കൊളംബോ: ശ്രീലങ്കയിലെ പള്ളികൾ ലക്ഷ്യമിട്ട് ചാവേറാക്രമണം നടക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ ലഭിച്ചിട്ടും ശ്രീലങ്കയിൽ പൊലിഞ്ഞത് നിരവധി ജീവനുകൾ. വിദേശ ഇന്റലിജൻസ് ഏജൻസിയാണ് ശ്രീലങ്കയ്ക്കു റിപ്പോർട്ട് നൽകിയത്. എൻ.ടി.ജെ എന്നറിയപ്പെടുന്ന നാഷനൽ തൗഹീത്ത് ജമാഅത്തിന്റെ നേതൃത്വത്തിൽ ചാവേറാക്രമണം നടക്കുമെന്നായിരുന്നു ഏജൻസിയുടെ റിപ്പോർട്ട്.
രാജ്യത്തെ പ്രമുഖ പള്ളികളിലും കൊളംബോയിലെ ഇന്ത്യൻ ഹൈകമ്മിഷണറുടെ ഓഫിസും ആക്രമിക്കപ്പെടും എന്നായിരുന്നു ഏജൻസിയുടെ റിപ്പോർട്ട്. വാർത്താ ഏജൻസിയായ എ.എഫ്.പിയാണ് ഈ വാർത്ത പുറത്തുവിട്ടത്. ഏപ്രിൽ 11ന് ലങ്കയുടെ പൊലീസ് മേധാവി പുജത്ത് ജയസുന്ദര ഇതു സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് ഇന്റലിജൻസ് റിപ്പോർട്ട് കൈമാറുകയും, ദേശീയ തലത്തിൽ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
രാജ്യത്തെ ബുദ്ധമത ആരാധനാ കേന്ദ്രങ്ങളിലെ പ്രതിമകൾ വ്യാപകമായി നശിപ്പിച്ച് ശ്രദ്ധാ കേന്ദ്രമായ സംഘടനയാണ് എൻ.ടി.ജെ. കഴിഞ്ഞ വർഷം ഇവരുടെ നേതൃത്വത്തിൽ വ്യാപക ആക്രമണങ്ങൾ അരങ്ങേറിയിരുന്നു. എന്നാൽ ഇപ്പോൾ നടന്ന ബോംബ് ബോംബ് സ്ഫോടനത്തിന് പിന്നിൽ ആരാണെന്ന കാര്യം വ്യക്തമായിട്ടില്ല. നിലവിൽ ഒരു ഭീകരസംഘടനകളും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. മൂന്നു പള്ളികളിലും മൂന്നു പഞ്ചനക്ഷത്ര ഹോട്ടലുകളിലുമായി നടന്ന സ്ഫോടനങ്ങളിൽ 160ൽ അധികം പേരാണ് കൊല്ലപ്പെട്ടത്, നാനൂറിലേറെ പേർക്ക് പരിക്കേറ്റു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിട്ടുണ്ട്.