്തെ ഐക്യപ്പെടുത്തിയതിന്റെ വല്ല അവാർഡും കൊടുക്കുകയാണെങ്കിൽ അദ്ദേഹത്തിന് കൊടുക്കുകയും ചെയ്യാം'.